Advertisment

അന്ന് ജോയ് എബ്രാഹം വിജയിച്ചത് ജോസ് ടോം ഒഴിഞ്ഞുകൊടുത്ത സീറ്റില്‍. സീറ്റ് വിട്ടുകൊടുത്തിട്ട് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചതും ജോസ് ടോം തന്നെ. പിന്നെ ജോസ് ടോമിന് അവസരം ലഭിച്ചത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം. ആ വോട്ടെടുപ്പ് ദിവസം ജോയ് എബ്രഹാം പ്രതികരിച്ചത് കേരളാ കോണ്‍ഗ്രസ് സംസ്കാരത്തിന് വിപരീതമായി. കേരളാ കോണ്‍ഗ്രസുകള്‍ക്കിടയിലെ ആ ചരിത്രം ഇങ്ങനെ 

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കേരളത്തില്‍ ഏറ്റവും അധികം പിളരുകയും ലയിക്കുകയും ചെയ്ത പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. പക്ഷേ ഏത് പിളര്‍പ്പുകളിലും വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഒരു സൗഹാര്‍ദ്ദം നിലനിന്നിരുന്നു. ഒരു കുടുംബം എന്ന വികാരം പഴയ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അന്നും ഇന്നും ഒരേപോലെയുണ്ട്.

Advertisment

എതിര്‍ ഗ്രൂപ്പില്‍പ്പെട്ട ചില തുല്യ ബാച്ചുകാരായ നേതാക്കള്‍ക്ക് സീറ്റ് കിട്ടാനും ജയിപ്പിക്കാനുമൊക്കെ വേണ്ടി ഭിന്ന ഗ്രൂപ്പുകളില്‍ നില്‍ക്കുമ്പോഴും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പരസ്പര സഹകരണവും കൂട്ടായ്മയുമൊക്കെ വ്യക്തമായിരുന്നു. രണ്ടു മുന്നണികളിലാണെങ്കില്‍ പോലും അപ്പുറവും ഇപ്പുറവുമുള്ള നേതാക്കള്‍ സുഹൃത്ത് മത്സരിക്കുന്ന മണ്ഡലത്തില്‍ എത്തുകയും സാമ്പത്തിക സഹായം നല്കുകയുമൊക്കെ ചെയ്ത് പോന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ചരിത്രം.

publive-image

പക്ഷേ അതിലൊരു തിരുത്തല്‍ സംഭവിച്ചത് പാലാ ഉപതെരഞ്ഞെടുപ്പിലാണ്.  ഇത്തവണ സ്ഥാനാര്‍ഥി ജോസ് ടോമും മറുവശത്ത് ജോയ് എബ്രാഹവും. ഇരുവരും തമ്മില്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൊരു ബന്ധമുണ്ട്.

1991 ല്‍ പൂഞ്ഞാറില്‍ കെ എം മാണിസാറിന്റെ നോമിനി അഡ്വ. ജോസ് ടോമായിരുന്നു. അന്ന് ജില്ലാ കൌണ്‍സിലില്‍ തിളങ്ങുന്ന വിജയവുമായി നില്‍ക്കുകയാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ജോസ് ടോം. പാലായില്‍ കേരളാ കോണ്‍ഗ്രസില്‍ അന്നത്തെ ഏറ്റവും ശക്തനായ നേതാവ് ജോസ് ടോമായിരുന്നു.

എന്നാല്‍ ഇതിനിടെ മുന്‍ എംഎല്‍എ വി ജെ ജോസഫ് സീറ്റിനായി കെ എം മാണിയെ സമീപിച്ചു. ഒപ്പം അന്ന് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ജോയ് എബ്രഹവും സീറ്റിനായി രംഗത്തെത്തി.  അന്ന് ആര് നിന്നാലും ജയിക്കുന്നതായിരുന്നു പൂഞ്ഞാറിലെ സാഹചര്യം. ജോയ് എബ്രാഹം അന്ന് ജനകീയനായിരുന്നില്ല.

