Advertisment

കെ പി സി സി: വെട്ടിച്ചുരുക്കൽ ലിസ്റ്റിൽ സ്ഥിരം ഭാരവാഹികളെയും കിടപ്പുരോഗികളെയും ഒഴിവാക്കി യുവത്വത്തിനും പ്രവർത്തന മികവിനും പ്രാമുഖ്യം നൽകണമെന്നാവശ്യം ! ഗ്രൂപ്പ് താല്പര്യത്തേക്കാൾ പാർട്ടി താല്പര്യം പരിഗണിക്കണമെന്ന് നേതാക്കൾ ! യുവാക്കളെ ഇനിയും അവഗണിച്ചാൽ പാർട്ടി തകരുമെന്നും യുവത്വത്തിന്റെ മുന്നറിയിപ്പ് !

New Update

തിരുവനന്തപുരം:  വെട്ടിച്ചുരുക്കാനൊരുങ്ങുന്ന കെ പി സി സി പുനഃസംഘടനാ ലിസ്റ്റിൽ മികവ് തെളിയിച്ച മുൻ ഡി സി സി അധ്യക്ഷന്മാർക്കും യുവാക്കൾക്കും പ്രാധാന്യം നൽകണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ഡി സി സി പുനഃസംഘടനയിൽ ഒറ്റയടിക്ക് മുഴുവൻ ഡി സി സി അധ്യക്ഷന്മാരെയും ഒന്നിച്ച് മാറ്റുകയായിരുന്നു.

Advertisment

ഇന്ത്യയിലെ ഏറ്റവും മികച്ച ഡി സി സി യ്ക്കുള്ള എ ഐ സി സി പുരസ്കാരം 3 തവണ നേടിയ ഡി സി സി അധ്യക്ഷൻ വരെ അതോടെ പുറത്തായി. അതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡി സി സിയ്ക്കുള്ള എ ഐ സി സി പുരസ്കാരം 3 തവണ നേടിയ ഡി സി സി അധ്യക്ഷൻ വരെയുണ്ടായിരുന്നു.

publive-image

ഇവർക്കൊക്കെ പിന്നീട് വരുന്ന പുനഃസംഘടനയിൽ കെ പി സി സിയിൽ അർഹമായ പദവി ആയിരുന്നു വാഗ്ദാനം. വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഡി സി സി അധ്യക്ഷന്റെ പേര് ഇത്തവണ ഗ്രൂപ്പുകൾ സമർപ്പിച്ച ലിസ്റ്റിലുമില്ല.

എന്നാല്‍ അന്ന് ഏറ്റവും മോശം ഡി സി സി അധ്യക്ഷനായിരുന്ന ആളുടെ പേര് പ്രബല ഗ്രൂപ്പിന്റെ ലിസ്റ്റിൽ പ്രധാനമായി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡി സി സി അധ്യക്ഷനായിരുന്ന സമയത്ത് ജില്ലയിൽ പാര്‍ട്ടി മത്സരിച്ച പാർലമെന്റ്, നിയമസഭാ സ്ഥാനാർത്ഥികളെ തനിക്ക് പിന്നീട് സീറ്റ് ലഭിക്കുന്നതിനായി ഗ്രൂപ്പ് കളിച്ച്‌ പരാജയപ്പെടുത്തിയ ഈ മഹാനെ ജനറൽ സെക്രട്ടറിയാക്കാനാണ് പ്രബല ഗ്രൂപ്പിന്റെ നോമിനേഷൻ.

പകരം മികച്ച ഡി സി സി അധ്യക്ഷനായി സോണിയാ ഗാന്ധിയുടെ മെഡൽ നേടിയ നേതാവിന് നോമിനേഷൻ നൽകാൻ കെ പി സി സി പ്രസിഡന്റിന് ഇടപെടേണ്ടി വന്നു.

യു ഡി എഫിന്റെ നിർണ്ണായക ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ കോന്നിയിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ വിവാദ പ്രസ്താവനകൾ നടത്തി ഒടുവിൽ പരാജയം ഏറ്റുവാങ്ങാൻ നേതൃത്വം നൽകി വിവാദ നിലപാട് സ്വീകരിച്ച അടൂർ പ്രകാശിന് വൈസ് പ്രസിഡന്റ് സ്ഥാനം തന്നെയാണ് വാഗ്ദാനം.

