Advertisment

കേരളാ കോൺഗ്രസിൽ നിന്നും ആര് മത്സരിച്ചാലും കുട്ടനാട്ടിൽ പാലാ ആവർത്തിക്കുമെന്ന് കോൺഗ്രസ് ഉപസമിതി റിപ്പോർട്ട് ! സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചന ! സ്ഥാനാർത്ഥിയെ സ്വയം പ്രഖ്യാപിച്ച് തന്ത്രപരമായ ചുവടുമായി ജോസഫ്. പ്രതിരോധവുമായി ജോസ് കെ മാണി. യുഡിഎഫിൽ കുട്ടനാട് ചിത്രം ഇങ്ങനെ !!

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ വിജയ സാധ്യതയെ ബാധിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. കുട്ടനാട്ടിലെ സാഹചര്യം വിലയിരുത്താൻ കോൺഗ്രസ് നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിലാണ് കേരളാ കോൺഗ്രസിനെതിരെ വിലയിരുത്തലുള്ളത്.

Advertisment

പുതിയ സാഹചര്യത്തിൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ കേരളാ കോൺഗ്രസിന് പകരം സീറ്റ് നൽകി കുട്ടനാട് കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.

publive-image

കേരള കോൺഗ്രസിൽ പി ജെ ജോസഫിന്റെ നോമിനിയായ ജേക്കബ്ബ് എബ്രാഹമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി.

എന്നാൽ കേരള കോൺഗ്രസിന് അനുവദിക്കുകയും കെ എം മാണി സ്ഥാനാർഥിയെയും ചിഹ്നവും തീരുമാനിക്കുകയും ചെയ്ത കുട്ടനാട് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. അതംഗീകരിക്കാൻ ജോസഫ് വിഭാഗവും തയാറല്ല.

ഇരു വിഭാഗങ്ങൾക്കുമിടയിലെ പ്രധാന പ്രശ്നമായി മാറുക പാലാ ഉപതെരഞ്ഞെടുപ്പായിരിക്കും. അന്തരിച്ച കെ എം മാണിയുടെ സീറ്റായിട്ടുപോലും പി ജെ ജോസഫ് പാലായിലെ യു ഡി എഫ് സ്ഥാനാർഥിയ്ക്ക് ചിഹ്നം അനുവദിക്കാതിരിക്കുകയും റിബൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയും ചെയ്തതും വോട്ടെടുപ്പ് ദിവസം വരെ നടത്തിയ വിദ്വെഷ പ്രസ്താവനകളും മറക്കാൻ ജോസ് വിഭാഗം തയാറല്ല. അതിനവർ കുട്ടനാട്ടിൽ പകരം വീട്ടും.

publive-image

കുട്ടനാട് സീറ്റിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്നതിനേക്കാൾ ജോസഫിന്റെ നോമിനി മത്സരിക്കുന്നത് തടയുകയെന്നതാണ് ജോസ് പക്ഷത്തിന്റെ നിലപാട്. അഥവാ ജോസഫിന്റെ സ്ഥാനാർഥി മത്സരിക്കുന്ന സാഹചര്യം ഉണ്ടായാൽ തോൽവി ഉറപ്പാക്കാനാകും ജോസ് പക്ഷ൦ ശ്രമിക്കുക .

അതേസമയം ജേക്കബ്ബ് എബ്രാഹമാണ് സ്ഥാനാർഥി എന്ന് ഉറപ്പിച്ച മട്ടിലാണ് ജോസഫിന്റെ നീക്കങ്ങൾ. യു ഡി എഫിൽ തീരുമാനിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ സ്വന്തം സ്ഥാനാർഥിയെയുമായി ജോസഫ് കളത്തിലിറങ്ങുന്നത് പല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണെന്നാണ് റിപ്പോർട്ട്.

