Advertisment

എല്ലാ സര്‍വേകളും വിധിയെഴുതിയത് പാലക്കാട് സിപിഎം വിജയിക്കുമെന്ന്. പതിവായി തോല്‍ക്കാറുള്ള മണ്ഡലത്തില്‍ പ്രചരണത്തിന് ഫണ്ടും നേതാക്കളും എത്തിയില്ല. മാനസികമായി തളര്‍ത്താവുന്ന എല്ലാ സാഹചര്യങ്ങളും ഉണ്ടായപ്പോള്‍ വി കെ ശ്രീകണ്ഠന്‍ പൊരുതി നേടിയത് ജില്ല മുഴുവന്‍ നടന്നും തളര്‍ന്നും തന്നെ. ചിട്ടയായ പ്രവര്‍ത്തനവും കരുത്തുറ്റ നേതൃഗുണവും തുണയായി. അടിസ്ഥാനമിട്ടത് 24 ദിവസം കൊണ്ട് 400 കി.മീറ്റര്‍ താണ്ടിയ ജയ്ഹോ പദയാത്ര വിജയത്തിന്

New Update

പാലക്കാട്:  20 ല്‍ 19 ലും വിജയം കുറിച്ച യു ഡി എഫിന്റെ സ്ഥാനാര്‍ഥികളിലെ താരം പാലക്കാട്ടെ വി കെ ശ്രീകണ്ഠന്‍. കെ പി സി സിയും എ ഐ സി സിയും മാധ്യമങ്ങളും സര്‍വേകളുമെല്ലാം എഴുതി തള്ളിയിടത്ത് നിന്നാണ് ശ്രീകണ്ഠന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.  മാതൃഭൂമിയുടെ രണ്ടു സര്‍വേകളിലും ശ്രീകണ്ഠനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു റിപ്പോര്‍ട്ട് പുറത്ത് വന്നത്.

Advertisment

publive-image

പതിവായി തോല്‍ക്കുന്ന മണ്ഡലം ആയതിനാല്‍ പാലക്കാട് പ്രചരണത്തിന് വരാന്‍ പോലും നേതാക്കള്‍ക്ക് താല്പര്യമില്ലായിരുന്നു.  പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് ഫണ്ട് സംഭാവന നല്‍കാനും അധികമാരും തയാറായിരുന്നില്ല. പ്രചരണം വേണ്ടവിധം കോ - ഓര്‍ഡിനേറ്റ് ചെയ്യാന്‍ പോലും നേതാക്കളില്ലായിരുന്നു പാലക്കാട്. പിന്നീട് രമേശ്‌ ചെന്നിത്തല ഇടപെട്ടാണ് അജയ് തറയിലിന് ഇവിടെ ചുമതല നല്‍കുന്നത്.

തെരഞ്ഞെടുപ്പില്‍ വച്ച് നടന്ന എല്ലാ സര്‍വേകളും പാലക്കാട് ഇടതുപക്ഷത്തിന് ഉറപ്പ് നല്‍കുന്നതായിരുന്നു. എ ഐ സി സിയുടെ സര്‍വേയുടെ അവസ്ഥ പോലും അതായിരുന്നു. അങ്ങനെ ഒരു സ്ഥാനാര്‍ഥിയെ പ്രചരണ രംഗത്ത് എത്ര മാനസികമായി തളര്‍ത്താമോ അതെല്ലാം ഏറ്റുവാങ്ങിയാണ് ശ്രീകണ്ഠന്‍ പ്രചരണവുമായി മുന്നോട്ട് പോയത്.

publive-image

ഒരു സര്‍വേ വരുമ്പോഴും തളര്‍ന്നുപോയ പ്രവര്‍ത്തകരെ കാര്യം പറഞ്ഞു മനസിലാക്കി വീണ്ടും ഫീല്‍ഡിലിറക്കാന്‍ നന്നേ പണിപ്പെട്ടു. ഫണ്ട് ദൌര്‍ലഭ്യമായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. അത്തരം എല്ലാ പ്രതിസന്ധികളെയും തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു സി പി എമ്മിന്റെ ഉരുക്കുകോട്ടയില്‍ കഴിഞ്ഞ തവണ 1 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് എം ബി രാജേഷ് വിജയിച്ചിടത്ത് വി കെ ശ്രീകണ്ഠന്റെ മിന്നുന്ന വിജയം. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ശ്രീകണ്ഠന്‍ പിന്നോക്കം പോയില്ല.