നിർണ്ണായക തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഒതുക്കി കെട്ടിയ നേതാവിന് ഇതിൽപ്പരം പരിഗണന വേണോ ? തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഒരു കാല് വേറൊരു പാർട്ടിയുടെ പടിപ്പുറത്ത് കുത്തിനിന്ന് പ്രവർത്തിക്കുന്ന നേതാവും വൈസ് പ്രസിഡന്റ് ലിസ്റ്റിലുണ്ടത്രേ !

പുനഃസംഘടന ഏതുമാകട്ടെ, കോട്ടയത്തെ ഈ നേതാവിനൊരു പദവിയുണ്ടെന്നത് കോൺഗ്രസിലെ അലിഖിത നിയമമാണ്. കക്ഷി കുറെ നാളായി അനാരോഗ്യം ബാധിച്ച് വിശ്രമത്തിലാണെങ്കിലും പുതിയ ലിസ്റ്റിലും ഈ 'മഹാ ഭാരവാഹിയുടെ' പേരുണ്ട്.

20 വർഷത്തിലേറെയായി കെ പി സി സി ഭാരവാഹിത്വങ്ങളിൽ അടയിരിക്കുന്ന ഒരു ഡസനിലേറെ പേരാണ് ലിസ്റ്റിലുള്ളത്. ഇവരൊക്കെ വരുമ്പോൾ പദവി നഷ്ടപ്പെടുന്നത് വർഷങ്ങളായി പാർട്ടിക്കായി തല്ലുകൊള്ളുന്ന യുവ നേതാക്കൾക്കാണ്. പ്രവർത്തന മികവല്ല, ഗ്രൂപ്പ് മികവാണ് പ്രധാനം എന്ന നിലയിലാണ് കോൺഗ്രസിൽ കാര്യങ്ങളുടെ പോക്ക്.

നൂറിലധികം കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചാൽ ഒരു പാർട്ടി പരിപാടി നടത്താൻ സദസിനേക്കാൾ വലിയ വേദി ഒരുക്കേണ്ടി വരുമെന്നായിരുന്നു ഡി സി സി പ്രസിഡന്റുമാർ യോഗത്തിൽ വിലപിച്ചത്.

ഓരോ ഡി സി സിയ്ക്കും ഭാരവാഹികളുടെ എണ്ണം ശരാശരി നൂറാണ്. അതിനൊപ്പം കെ പി സി സിയുടെ നൂറു കൂടി വരുമ്പോൾ ആരെയൊക്കെ വേദിയിലിരുത്തും, മുൻ നിരയിലിരുത്തും, പിന്നിലിരുത്തും എന്നതാണ് ഡി സി സികളുടെ തലവേദനയായി അവർ ചൂണ്ടിക്കാട്ടിയത്.

പുതിയ ലിസ്റ്റിൽ വർക്കിംഗ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും മാത്രം 16 പേരുണ്ടാകും. ഇവരിലാരെയാണ് മുൻനിരയിൽ നിന്നും മാറ്റി നിർത്തുക എന്നാണു ഡി സി സി പ്രസിഡന്റുമാർ ചോദിച്ചത്.

കെ എസ് യുവിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നും മാറ്റി നിർത്തപ്പെട്ട ചുണക്കുട്ടന്മാരായ നേതാക്കന്മാരുടെ ഒരു നിര തന്നെ പാർട്ടിയിൽ ഒരു പദവിയും കിട്ടാതെ ഇന്ദിരാ ഭവന്റെ പടിക്ക് പുറത്ത് നിൽക്കുകയാണ്.

'നന്നായി പ്രവർത്തിച്ചാൽ പോരാ, പെട്ടി ചുമക്കണം' എന്ന പഴയ അവസ്ഥ ഈ പുനഃസംഘടനയിലെങ്കിലും മാറ്റിത്തരണം എന്ന മുറവിളിയാണ് യുവാക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ഗ്രൂപ്പ് താല്പര്യത്തേക്കാൾ പാർട്ടി താല്പര്യത്തിന് പരിഗണന നൽകാൻ മുതിർന്ന നേതാക്കൾ തയാറായില്ലെങ്കിൽ അത് പാർട്ടിയുടെ വളർച്ചയെ തന്നെ പിന്നോട്ടടിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി .

Advertisment