Advertisment

കോണ്‍ഗ്രസില്‍ സീറ്റുറപ്പിച്ച് സിറ്റിംഗ് എം പിമാര്‍ ? എതിര്‍പ്പുള്ളത് കെ വി തോമസിന്റെയും ആന്‍റോ ആന്റണിയുടെയും കാര്യത്തില്‍ മാത്രം. തിരുവനന്തപുരത്ത് ശശി തരൂരിനോട് എതിര്‍പ്പില്ലെങ്കിലും പേഴ്സണല്‍ സ്റ്റാഫിനെതിരെ ആക്ഷേപങ്ങള്‍ വേണ്ടുവോളം. കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  യു ഡി എഫില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികെയുള്ള സിറ്റിംഗ് എം പിമാര്‍ സീറ്റ് ഉറപ്പിച്ചെന്ന് സൂചന. വയനാട് എം ഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന്‍ ഒഴിവ് വന്ന സീറ്റിലേക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും.

Advertisment

publive-image

പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിയുടെയും എറണാകുളത്ത് കെ വി തോമസിന്റെയും കാര്യത്തില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും മത്സരിക്കാനാഗ്രഹിക്കുന്ന സിറ്റിംഗ് എം പിമാര്‍ക്ക് ഇത്തവണയും ഭീഷണി ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അഥവാ അങ്ങനെ ഉണ്ടെങ്കില്‍ പോലും സീറ്റ് ഉറപ്പിച്ചവരുടെ കൂട്ടത്തില്‍ കോഴിക്കോട് എന്‍ കെ രാഘവനും തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും സ്ഥാനംപിടിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് തരൂരിന്റെ കാര്യത്തില്‍ ആര്‍ക്കും എതിര്‍ അഭിപ്രായമില്ലെങ്കിലും തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫിലെ പ്രമുഖനെതിരെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത് തരൂരിന് തലവേദനയാണ്. ഇദ്ദേഹത്തെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി സഹകരിക്കില്ലെന്ന് വരെ പ്രാദേശിക നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

തിരുവനന്തപുരത്തെ സംബന്ധിച്ച് തിരുവനന്തപുരം യു ഡി എഫിന്റെ സേവ് സോണില്‍ ഉള്‍പ്പെടുന്ന മണ്ഡലമല്ല. മുമ്പ് രണ്ടു തവണ മത്സരിച്ച തരൂര്‍ ആദ്യം 1 ലക്ഷത്തോളം ഭൂരിപക്ഷം നേടിയെങ്കില്‍ കഴിഞ്ഞ വര്‍ഷം ഭൂരിപക്ഷം 15470 ലേക്ക് ഒതുങ്ങി. വിജയിച്ചത് കഷ്ടിച്ച് മാത്രം.

publive-image

മാത്രമല്ല, രണ്ടാം സ്ഥാനത്തെത്തിയ ഇടതുപക്ഷ സ്ഥാനാര്‍ഥിയും ബി ജെ പിയും തമ്മില്‍ കഷ്ടി 30000 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. അതും സീറ്റ് വില്‍പ്പനയുടെ പേരില്‍ ഇടത് സ്ഥാനാര്‍ഥി വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ ആയിരുന്നു. ഫലത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഇത്തവണ അത് കൂടുതല്‍ ശക്തി പ്രാപിക്കാനെ തരമുള്ളൂ.

ഈ സാഹചര്യത്തില്‍ തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ പോലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ തിരിച്ചടിക്ക് സാധ്യത നിലനില്‍ക്കുകയാണ്.  തരൂര്‍ അറിയാതെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ പലതും സംഭവിക്കുന്നു എന്നാണ് പാര്‍ട്ടി നേതാക്കളുടെ ആക്ഷേപം. പലതും തരൂരിനെ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്.

എറണാകുളത്ത് കെ വി തോമസിനെ സംബന്ധിച്ച് ഇനിയെങ്കിലും യുവാക്കള്‍ക്ക് അവസരം ഒരുക്കിക്കൂടെ എന്നാണ് ഉയരുന്നത്.  എട്ടോളം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയാവുകയും പല തവണ എം പിയും എം എല്‍ എ ഒക്കെ ആകുകയും ചെയ്ത കെ വി തോമസ്‌ ഒഴിഞ്ഞുകൊടുക്കണമെന്ന വാശിയിലാണ് യൂത്ത് കോണ്‍ഗ്രസ്.

publive-image

മാത്രമല്ല, കൊച്ചിയില്‍ മോഡിയെ പുകഴ്ത്തി പ്രസംഗിച്ചെന്ന ആക്ഷേപം കെ വിക്കെതിരെ വേറെയുമുണ്ട്. മോഡി ഭക്തനായ ഒരാള്‍ മത്സരിക്കുമ്പോള്‍ തങ്ങളെങ്ങനെ പ്രധാനമന്ത്രിയെയും ബി ജെ പിയെയും വിമര്‍ശിക്കും എന്നതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. ഇതൊക്കെ കെ വി തോമസിന് പ്രതിബന്ധങ്ങള്‍ തന്നെയാണ്.

പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിയോടുള്ള എതിര്‍പ്പ് കഴിഞ്ഞ തവണ തന്നെ ഉണ്ടായിരുന്നതാണ്.  2009 ല്‍ ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ ആ ഭൂരിപക്ഷം ആന്‍റോ ആന്റണിക്ക് അന്‍പതിനായിരത്തില്‍ താഴെയായി കുറഞ്ഞു. വയനാട് കഴിഞ്ഞാല്‍ യു ഡി എഫിന്റെ ശക്തിദുര്‍ഗമാണ് പത്തനംതിട്ട. അവിടെ അന്‍പതിനായിരമേ ഭൂരിപക്ഷം ഉണ്ടായുള്ളൂ എന്ന് പറഞ്ഞാല്‍ ആലോചിക്കേണ്ട വിഷയമാണ്.

publive-image

കുറയേറെ കാര്യങ്ങള്‍ മണ്ഡലത്തിന് വേണ്ടി ചെയ്തുവെങ്കിലും പ്രവര്‍ത്തകരെയും മുന്നണിയെയും രാഷ്ട്രീയമായി തൃപ്തിപ്പെടുത്താന്‍ എം പിക്ക് കഴിയുന്നില്ലെന്നതാണ് പത്തനംതിട്ടക്കാരുടെ ആക്ഷേപം.  എങ്കിലും നിലവിലെ സാഹചര്യത്തില്‍ ആന്‍റോ ആന്റണിക്ക് മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

വടകരയില്‍ മുല്ലപ്പള്ളിക്ക് പകരക്കാരനെ കണ്ടെത്തുകയാണ് ദുഷ്കരം. അവിടെ കെ എസ് യു അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ പേര് സജീവ പരിഗണനയില്‍ ഉണ്ടെങ്കിലും കൂടുതല്‍ ശക്തമായ പേരുകള്‍ പരിഗണിക്കപ്പെടേണ്ടതായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജാതി സമവാക്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വടകര.

രാഷ്ട്രീയമായി യു ഡി എഫിനേക്കാള്‍ ഇടത് പക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ടലം. മാത്രമല്ല, കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ജനതാദള്‍ ഇത്തവണ മറുപക്ഷത്താണ്. വടകരയില്‍ മാത്രം ഇവര്‍ക്ക് അന്‍പതിനായിരത്തോളം വോട്ടുകള്‍ ഉണ്ടെന്നാണ് അവകാശവാദം. ഇത്തരം കണക്കുകൂട്ടലുകളൊക്കെ പരിഗണിക്കുമ്പോള്‍ മുല്ലപ്പള്ളിയുടെ അഭാവത്തില്‍ അവിടെ ജയിച്ചു കയറാന്‍ കോണ്‍ഗ്രസിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

publive-image

കോണ്‍ഗ്രസുകാര്‍ സുരക്ഷിത മണ്ഡലമായി കരുതുന്ന വയനാട്ടില്‍ സ്ഥനാര്തിത്വത്തിനായി മുന്‍ കെ പി സി സി പ്രസിഡന്റ് വരെയുള്ളവര്‍ രംഗത്തുണ്ട്. ഇവിടെ തുടക്കം മുതല്‍ പറഞ്ഞുകേട്ടിരുന്ന പേര് കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ ടി സിദ്ദിഖിന്റെതായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ എം എം ഹസ്സനും വനിതാ പ്രാതിനിധ്യത്തിന്റെ പേരില്‍ ഷാനിമോള്‍ ഉസ്മാനുമൊക്കെ കയറി വന്നിരിക്കുന്നത്.

എറണാകുളത്ത് നിന്നുള്ള മറ്റ്‌ വനിതാ നേതാവിന്റെ പേരും ഇവിടെ പരിഗണനയിലാണ്. ആര്‍ക്ക് നറുക്ക് വീഴുമെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്. കോണ്‍ഗ്രസിന്റെ ഒരു ശരാശരി സ്ഥാനാര്‍ഥി മത്സരിച്ചാല്‍ വിജയം ഉറപ്പുള്ള ഇവിടെ ആ അവസരം നഷ്ടപ്പെടുത്താതെ എങ്ങനെ കടന്നുകയറാ൦ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന് കാര്യമായ എതിര്‍പ്പുകള്‍ ഒന്നുമില്ല. കൊടിക്കുന്നില്‍ ആദ്യം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഇദ്ദേഹം കേന്ദ്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.  കേന്ദ്രത്തിലെത്തിയ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള  ഏറ്റവും സീനിയര്‍ നേതാവെന്ന നിലയില്‍ കേന്ദ്ര ക്യാബിനറ്റ് റാങ്ക് പദവി വരെ ലഭിച്ചേക്കാം എന്നതാണ് കൊടിക്കുന്നിലിന്റെ മനംമാറ്റത്തിന് കാരണം.

loksabha ele 2019 cong
Advertisment