കര്‍ദ്ദിനാളിനെതിരായ നീക്കത്തില്‍ വിമതര്‍ക്ക് വീണ്ടും തിരിച്ചടി. അതിരൂപതയിലെ അല്‍മായ സംഘടനാ ഭാരവാഹികള്‍ യോഗം ചേര്‍ന്ന്‍ പരസ്യ വിഴുപ്പലക്കലുകള്‍ ഒഴിവാക്കണമെന്ന് മെത്രാന്മാരോട് ആവശ്യപ്പെട്ടു. അതിരൂപതയിലെ അല്‍മായ പ്രമുഖരായ ഡെന്നിസ് കെ ആന്റണിയും ചാര്‍ളി പോളും ഡേവിസ് വല്ലൂരാനും ഷൈജോ പറമ്പിലും ഒറ്റക്കെട്ടായി പുതിയ സംഘടനയിലേക്ക്. എഎംടി അപ്രസക്തമായി

Tuesday, March 13, 2018

കൊച്ചി:  ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിയ സഹായ മെത്രാന്മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും വിമത വൈദികര്‍ക്കും വീണ്ടും തിരിച്ചടി.

അതിരൂപതയിലെ അല്‍മായ പ്രമുഖരും വിവിധ സംഘടനകളിലെ മുന്‍ ഭാരവാഹികളും ഒത്തുചേര്‍ന്ന്‍ എ എം പി (ആര്‍ച്ച് ഡയസിസ് മൂവ്മെന്റ് ഓഫ് പീസ്‌) എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയതോടെ വിമത വിഭാഗത്ത് സഹായ മെത്രാനും കുറെ വൈദികരും എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുകയാണ്.

സഭയിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ സഭാത്മകമായും ക്രിസ്തീയമായും മൂന്ന്‍ പിതാക്കന്മാരും ഒരുമിച്ചിരുന്നു രമ്യമായി പരിഗണിക്കണമെന്നാണ് അതിരൂപതയി പിറവിയെടുത്ത പുതിയ അല്‍മായ സംഘടനയുടെ നിലപാട്. ഇതോടെ നിലവില്‍ വിമത നീക്കത്തിന് വൈദികര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്ന എ എം ടി അപ്രസക്തമായി.

അതിരൂപതയില്‍ നിന്നും അല്‍മായ സംഘടനകളുടെ തലപ്പത്ത് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അന്‍പതോളം മുതിര്‍ന്ന ഭാരവാഹികളാണ് പുതിയ സംഘടനയുടെ അമരത്ത്. മാത്രമല്ല നിലവില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രതിനിധികളായി വിവിധ ക്രിസ്ത്യന്‍ സഭാ സംഘടനകളുടെ ഉന്നത ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നവരും പുതിയ സംഘടനയുടെ തലപ്പത്തുണ്ട്.

സി എല്‍ സി മുന്‍ സംസ്ഥാന പ്രസിഡന്റ് ഡെന്നിസ് കെ ആന്റണിയാണ് ജനറല്‍ കണ്‍വീനര്‍, കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും സി എല്‍ സി മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്നു അഡ്വ. ചാര്‍ളി പോള്‍, എ കെ സി സി ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, ചെറുപുഷ്പം മിഷന്‍ ലീഗിന്റെ നിലവിലെ അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, സി എല്‍ സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പില്‍, കാത്തലിക് കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗം സെബിച്ചന്‍ ജോസഫ്, ജെയ്മോന്‍ തോട്ടുപുറം, ഷാജി വാലിപ്പാറ, പാസ്റ്ററല്‍ കൌണ്‍സിലിന്റെ രണ്ടു മുന്‍ സെക്രട്ടറിമാര്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ തലപ്പത്തിരുന്നവര്‍ എന്നിവരൊക്കെയാണ് പുതിയ സംഘടനയുടെ തലപ്പത്ത്.

