Advertisment

തോട്ടം - പുരയിടം പ്രശ്നത്തിൽ കർഷകർക്ക് നൽകുന്ന തിരുത്തൽ സർട്ടിഫിക്കറ്റ് ഏത് സമയത്തും അസാധുവാകുന്നതെന്ന് രേഖപ്പെടുത്തിയത് ! അസാധുവായാൽ കേസെടുക്കുമെന്ന് സർട്ടിഫിക്കറ്റിൽ തന്നെ മുന്നറിയിപ്പ് ! കർഷക രോഷം ശമിപ്പിക്കാൻ നടത്തുന്ന അദാലത്തുകൾ വെറും പ്രഹസനമാകുന്നതിങ്ങനെ

New Update

പാലാ:  മീനച്ചിൽ കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ കർഷകരെ വെട്ടിലാക്കിയ തോട്ടം - പുരയിടം പ്രശ്നത്തിന് പരിഹാരമെന്നോണം അദാലത്ത് നടത്തി വിതരണം ചെയ്യുന്ന തിരുത്തൽ ഉത്തരവ് ഏത് സമയത്തും ദദ്ദാകുന്നത്.

Advertisment

കർഷകരുടെ പ്രതിഷേധം ശമിപ്പിക്കുന്നതിനായി സർക്കാർ വിതരണം ചെയ്യുന്ന തിരുത്തൽ ഉത്തരവിൽ തന്നെ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മീനച്ചിൽ പഞ്ചായത്തിലെ അദാലത്തിന് ശേഷം കാഞ്ഞിരപ്പള്ളി താലൂക്കിലെ അദാലത്ത് ഇന്ന് പാറത്തോട് നടക്കുകയാണ്.

publive-image

ഈ അദാലത്തിൽ വിതരണം ചെയ്യുന്ന തിരുത്തൽ ഉത്തരവിലും രേഖകളിൽ പറയുന്ന വസ്തു മിച്ചഭൂമിയിൽ നിന്നും ഒഴിവു ലഭിച്ചിരിക്കുന്ന ഭൂമിയിൽപ്പെട്ടതാണെന്ന് ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തിയാൽ ഈ ഉത്തരവ് അസാധുവാകുന്നതും ഉടമസ്ഥന്റെ പേരിൽ നിയമനടപടി സ്വീകരിക്കുന്നതുമാണെന്ന് വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

കാലങ്ങളായി പുരയിടങ്ങളായി കർഷകർ കൈവശം വച്ച് അനുഭവിച്ചിരുന്ന ഭൂമി പഴയ റീസർവേയിൽ സംഭവിച്ച അപാകതകളുടെ ഫലമായാണ് റവന്യൂ രേഖകളിൽ തോട്ടം എന്ന് രേഖപ്പെടുത്തിയത്.

ആ തെറ്റ് അതെ മാർഗ്ഗത്തിൽ തന്നെ ബി ടി ആറിൽ തിരുത്തൽ വരുത്തി നൽകേണ്ടതിനു പകരം അപേക്ഷകർക്ക് ഒരു തിരുത്തൽ സർട്ടിഫിക്കറ്റ് മാത്രമാണ് കൊട്ടിഘോഷിച്ച് നടത്തുന്ന അദാലത്ത് വഴി വിതരണം ചെയ്യുന്നത്.

publive-image

ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തൽക്കാലം അതാത് ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ വായ്പകൾക്ക് ബാങ്കിൽ ഈട്‌ നൽകുമ്പോൾ ഹാജരാക്കുന്നതിനോ തടസമില്ല.

എന്നാൽ കരമടച്ച രസീത് കൈപ്പറ്റുമ്പോഴും ആ രേഖയിൽ പോലും തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതേപടി തുടരും. കരം അടച്ച രസീതിൽ തോട്ടം തിരുത്തി പുരയിടം എന്നാക്കി എഴുതി നൽകാൻ വില്ലേജ് ഓഫീസർക്ക് അധികാരം നൽകിയിട്ടുണ്ട്. അപ്പോഴും ബി ടി ആറിൽ ഇത്തരം ഭൂമികളുടെ നില പഴയ അവസ്ഥയിൽ തന്നെ തുടരുകയാണ്.

അപേക്ഷാ വസ്തു മിച്ചഭൂമിയിൽ നിന്ന് ഒഴിവു ലഭിച്ചിരുന്ന ഭൂമിയിൽപെട്ടതാണെന്ന് ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തിയാൽ ഇപ്പോൾ നൽകുന്ന തിരുത്തൽ ഉത്തരവ് അസാധുവാകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നുമുള്ള കൂട്ടിചേർക്കലാണ് കർഷകരെ ആശങ്കപെടുത്തുന്നത്.

1964 മുതലുള്ള മുൻ ആധാരങ്ങളും സത്യവാങ്മൂലവും കർഷകരിൽ നിന്നും അപേക്ഷയോടൊപ്പം വാങ്ങി പരിശോധിച്ച് ഭൂമിയിൽ നേരിട്ടെത്തി പരിശോധനയും നടത്തി (അതിനു കൈമടക്ക് 500 മുതൽ 5000 വരെ വാങ്ങുന്നുണ്ട്) എല്ലാം ശരിയാണെന്ന് ബോധ്യമാകുന്ന അപേക്ഷകർക്കാണ് തിരുത്തൽ ഉത്തരവ് നൽകുന്നതെന്നതാണ് ശ്രദ്ധേയം !

publive-image

അതിനുശേഷം ഇനിയും ഈ ഭൂമി വേറെ ഇനത്തിൽപ്പെട്ടതാണെന്ന് ആര് ? എങ്ങനെ ? കണ്ടെത്തും എന്നാണ് റവന്യൂ അധികൃതർ ഉദ്ദേശിക്കുന്നതെന്നാണ് കർഷകർക്ക് മനസിലാകാത്തത്.

അതായത് നിലവിലെ അദാലത്ത് കർഷക പ്രക്ഷോഭം ശമിപ്പിക്കാൻ മാത്രമുള്ളതാണെന്നും അതൊന്ന് ഒതുങ്ങിയാൽ പണി വേറെ വച്ചിട്ടുണ്ടെന്നുമുള്ള ധ്വാനിയാണ് തിരുത്തൽ ഉത്തരവിൽ തന്നെയുള്ളത്.

വില്ലേജ് ഓഫീസറും തഹസീൽദാറും നേരിട്ടെത്തിയും 1964 മുതലുള്ള രേഖകൾ പരിശോധിച്ചും പല റിപ്പോർട്ടുകൾ തയാറാക്കിയും നൽകുന്ന സർട്ടിഫിക്കറ്റിൽ അവർക്ക് തന്നെ വ്യക്തതയില്ലാതെ പോകുന്നതെന്തുംകൊണ്ടാണെന്നാണ് കർഷകരുടെ ചോദ്യം. അതിനാൽ തന്നെ അദാലത്ത് വെറും പ്രഹസനമാണെന്ന് വ്യക്തമാകുകയാണ്.

Advertisment