Advertisment

പൂര്‍ത്തിയായ വികസനങ്ങളും സയന്‍സ് സിറ്റിയും ട്രിപ്പിള്‍ ഐടിയും പോലെ ഒന്നാംഘട്ടത്തില്‍ നില്‍ക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി വോട്ടുതേടും ! ജോസ് കെ മാണിയുടെ വികസന തുടര്‍ച്ച ചൂണ്ടിക്കാട്ടി തോമസ്‌ ചാഴികാടന്റെ പ്രചരണം !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കോട്ടയത്ത് ജോസ് കെ മാണിയുടെ വികസനം തന്നെയാകും യു ഡി എഫ് ആയുധമാക്കുക.  10 വര്‍ഷത്തോളം എം പിയായിരിക്കെ ജോസ് കെ മാണി കോട്ടയത്ത് കൊണ്ടുവന്ന കേന്ദ്ര ഫണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യു ഡി എഫ് തീരുമാനം. പ്രചരണ രംഗത്ത് ഉയര്‍ത്തിക്കാട്ടുന്നതും ഈ നേട്ടങ്ങള്‍ തന്നെയാണ്.

Advertisment

കോട്ടയത്തിന് പൊന്‍തൂവലായി മാറിയ രാജ്യത്തെ നാലാമത്തെ സയന്‍സ് സിറ്റി, ദക്ഷിണേന്ത്യയിലെ ആദ്യ ട്രിപ്പിള്‍ ഐ ടി, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കോട്ടയത്തെ മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ഇതിനോടകം ആരംഭം കുറിച്ച പദ്ധതികള്‍ ഏറെയാണ്‌.  ട്രിപ്പിള്‍ ഐ ടിയില്‍ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി കഴിഞ്ഞു.

publive-image

വലവൂരിലെ 100 ഏക്കര്‍ സ്ഥലത്ത് ട്രിപ്പിള്‍ ഐ ടി സമുച്ചയത്തിന്റെ ആധുനിക രീതിയിലുള്ള ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. കോട്ടയം മണ്ഡലത്തിലെ നൂറുകണക്കിന് കിലോമീറ്റര്‍ റോഡുകളാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കേരളത്തില്‍ ഏറ്റവും മികച്ച റോഡുകളുള്ള ഒന്നാമത്തെ മണ്ഡലമാണ് കോട്ടയം. ഏറ്റുമാനൂരിലും വൈക്കത്തുമെല്ലാം ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കിയ ഫിഷ്‌ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ പുതിയൊരു വികസന കാഴ്ചപ്പാടാണ് ജോസ് കെ മാണി അവതരിപ്പിച്ചത്. ജോസ് കെ മാണി കൊണ്ടുവരുമെന്ന് പറഞ്ഞ സ്ഥാപനങ്ങളൊക്കെ കോട്ടയത്ത് യാഥാര്‍ത്ഥ്യമായി കഴിഞ്ഞെന്നതാണ് യു ഡി എഫ് ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം.

ഇനി 2 എം പിമാരും അവരുടെ എം പി ഫണ്ടുകളും കൂടി ചേര്‍ത്ത് കോട്ടയത്തെ പുതിയ കാലഘട്ടത്തിലെ നഗരമാക്കി മാറ്റുമെന്നാണ് തോമസ്‌ ചാഴികാടന്റെ വാഗ്ദാനം.

രാജ്യസഭാംഗമായ ജോസ് കെ മാണിയുടെ നോഡല്‍ ജില്ല കോട്ടയമാണ്. തോമസ്‌ ചാഴികാടന്‍ കൂടി വിജയിച്ചു വന്നാല്‍ വര്‍ഷം 10 കോടി രൂപ മണ്ഡലത്തിന്റെ അടിസ്ഥാന സൌകര്യ വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിനിയോഗിക്കാന്‍ കഴിയും. യു ഡി എഫ് ലക്‌ഷ്യം വയ്ക്കുന്നതും അത് തന്നെയാണ്.

സയന്‍സ് സിറ്റിയുടെയും ട്രിപ്പിള്‍ ഐ ടിയുടെയുമൊക്കെ ഒന്നാംഘട്ട൦ മാത്രമാണ് പൂര്‍ത്തിയായത്. ഡല്‍ഹിയിലെ വിവിധ മന്ത്രാലയങ്ങളില്‍ കയറിയിറങ്ങിയുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ പദ്ധതികളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുകയുള്ളൂ. അതിന് അറിവും ഭാഷാ നൈപുണ്യവും പരമപ്രധാനമാണ്.

ചാര്‍ട്ടേഡ് അക്കൌണ്ടന്റായ തോമസ്‌ ചാഴികാടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് ഡല്‍ഹിയില്‍ ബാങ്ക് മാനേജരായിരുന്നു. ഭാഷാ മികവും വിദ്യാഭ്യാസ മികവും ഡല്‍ഹി രാഷ്ട്രീയത്തില്‍ അനിവാര്യമായ കാലഘട്ടത്തില്‍ തോമസ്‌ ചാഴികാടന്റെ വിജയം അനുയോജ്യമായ ജനപ്രതിനിധിയുടെ ഉദയത്തിന് കാരണമാകുമെന്നാണ് യു ഡി എഫിന്റെ അവകാശവാദ൦.

കോട്ടയത്തെ ജനകീയ നേതാവ് വി എന്‍ വാസവനാണ് ഇടത് മുന്നണി സ്ഥാനാര്‍ഥി. മുന്‍ എം പി പി സി തോമസ്‌ എന്‍ ഡി എ സ്ഥാനാര്‍ഥിയാണ്. ചുരുക്കത്തില്‍ പ്രഗത്ഭരുടെ പോരാട്ടമാണ് കോട്ടയത്തേത്.

 

Advertisment