Advertisment

പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ മുങ്ങിമരിച്ച മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ കെ സജിമോന്

New Update

കോട്ടയം:  ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ മുങ്ങിമരിച്ച മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ കെ സജിമോന്. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ആര്‍ ഗോപീകൃഷ്ണന്‍, മരിയന്‍ ജോര്‍ജ്ജ്, തേക്കിന്‍കാട്‌ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Advertisment

publive-image

പാലായില്‍ പത്രപ്രവര്‍ത്തകനായിരിക്കെ മരിച്ച ആന്‍റോ നെല്ലിക്കുന്നേലിന്റെ സ്മരണാര്‍ത്ഥം എന്‍ എഫ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജൂണ്‍ 1 ശനിയാഴ്ച രാവിലെ 11 മണിക്ക് പാലാ ഇടമറ്റം സെന്റ്‌ മൈക്കിള്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ എസ് ശബരീനാഥന്‍ എം എല്‍ എ അവാര്‍ഡ് സമ്മാനിക്കും. ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം പി മുഖ്യാതിഥിയായിരിക്കും. സജിമോന്റെ ഭാര്യ സുനിത സജി അവാര്‍ഡ് ഏറ്റുവാങ്ങും.

2018 ജൂലൈ 23 ന് വൈക്കം കരിയാറിലെ മുണ്ടാര്‍ പ്രദേശത്ത് വെള്ളപ്പൊക്കത്തില്‍ 300 കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയ ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ശ്രമത്തിനിടെയാണ് വള്ളം മറിഞ്ഞ് ഇ കെ സജിമോനും മാതൃഭൂമി ഡ്രൈവര്‍ ബിപിനും മരിക്കുന്നത്. പിറ്റേദിവസമാണ് മൃതദേഹം കണ്ടെത്തിയത്.

മാതൃഭൂമി കടുത്തുരുത്തി റിപ്പോര്‍ട്ടറായിരുന്ന ഇ കെ സജിമോന്‍ ഒന്നര പതിറ്റാണ്ടുകാലം കടുത്തുരുത്തി, വൈക്കം മേഖലകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

Advertisment