ഇതോടെ അതിരൂപതയിലെ അല്‍മായ നേതൃത്വങ്ങളിലെ പ്രമുഖരൊക്കെ പുതിയ സംഘടനയുടെ ഭാഗമായിക്കഴിഞ്ഞു. മാത്രമല്ല വിമതര്‍ സ്പോന്‍സര്‍ ചെയ്യുന്ന എ എം ടിയില്‍ ഇതോടെ അല്‍മായ നേതൃത്വം ശുഷ്കവുമായി മാറി.

അതിരൂപതയിലെ വൈദിക പ്രമുഖന്‍ ഫാ. ജോസ് പുതിയേടത്തിന്റെ അധ്യക്ഷതയിലായിരുന്നു പുതിയ സംഘടനയുടെ ആദ്യ യോഗം ചേര്‍ന്നതെന്നതും വിമത വിഭാഗത്തിന് മറ്റൊരു തിരിച്ചടിയായി. സീറോ മലബാര്‍ സഭയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വൈദികരില്‍ ഒരാളാണ് ഫാ. ജോസ് പുതിയേടം.

യോഗത്തിനുശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള നിവേദനം ഇവര്‍ അരമനയിലെത്തി 3 പിതാക്കന്മാര്‍ക്കും കൈമാറി. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കി സംയമനത്തോടെയും പ്രാര്‍ത്ഥനയോടെയും ക്രിസ്തീയമായ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബിഷപ്പുമാര്‍ക്ക് കഴിയണമെന്ന നിര്‍ദ്ദേശമാണ് നിവേദനത്തിലുള്ളത്.

പരസ്യമായി രംഗത്തിറങ്ങിയ വൈദികര്‍ക്കും ഇവരെ പ്രോത്സാഹിപ്പിച്ച സഹായമെത്രാന്മാര്‍ക്കുമുള്ള ശക്തമായ മുന്നറിയിപ്പും കൂടിയായിരുന്നു ഇത്. തര്‍ക്കങ്ങള്‍ സഭാ വേദികള്‍ വിട്ട് പൊതുസമൂഹത്തിലെക്കും മാധ്യമങ്ങളിലേക്കും തെരുവിലേക്കും വലിച്ചിഴക്കപ്പെട്ടതിലുള്ള പ്രതിഷേധവും ഇവര്‍ പിതാക്കന്മാരെ അറിയിച്ചു.

എ എം പി നല്‍കിയ നിവേദനത്തിന്റെ പൂര്‍ണ്ണരൂപം:

എറണാകുളം-അങ്കമാലി അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാര്‍ മുമ്പാകെ, അതിരൂപതയിലെ വിവിധ സംഘടനാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്മായര്‍ സമര്‍പ്പിക്കുന്ന നിവേദനം:

അഭിവന്ദ്യ പിതാവേ,
നമ്മുടെ അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ചു മാസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ അതിയായ ദുഖവും വേദനയും അറിയിക്കുന്നു.

വിഷയങ്ങള്‍ സഭാത്മകമായും ക്രിസ്തീയമായും പരിഹരിക്കാന്‍ നമ്മുടെ അതിരൂപതയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കു സാധിക്കുമെന്ന പ്രതീക്ഷയില്‍, പ്രതികരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സംയമനത്തോടെയും പ്രാര്‍ഥനയോടെയുമായിരുന്നു അതിരൂപതയിലെ ഭൂരിഭാഗം അല്മായരും.
തര്‍ക്കങ്ങള്‍ സഭാവേദികള്‍ വിട്ടു പൊതുസമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും ദയനീയമായ രീതിയില്‍ തെരുവിലേക്കും വലിച്ചിഴക്കപ്പെട്ടതിന്റെ ആഘാതത്തിലാണ് അല്മായ സമൂഹം.

വിഷയത്തിലെ ശരികളും തെറ്റുകളും വ്യക്തമായി മനസിലാക്കാന്‍ അല്മായ സമൂഹത്തിന് ഇതുവരെയും വേദികളുണ്ടായിട്ടില്ല. നിക്ഷിപ്ത താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും പുറത്തുവരുന്ന വാര്‍ത്തകളാണ് അല്മായ സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും ധാരണകള്‍ക്കും തെറ്റുദ്ധാരണകള്‍ക്കും ആധാരം.

