Advertisment

കുട്ടനാട് സീറ്റിനായി ജോസഫ് - ജോസ് വിഭാഗങ്ങൾ തമ്മിലടി തുടങ്ങി ! കെ എം മാണി സ്ഥാനാർത്ഥിയെ നിശ്ചയിച്ച സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം. സീറ്റ് തങ്ങൾക്കെന്ന് ജോസഫ് ഗ്രൂപ്പും ! കോൺഗ്രസ് കുട്ടനാട് ഏറ്റെടുക്കുന്നതും പരിഗണനയിൽ !

New Update

കൊച്ചി:  കുട്ടനാട് സീറ്റിനെച്ചൊല്ലി യു ഡി എഫിൽ ഘടകകക്ഷികളായ കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിൽ പടപ്പുറപ്പാടിനൊരുക്കം തുടങ്ങി. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് (എം) മത്സരിച്ച കുട്ടനാട് സീറ്റിൽ ജോസ് കെ മാണി പി ജെ ജോസഫ് വിഭാഗങ്ങൾ ഒരേപോലെ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്.

Advertisment

കെ എം മാണി കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ നിശ്ചയിച്ച കുട്ടനാട് സീറ്റിൽ ഇത്തവണയും തങ്ങളുടെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്. എന്നാൽ കഴിഞ്ഞ തവണ തങ്ങളുടെ നോമിനിയാണ് കുട്ടനാട്ടിൽ മത്സരിച്ചതെന്നും അതിനാൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പി ജെ ജോസഫും അവകാശപ്പെടുന്നു.

publive-image

എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്. മാത്രമല്ല, കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിക്ക് കെ എം മാണിക്കൊപ്പം നിൽക്കുമെന്ന ഉറപ്പിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു.

കേരള കോൺഗ്രസുകൾ തമ്മിൽ തർക്കം തുടർന്നാൽ അത് യു ഡി എഫിന്റെ ജയസാധ്യതയെ തന്നെ ബാധിച്ചേക്കും. പാലായിൽ ജോസ് കെ മാണിയുടെ സ്ഥാനാർഥി ജോസ് ടോമിനെതിരെ പി ജെ ജോസഫ് വിഭാഗം പരസ്യമായി തന്നെ പ്രചരണം നടത്തിയിരുന്നു.

മാത്രമല്ല, വോട്ടെടുപ്പ് ദിവസം വരെ കരുതിക്കൂട്ടി ജോസഫ് വിഭാഗം നടത്തിയ പ്രസ്താവനകൾ വലിയ തിരിച്ചടിക്ക് കാരണമായിരുന്നു. അതേ വാശിയിൽ തന്നെ ഇത്തവണ ജോസ് വിഭാഗവും തിരിച്ചടിക്കാനാണ് സാധ്യത.

കുട്ടനാട്ടിൽ പ്രവർത്തക പിന്തുണയിൽ മുമ്പിലുള്ളത് ജോസ് കെ മാണി വിഭാഗമാണ്. ജോസഫ് വിഭാഗം ഇവിടെ ശുഷ്കമാണ്.

ജോസഫ് ഗ്രൂപ്പിന് കുട്ടനാട് നിയോജക മണ്ഡലത്തിൽ മണ്ഡലകമ്മിറ്റികൾ പോലും രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിനെ ഇവിടേയ്ക്ക് പരിഗണിക്കുന്നതിൽ യു ഡി എഫിനും താല്പര്യക്കുറവുണ്ട്. അങ്ങനെ വന്നാൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതും പരിഗണനയിലാണ്.

ഇവിടെ കേരളാ കോൺഗ്രസുകളേക്കാൾ ശക്തമായ പാർട്ടി കോൺഗ്രസാണ്‌. ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി കോൺഗ്രസിനേക്കാൾ ഏറെ പിന്നിലാണ്. മുസ്‌ലിം ലീഗിനും ആർ എസ് പിക്കും പിന്നിലാണ് ഇവിടെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനം.

ഈ സാഹചര്യത്തിൽ കുട്ടനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

Advertisment