Advertisment

കുട്ടനാട്ടിൽ പാർട്ടിയുമായി ബന്ധമില്ലാത്ത 'അനിയൻ മുതലാളിമാരെ' മത്സരിപ്പിച്ചാൽ അംഗീകരിക്കില്ല ? കുട്ടനാട് പേയ്‌മെന്റ് സീറ്റാക്കാൻ ചില നേതാക്കൾ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശരത് പവാറിന് എൻസിപി നേതാക്കളുടെ കത്ത് ! തോമസ് ചാണ്ടിയുടെ പിൻഗാമിയെ ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി !

New Update

ആലപ്പുഴ:  തോമസ് ചാണ്ടി എം എൽ എയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിനെചൊല്ലി എൻ സി പിയിൽ പൊട്ടിത്തെറി.

Advertisment

കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനെ മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന കുടുംബാംഗങ്ങളുടെ കത്ത് നൽകിയത് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്ററുടെ ആവശ്യപ്രകാരമായിരുന്നെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്.

publive-image

നിലവിൽ പാർട്ടിക്ക് സംസ്ഥാന അധ്യക്ഷൻ ഇല്ലെന്നിരിക്കെ ആരുടെ നിർദ്ദേശ പ്രകാരമാണ് പീതാംബരൻ മാസ്റ്റർ എൻ സി പിക്കാരനല്ലാത്ത തോമസ് കെ തോമസിന് വേണ്ടി തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നും കത്ത് എഴുതി വാങ്ങിയതെന്ന ചോദ്യമാണ് സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നത്.

കുട്ടനാട് സീറ്റ് പേയ്‌മെന്റ് സീറ്റാക്കാൻ പാർട്ടിയിൽ ചിലർ ശ്രമിക്കുകയാണെന്നും എൻ സി പിയുമായി യാതൊരു ബന്ധവുമില്ലാത്ത മുതലാളിമാരെ കുടുംബ ബന്ധങ്ങളുടെ പേരുപറഞ്ഞ് സ്ഥാനാർഥിയാക്കാൻ ചിലർ ശ്രമിക്കുന്നത് ലാഭക്കണ്ണുകളോടെയാണെന്നും വിശദീകരിച്ച് പാർട്ടിയിൽ ഒരു വിഭാഗം ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ചു.

തോമസ് ചാണ്ടിയുടെ ഭാര്യയോ മക്കളിലാരെങ്കിലുമോ ഈ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചാൽ അനുവദിക്കണമെന്നും എന്നാൽ ബന്ധുത്വം പറഞ്ഞ് അനിയൻ മുതലാളിയെ മത്സരിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെ എതിർക്കുമെന്നും സംസ്ഥാന നേതാക്കൾ തന്നെ ശരത് പവാറിനെ രേഖാമൂലം നിലപാട് അറിയിച്ചിട്ടുണ്ട്.

പാർട്ടിയിൽ ജയസാധ്യതയുള്ള നേതാക്കളില്ലെന്ന് പറയുന്നതിന് തുല്യമാണ് അന്തരിച്ച നേതാവിന്റെ ബന്ധുക്കളിലാരെങ്കിലും മത്സരിച്ചാൽ മതിയെന്ന ചില നേതാക്കളുടെ നിലപാടെന്നു ഇവർ പറയുന്നു.

കുട്ടനാട് സീറ്റിൽ സഹോദരൻ തോമസ് കെ തോമസിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ കഴിഞ്ഞ ദിവസം ടി പി പീതാംബരൻ മാസ്റ്റർക്ക് കത്ത് നൽകിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ഈ കത്ത് നൽകിയത് പീതാംബരൻ മാസ്റ്ററുടെ ആവശ്യ പ്രകാരമാണെന്നായിരുന്നു തോമസ് കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതാണ് പാർട്ടിയിൽ വിവാദമായത്.

തോമസ്‌ ചാണ്ടിയുടെ ഭാര്യയോ മക്കളോ മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിട്ടു നല്‍കണമെന്നാണ് എന്‍ സി പിയില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്.

ഈ സീറ്റ് പാര്‍ട്ടിയിലെ യുവ നേതാക്കള്‍ക്ക് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തോമസ്‌ കെ തോമസിന് എന്‍ സി പിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ഇവര്‍ പറയുന്നു

അതേസമയം തോമസ്‌ കെ തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഎമ്മിന്‍റെ കുട്ടനാട് പ്രാദേശിക ഘടകങ്ങള്‍ക്കും വിയോജിപ്പുണ്ട് . അവര്‍ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 

kuttanadu
Advertisment