അതിരൂപതയില്‍ പ്രവര്‍ത്തനനിരതമായ ഔദ്യോഗിക അല്മായ സംഘടനകളെ നോക്കുകുത്തിയാക്കി, നിലവില്‍ ഇത്തരം സംഘടനകളുടെ നേതൃരംഗങ്ങളിലോ പ്രവര്‍ത്തനമേഖലകളിലോ ഇല്ലാത്ത ചെറിയ വിഭാഗം ആളുകള്‍ രൂപീകരിച്ച, സഭാവിരുദ്ധമായ എഎംടി എന്ന കൂട്ടായ്മ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശ്‌നങ്ങളുടെ പരിഹാരത്തേക്കാള്‍ വഷളാക്കാനാണ് ഇടയാക്കിയിട്ടുള്ളത്. ഇതു തിരിച്ചറിഞ്ഞിട്ടും അതിരൂപതയോടുള്ള സ്‌നേഹത്തെപ്രതി നിഷ്പക്ഷമായി ചിന്തിക്കുന്ന അല്മായര്‍ നിശബ്ദത പാലിക്കുകയായിരുന്നു.

ഒടുവില്‍ ഒരു വിഭാഗം വൈദികര്‍ തെരുവിലിറങ്ങി പരസ്യമായ പ്രകടനങ്ങളും പ്രതികരണങ്ങളും നടത്തിയതോടെ, അതിരൂപതയുടെ മഹത്തായ ക്രിസ്തീയ കൂട്ടായ്മയും ക്രിസ്തുസാക്ഷ്യവും വിധേയത്വത്തിന്റെ പൈതൃകവുമാണു തകര്‍ന്നുവീണത്.

അതീവ സങ്കടകരമായ ഈ സാഹചര്യത്തില്‍, അതിരൂപതയോടു ചേര്‍ന്നു ചിന്തിക്കുന്ന, ചുമതലാബോധമുള്ള അല്മായ സമൂഹം തങ്ങളുടെ നിലപാട് വ്യക്തമായി അറിയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഭൂമി വില്പന സംബന്ധിച്ച വിഷയത്തില്‍, അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്തേണ്ടതും വീഴ്ചകള്‍ക്കു ക്രിസ്തീയമായ ശൈലിയില്‍ നടപടികള്‍ സ്വീകരിക്കേണ്ടതും ആവശ്യമാണ്.

ഒപ്പം, അതിരൂപതയ്ക്കാകെ, സഭയിലും സമൂഹത്തിലും ദുഷ്‌പേരുണ്ടാക്കുന്ന തരത്തിലുള്ള പരസ്യപ്രതികരണങ്ങളും പ്രകടനങ്ങളും നടത്തുന്ന വൈദികരെയും അല്മായരെയും നിയന്ത്രിക്കാന്‍ അഭിവന്ദ്യ പിതാക്കന്മാര്‍ക്കു സാധിക്കണം. സഭയുടെയും അതിരൂപതയുടെയും മേജര്‍ ആര്‍ച്ച്ബിഷപ് എന്ന നിലയില്‍ അഭിവന്ദ്യ ജോര്‍ജ് ആലഞ്ചേരി പിതാവിനോടു മനുഷ്യത്വപരവും ക്രിസ്തീയവുമായ സമീപനം സ്വീകരിക്കാന്‍ അതിരൂപതയ്ക്കു സാധിക്കണം.

അതിരൂപതയിലെ എല്ലാ അഭിവന്ദ്യ മെത്രാന്മാരും അതിരൂപതാസമൂഹത്തിന്റെ സമ്പത്തും കൂട്ടായ്മയുടെ മുഖവുമാണെന്നാണ് അല്മായരുടെ ചിന്ത. ഈ ചിന്തയോടു ചേര്‍ന്ന്, കൂട്ടായ്മയും സ്‌നേഹവും സാക്ഷ്യവും ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

എന്ന്
അതിരൂപതയിലെ വിവിധ ഔദ്യോഗിക സംഘടനാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്മായര്‍

×