കഠിനാധ്വാനമായിരുന്നു ശ്രീകണ്ഠന്റെ വിജയത്തിന്റെ പ്രധാന ഘടകം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ഒരു മാസം മുമ്പ് പാലക്കാട് ജില്ലയിലാകെ 400 കി. മീറ്റര്‍ ദൂരം 24 ദിവസങ്ങള്‍ കൊണ്ട് നടത്തിയ 'ജയ്ഹോ' പദയാത്ര ജില്ലയെ ഇളക്കിമറിച്ചു.

publive-image

പദയാത്ര കഴിഞ്ഞതിന്റെ പിറ്റേദിവസം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഫോണ്‍ കോളെത്തി; പാലക്കാട് താങ്കളാണ് സ്ഥാനാര്‍ഥിയെന്ന്‍. ആരോടും സീറ്റ് ചോദിച്ച് ഓടിനടന്നില്ല. അതിനായി ഡല്‍ഹിക്കും പോയില്ല. പകരം പ്രവര്‍ത്തകരുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. അങ്ങനെ വന്നപ്പോള്‍ ശ്രീകണ്ഠന്‍ തന്നെ സ്ഥാനാര്‍ഥിയെന്ന്‍ പാര്‍ട്ടിക്ക് തീരുമാനിക്കേണ്ടി വന്നു.

publive-image

24 ദിവസം തുടര്‍ച്ചയായി 400  കി.മീറ്റര്‍ ദൂരം 40 ഡിഗ്രി സെല്‍ഷ്യസ് ചൂടത്ത് നടന്നു തീര്‍ത്ത ക്ഷീണം മാറാന്‍ നില്‍ക്കാതെയാണ് പിറ്റേദിവസം മുതല്‍ പ്രചരണത്തിനിറങ്ങിയത്. അവിടെയും നില്‍ക്കാതെ ഓടും. രാവിലെ 7 മുതല്‍ രാത്രി 2 വരെ യാത്രകളായിരുന്നു. ബാക്കിയുള്ള സമയത്തായിരുന്നു പ്രചരണം ഓര്‍ഡിനേറ്റ് ചെയ്തതും ഫണ്ട് പിരിവും, കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയതുമെല്ലാം. എന്തായാലും അതൊക്കെ ഫലം കണ്ടതിന് തെളിവാണ് 11637 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയം.

publive-image

പാലക്കാട് കോണ്‍ഗ്രസ് വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധിയോ മുല്ലപ്പള്ളി രാമചന്ദ്രനോ പോലും ഇന്ന് രാവിലെ വരെ വിശ്വസിച്ചിരുന്നില്ല. അങ്ങനുള്ളിടത്ത് നിന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് ശ്രീകണ്ഠന്‍ പൊരുതി .. നടന്നു.. കയറിയത്. ശരിക്കും തീയില്‍ കുരുത്തതുപോലെ.

അതിനാല്‍ തന്നെ ചുവപ്പന്‍ ചക്രവാളമായ പാലക്കാട്ടെ പൊരിയുന്ന രാഷ്ട്രീയ വെയിലത്ത് വി കെ ശ്രീകണ്ഠന്‍ എന്ന കരുത്തന്‍ തളര്‍ന്നുവീഴില്ല. ശ്രീകണ്ഠനും രമ്യ ഹരിദാസും ഊര്‍ജ്ജസ്വലരായി രംഗത്ത് വരുന്നതോടെ പാലക്കാട് സി പി എമ്മിന്റെ കോട്ടകള്‍ ഇനി എത്രനാള്‍ പിടിച്ചുനില്‍ക്കും എന്ന് കണ്ടറിയണം.

Advertisment