പക്ഷേ, അന്ന് കോട്ടയം രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ യുവ നേതാവ് ജോസ് ടോമിനെ തന്നെ മത്സരിപ്പിക്കാന്‍ മാണിസാര്‍ ഉറപ്പിക്കുന്നു. ഒപ്പം അന്ന് തിരുവല്ലയില്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന മാമ്മന്‍ മത്തായിയെയും മൂവാറ്റുപുഴയില്‍ നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന ജോണി നെല്ലൂരിനെയും സ്ഥാനാര്‍ഥികളാക്കാന്‍ മാണി സാര്‍ തീരുമാനിച്ചു.

publive-image

അതോടെ തന്നെ മാത്രം ഒഴിവാക്കുന്നത് ശരിയല്ലെന്ന വാദവുമായി ജോയ് എബ്രാഹം രംഗത്തെത്തി. തര്‍ക്കമായി. ഒടുവില്‍ മാണിസാര്‍ ജോയ് എബ്രാഹത്തെയും ജോസ് ടോമിനെയും ഇരുത്തി സംസാരിച്ചു. പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണ ജോസ് ടോമിനായിരുന്നു. ഒടുവില്‍ അങ്ങനെ തര്‍ക്കിച്ച സീറ്റ് പിടിക്കാന്‍ താനില്ലെന്ന് പറഞ്ഞ് ജോസ് ടോം പിന്മാറി.  അപ്പോഴും ജോസ് ടോമിന് താല്പര്യം പൂഞ്ഞാറില്‍ വി ജെ ജോസഫിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു. പക്ഷേ, നറുക്ക് വീണത് ജോയ് എബ്രാഹത്തിനു തന്നെ.

അങ്ങനെ ജോസ് ടോം ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് ജോയ് എബ്രാഹം വിജയിക്കുന്നത്. എന്നുമാത്രമല്ല, തനിക്ക് നിഷേധിക്കപ്പെട്ട പൂഞ്ഞാറില്‍ ജോയ് എബ്രാഹത്തിനുവേണ്ടി പ്രചരണം നയിക്കാന്‍ ഒരു മടിയും കാണിക്കാതെ ജോസ് ടോം രംഗത്തിറങ്ങി, വിജയവും നേടി.

പിന്നീട് 28 വര്‍ഷം കഴിഞ്ഞാണ് ജോസ് ടോമിന് ഒരവസരം കിട്ടുന്നത്.  പക്ഷേ, ആ വോട്ടെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ജോയ് എബ്രാഹം നടത്തിയ പ്രതികരണം വോട്ടെടുപ്പിനെ അപ്പാടെ തകിടംമറിക്കുന്നതും ജോസ് ടോമിനെ പ്രതിരോധത്തിലാക്കുന്നതുമായിരുന്നു. ചാനലുകള്‍ രാവിലെ മുതല്‍ ഇത് വിവാദമാക്കി. യു ഡി എഫ് നേതൃത്വം തക്കസമയത്ത് ഇടപെട്ടതോടെ കൂടുതല്‍ അപകടകരമാകാതെ ആ സാഹചര്യം തരണം ചെയ്തു.

publive-image

ആ പ്രതികരണത്തില്‍ തന്നെ യു ഡി എഫ് ഏകോപന സമിതി അംഗം കൂടിയായ ജോയ് എബ്രാഹം വോട്ട് ചെയ്തത് ആര്‍ക്കെന്ന സംശയവും യു ഡി എഫ് ക്യാമ്പുകളില്‍ ചര്‍ച്ചയായിരുന്നു.

പണ്ട് തന്നെക്കാള്‍ യോഗ്യതയുണ്ടായിട്ടും സീറ്റ് തട്ടിപ്പറിക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞുതന്ന ജോസ് ടോമിന് പിന്നെയൊരവസരത്തിനായി 28 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നതും ജോയ് എബ്രാഹത്തിനും അറിയാമായിരുന്നു. പലതവണയാണ് ജോസ് ടോം തഴയപ്പെട്ടത്. ഒരു വഴക്കിനും നിന്നതുമില്ല. തന്നെ താനാക്കിയ പാര്‍ട്ടി വിട്ട് എതിരാളിയുടെ പാര്‍ട്ടിയില്‍ അഭയം തേടാനൊന്നും ജോസ് ടോം തയാറായില്ല.

അവസാനം ചെറിയൊരു കാലയളവിലേക്കെങ്കിലും ജോസ് ടോമിന് കിട്ടിയ ഒരവസരത്തില്‍ വോട്ടെടുപ്പ് തകിടം മറിക്കുന്ന തരത്തില്‍ ജോയ് എബ്രാഹം പ്രവര്‍ത്തിച്ചതാണ് കേരളാ കോണ്‍ഗ്രസുകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം സൃഷ്ടിച്ചത്. നന്ദി കാണിച്ചില്ലെങ്കില്‍ വേണ്ട, നന്ദികേട് കാണിക്കരുതായിരുന്നെന്ന് മാത്രമായിരുന്നു ജോയ് എബ്രാഹത്തിനുള്ള ജോസ് ടോമിന്റെ മറുപടിയെന്നതും ശ്രദ്ധേയമായി.

pala ele
Advertisment