Advertisment

കോട്ടയം ലോക്സഭാ സീറ്റിനായി കേരളാ കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം. സീറ്റിനായി കോണ്‍ഗ്രസിന്റെ സഹായം തേടി മുതിര്‍ന്ന മാണി വിഭാഗം നേതാവ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു ! യുവ നേതാക്കളും രംഗത്ത് !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് അനുവദിക്കാനിടയുള്ള കോട്ടയം മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ നേതാക്കളുടെ ചരടുവലികള്‍ ശക്തമായി. ജോസ് കെ മാണി ലോകസഭ വിട്ട് രാജ്യസഭയിലേക്ക് ചേക്കേറിയതോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പകരക്കാരനാകാന്‍ അര ഡസനിലേറെ നേതാക്കളാണ് കേരളാ കോണ്‍ഗ്രസില്‍ അരയും തലയും മുറുക്കി രംഗത്തുള്ളത്.

Advertisment

publive-image

അതില്‍ ഏറ്റവും പ്രമുഖനും പ്രധാന ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിയുമായ നേതാവ് കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് തനിക്ക് സീറ്റ് ലഭിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.

publive-image

കോട്ടയത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസുമായി കൂടി ആലോചിക്കണമെന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്തെ ധാരണയുടെ അടിസ്ഥാനത്തിലാണ് കേരളാ കോണ്‍ഗ്രസിലെ 'ലിക്വിഡേറ്റര്‍' എന്നറിയപ്പെടുന്ന നേതാവ് സീറ്റിനായി ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയത്. സമവായമാകുമ്പോള്‍ കെ എം മാണിയുമായി സംസാരിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉറപ്പും നേടിയാണ്‌ മുന്‍പ് ഡല്‍ഹിയിലും കേരളത്തിലും പാര്‍ലമെന്‍ററി പദവികളിലുണ്ടായിരുന്ന നേതാവ് മടങ്ങിയതത്രേ.

publive-image

അതിനിടെ, പാര്‍ട്ടിയിലെ മൂന്ന്‍ മുന്‍ എം എല്‍ എമാര്‍ സീറ്റിനായി സജീവമായി തന്നെ രംഗത്തുണ്ട്. മാണി വിഭാഗക്കാരായ ജോസഫ് എം പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്ജ്, തോമസ്‌ ചാഴിക്കാടന്‍ എന്നിവരാണ് നിലവിലെ സീറ്റ് മോഹികള്‍. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കേരളാ കോണ്‍ഗ്രസില്‍ ശക്തമായ വികാരമുണ്ട്.

മാത്രമല്ല, ഇതില്‍ സ്റ്റീഫന്‍ ജോര്‍ജ്ജും ജോസഫ് എം പുതുശ്ശേരിയും നിര്‍ണ്ണായക സമയത്ത് പാര്‍ട്ടിയെ ഉപേക്ഷിച്ചുപോയതാണെന്ന വിമര്‍ശനവും ശക്തമാണ്. സ്റ്റീഫന്‍ ജോര്‍ജാണെങ്കില്‍ ഏറെനാള്‍ മാണി വിരുദ്ധ കേരളാ കോണ്‍ഗ്രസുകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മടങ്ങിയെത്തിയത്.

publive-image

തോമസ്‌ ചാഴിക്കാടനെ സംബന്ധിച്ച് ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി 2 തവണയേറ്റ കനത്ത പരാജയം ലോക്സഭയിലേക്കുള്ള അവസരത്തിന് വിലങ്ങുതടിയാണ്. മാത്രമല്ല, കത്തോലിക്കാ സഭാ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പേര് ചാഴികാടന്റെ സഹോദരപുത്രനും യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയുമായ സിറിയക് ചാഴികാടന്റെതാണ്.

അങ്ങനെ വന്നാല്‍ കുടുംബത്തില്‍ നിന്നുതന്നെ ഉയരുന്ന രണ്ടാമത് പേരുകാരനെ എതിര്‍ക്കാന്‍ അദ്ദേഹവും തയറായേക്കില്ല.  എന്നാല്‍ മത്സര രംഗത്ത് പുതുമുഖങ്ങള്‍ വേണോ മുതിര്‍ന്ന നേതാക്കള്‍ വേണമോ എന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ ഇനിയും ധാരണ ആയിട്ടില്ല.

publive-image

യുവ നേതാക്കളെ പരിഗണിച്ചാല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കും. കഴിഞ്ഞ തവണ പൂഞ്ഞാര്‍ സീറ്റ് ഉറപ്പിച്ചിരുന്ന സജിമോനോട് പാര്‍ട്ടിക്ക് താല്പര്യമുണ്ട്. നിയമസഭയിലോ ലോക്സഭയിലോ അടുത്ത അവസരത്തില്‍ ഇദ്ദേഹത്തെ പരിഗണിക്കാമെന്നും ഉറപ്പാണ്.

യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രിന്‍സ് ലൂക്കോസിനും കോട്ടയത്ത് താല്പര്യമുണ്ട്. കേരളാ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള മുന്‍ റിട്ടയേഡ് ജസ്റ്റിസ്, എം ജി സര്‍വ്വകലാശാല മുന്‍ വി സി ബാബു സെബാസ്റ്റ്യന്‍ എന്നിവരും പരിഗണനയിലുള്ള പ്രമുഖരാണ്. എന്നാല്‍ ആര് ? എങ്ങനെ ? എന്നൊക്കെയുള്ള കാര്യത്തില്‍ കെ എം മാണിയോ ജോസ് കെ മാണിയോ ഇനിയും മനസ് തുറന്നിട്ടില്ല.

Advertisment