യു ഡി എഫ് സീറ്റ് നിഷേധിച്ചാൽ ആ കാരണം പറഞ്ഞു ഇടതുമുന്നണിയിലെത്തി മുൻ എം എൽ എ ഡോ. കെ സി ജോസഫിനെ ഇവിടെ ഇടത് സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാനുള്ള സാധ്യത ജോസഫ് ആരായുന്നുണ്ടത്രേ.

ജോസഫ് ഇടത് മുന്നണിയിലെത്തിയാൽ ഇപ്പോൾ ഇടതുപക്ഷത്തിന്റെ ഭാഗമായി ജനാധിപത്യ കേരളാ കോൺഗ്രസുമായി ഒന്നിക്കാനാണ് നീക്കം. ഫ്രാൻസിസ് ജോർജ്ജ് പക്ഷത്തെ പ്രമുഖനായ ഡോ. കെ സി ജോസഫിന്റെ പഴയ മണ്ഡലമാണ് കുട്ടനാട്.

publive-image

കുട്ടനാട് മണ്ഡലത്തിൽ ജോസഫ് അനുഭാവികളായ പ്രവർത്തകർ ഡോ. കെ സി ജോസഫിനൊപ്പമാണ്. നിലവിൽ ജോസഫ് വിഭാഗത്തിന് കുട്ടനാട്ടിൽ അഞ്ഞൂറ് വോട്ടുകൾക്ക് മുകളിലില്ലെന്നതാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

അതേസമയം ജോസ് കെ മാണി വിഭാഗത്തിന് മൂവായിരത്തോളം വോട്ടുകൾ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അത്രയും അണികൾ കെ സി ജോസഫിനൊപ്പവും ഉണ്ട്.

അതേസമയം, ജോസ് - ജോസഫ് തർക്കം മുറുകിയാൽ ഡോ. കെ സി ജോസഫിനെ യു ഡി എഫ് ചേരിയിലെത്തിച്ച് യു ഡി എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനും ജോസഫ് ഗ്രൂപ്പ് തന്ത്രങ്ങൾ മെനയുന്നുണ്ട്.

വിജയിച്ചു കഴിഞ്ഞാൽ ഇദ്ദേഹത്തെ ജോസഫ് ഗ്രൂപ്പിൽ ലയിപ്പിക്കാനാകും ആലോചന. പക്ഷെ, ഇടത് മുന്നണിയിൽ നിൽക്കുന്ന കെ സി ജോസഫ് അതിന് തയാറാകുമോയെന്ന് വ്യക്തമല്ല.

മാത്രമല്ല, കുട്ടനാട് രണ്ടുതവണ തോമസ് ചാണ്ടിയോട് തോറ്റ കെ സി ജോസഫിനെ യു ഡി എഫ് സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽ വിയോജിപ്പുണ്ട്. കെ സി ജോസഫ് ജയസാധ്യതയില്ലാത്ത സ്ഥാനാർഥിയായിരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.

അതേസമയം, ജോസ് - ജോസഫ് വിഭാഗങ്ങളെ അനുനയിപ്പിച്ച് കുട്ടനാട് കോൺഗ്രസ് ഏറ്റെടുത്താൽ കെ പി സി സി ജനറൽ സെക്രട്ടറിമാരായ ജോൺസൺ എബ്രാഹം, ഡി സുഗതൻ, ഡി സി സി അധ്യക്ഷൻ എം ലിജു എന്നിവരുടെ പേരുകൾ പരിഗണനയിലാണ്.

യൂത്ത് കോൺഗ്രസ് മാവേലിക്കര പാർലമെന്റ് മണ്ഡലം പ്രെസിഡന്റ് സജി ജോസഫിന്റെ പേരും മുന്നോട്ടുവച്ചിട്ടുണ്ട്.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ തെരഞ്ഞെടുപ്പ് ചുമതല നിർവഹിച്ച പി ടി തോമസ് - കെ വി തോമസ് ഉൾപ്പെടെയുള്ള മുഴുവൻ ടീമിനെയും കുട്ടനാട്ടിലേക്ക് നിയോഗിക്കാനാണ് യു ഡി എഫിന്റെ ആലോചന.

kuttanadu
Advertisment