ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രനാക്കാനുള്ള നീക്കം പൊളിച്ചടുക്കിയത് ആന്റണിയും രണ്ടാംനിര നേതാക്കളും. തീരുമാനം കോണ്‍ഗ്രസിലെ പൊട്ടിത്തെറി ഭയന്ന്. ജോസഫിനെ കൂടാതെ കേരളത്തിലെ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലേയെന്ന്‍ എഐസിസി

ജെ സി ജോസഫ്
Friday, March 15, 2019

ഡല്‍ഹി:  കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് എം എല്‍ എയെ ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കം നടക്കില്ല.  കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നോട്ടുവച്ച ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഹൈക്കമാന്റ് തള്ളി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തോടെയുള്ള പ്രതിഷേധം കണക്കിലെടുത്താണ് നടപടി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും ജോസഫിന് സീറ്റ് കൊടുക്കുന്നതിനെ എതിര്‍ത്തു. നിലവില്‍ എ ഗ്രൂപ്പിനവകാശപ്പെട്ടതാണ് ഇടുക്കി സീറ്റെന്നതിനാല്‍ എ ഗ്രൂപ്പാണ് പുതിയ ഫോര്‍മുല മുന്നോട്ട് വച്ചത്. എ ഗ്രൂപ്പ് പ്രശ്നത്തില്‍ തുടക്കം മുതല്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.

എ യിലെ പ്രമുഖരായ കെ സി ജോസഫും ബെന്നി ബഹന്നാനും മുന്നോട്ടുവച്ച നിര്‍ദ്ദേശമാണ് ഇതോടെ പൊളിയുന്നത്. പകരം പി ജെ ജോസഫിന് മാന്യമായ പരിഗണനയോടെ ഭാവിയില്‍ മുന്നണിയില്‍ സുരക്ഷിതനായി സംരക്ഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഉറപ്പ്.

കേരളാ കോണ്‍ഗ്രസ് നേതാക്കളായ മാണിയുടെയും ജോസഫിന്റെയും വിഷമതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് നഷ്ടം സഹിക്കണമെന്ന് ഏത് നേതാക്കള്‍ തീരുമാനിച്ചാലും അംഗീകരിക്കില്ലെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തീരുമാനം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ഇത് കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായി മാറുമെന്നും നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു.

ഇതോടെയാണ് ജോസഫിനെ ഇടുക്കിയില്‍ യു ഡി എഫ് സ്വതന്ത്രനാക്കാനുള്ള നീക്കം പാളിയത്. കോണ്‍ഗ്രസ് സ്വതന്ത്രനായി യു ഡി എഫ് സ്ഥാനാര്‍ഥിയായി ജോസഫിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം.

മാണി ഗ്രൂപ്പില്‍ നിന്നും കോട്ടയം പിടിച്ചെടുത്ത് ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയ കെ സി ജോസഫ്, ബെന്നി ബെഹന്നാന്‍ എന്നിവരായിരുന്നു ജോസഫിനോടുള്ള വാക്ക് പാലിക്കാന്‍ ഇടുക്കിയില്‍ സ്വതന്ത്രനാക്കി ജോസഫിനെ മത്സരിപ്പിക്കാം എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഉമ്മന്‍ചാണ്ടിഈ നീക്കത്തെ പിന്തുണച്ചു.

എന്നാല്‍ പി ജെ ജോസഫില്ലാതെ കോണ്‍ഗ്രസിന് കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളതെന്നായിരുന്നു എ ഐ സി സി നേതൃത്വത്തിന്റെ ചോദ്യം. ഇതോടെ മാസങ്ങളായി പി ജെ ജോസഫ് – കെ സി ജോസഫ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഒരു സ്വപ്നമാണ് തകര്‍ന്നടിഞ്ഞത്.

×