പ്രതീക്ഷയില്‍ കോണ്‍ഗ്രസിന്റെ ഇരുപതാമത്തെയും ഇടതുപക്ഷത്തിന്റെ ഒന്നാമത്തെയും മണ്ഡലം പാലക്കാട് തന്നെ. പക്ഷേ പാലക്കാട്ടെ ജനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പറഞ്ഞുതരുന്ന ചിത്രം മറ്റൊന്നാണ് ? പാലക്കാട് ആര്‍ക്കൊപ്പം ? വിലയിരുത്തല്‍ ഇങ്ങനെ ..

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, May 15, 2019

പാലക്കാട്:  കഷ്ടിച്ച് രണ്ടു പതിറ്റാണ്ടുകള്‍ മുമ്പുവരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു പാലക്കാട് ജില്ല.  കെ ശങ്കരനാരായണന്‍, പി ബാലന്‍, കെ അച്യുതന്‍, വി എസ് വിജയരാഘവന്‍ എന്നിവരെല്ലാം പാലക്കാട്ട് നിന്നും പലതവണ വിജയക്കൊടി പാറിച്ചവരാണ്. പിന്നീട് എന്‍ എന്‍ കൃഷ്ണദാസിലൂടെ പാലക്കാട് മണ്ഡലവും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലങ്ങളോരോന്നും ഇടതുപക്ഷം കയ്യടക്കുകയായിരുന്നു.

ജില്ലയില്‍ കൊടികുത്തിവാണ ഗ്രൂപ്പ് പോരായിരുന്നു കോണ്‍ഗ്രസിന്റെ പതനത്തിനും ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനും കാരണമായത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ ഈ പരാജയ ചരിത്രത്തില്‍ നിന്നായിരുന്നു ഡി സി സി അധ്യക്ഷനായ വി കെ ശ്രീകണ്ഠന്റെ തുടക്കം.

പാര്‍ട്ടിയെ അടിമുടി ഊര്‍ജ്ജസ്വലമാക്കുകയെന്നതായിരുന്നു ശ്രീകണ്ഠന്റെ പ്രഥമ ദൌത്യം. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഇതിനായി വ്യത്യസ്തങ്ങളായ പരിപാടികള്‍ ഡി സി സിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജില്ലയില്‍ നടത്തിയ 400 കി.മീറ്റര്‍ ജയ്ഹോ പദയാത്ര ജില്ലയില്‍ പാര്‍ട്ടിയെ പുത്തനുണര്‍വ്വിലേക്ക് നയിച്ചു.

ജയ്ഹോ അട്ടിമറി

24 ദിവസങ്ങള്‍ കൊണ്ട് 400 കി. മീറ്ററുകള്‍ പിന്നിട്ട് 100 സ്വീകരണ യോഗങ്ങളില്‍ സംബന്ധിച്ചുകൊണ്ടായിരുന്നു ശ്രീകണ്ഠന്‍ നയിച്ച പദയാത്ര കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ തലേദിവസം പാലക്കാട് സമാപിച്ചത്. സമാപന സമ്മേളനം മാത്രം ഉമ്മന്‍ചാണ്ടിയുടെ സൌകര്യാര്‍ത്ഥം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരുന്നെങ്കിലും അതിനിടെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയാകുകയും പ്രചരണം ആരംഭിക്കുകയും ചെയ്തതോടെ അത് നടന്നില്ല.

പ്രതീക്ഷയെല്ലാവര്‍ക്കും പാലക്കാട്

പ്രചരണത്തിന്റെ തുടക്കത്തില്‍ വിജയ പ്രതീക്ഷയില്‍ ഇടതുപക്ഷത്തിന്റെ ഒന്നാമത്തെ മണ്ഡലവും കോണ്‍ഗ്രസിന്റെ 20 -)൦മത്തെ മണ്ഡലവുമായിരുന്നു പാലക്കാട്. ഇപ്പോള്‍ പ്രചരണം അവസാനിച്ചപ്പോഴും ഇരുകൂട്ടരുടെയും പ്രതീക്ഷ അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ പോലും പാലക്കാടിനെ ബാലികേറാമലയായാണ് കാണുന്നത്. തിരിച്ചൊരു അഭിപ്രായം പറഞ്ഞത് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാത്രം. പാലക്കാട് അട്ടിമറി സാധ്യതയുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.

പറഞ്ഞത് കുഞ്ഞാലിക്കുട്ടി മാത്രം

പാലക്കാട് മണ്ഡലത്തില്‍ നിന്നുള്ള വിലയിരുത്തലുകളും കുഞ്ഞാലിക്കുട്ടി പറഞ്ഞ പ്രകാരം തന്നെയാണ്. മണ്ഡലത്തില്‍ നിന്നുള്ള സജീവ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ പറയുന്നതിങ്ങനെയാണ്; ‘കടുത്ത പോരാട്ടം. 50:50 സാധ്യത’, ‘ഇത്തവണ ശ്രീകണ്ഠന്‍ ജയിച്ചേക്കും’, ‘ഒപ്പത്തിനൊപ്പം എം ബി രാജേഷ് കഷ്ടിച്ച് വിജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രം’. ഇതിനപ്പുറം പുറത്ത് യു ഡി എഫും ഇടതുപക്ഷവും പറയുംപോലെ ‘പാലക്കാട് എം ബി രാജേഷ് തന്നെ’ എന്ന് ആരും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം.

മുന്നേറിയത് ശ്രീകണ്ഠന്‍ തന്നെ

കേരളത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളില്‍ ഇടതുപക്ഷത്തിന്റെ ഒന്നാമത്തെ മണ്ഡലമായ പാലക്കാട്, ഒപ്പത്തിനൊപ്പമോ വിജയത്തിലേക്കോ എന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയില്ലെങ്കില്‍ അത് സ്ഥാനാര്‍ഥി എന്ന നിലയില്‍ വി കെ ശ്രീകണ്ഠന്റെ വിജയവും പ്രവര്‍ത്തകരുടെ ഒത്തൊരുമയും കഠിനാധ്വാനവും തന്നെയാണ്.

ഒന്നാമത്തെ കാരണം തെരഞ്ഞെടുപ്പിന് 2 മാസം മുമ്പ് മുതല്‍ ജയ്ഹോ പദയാത്രയും പിന്നെ പ്രചരണവുമായി ജില്ലയില്‍ വാര്‍ത്താകേന്ദ്രമാകാനും ജനങ്ങള്‍ക്കിടയില്‍ സജീവമാകാനും ശ്രീകണ്ഠന് കഴിഞ്ഞു എന്നതാണ്.

ഉന്നയിച്ചത് പ്രാദേശിക വിഷയങ്ങള്‍ മാത്രം

മാത്രമല്ല, പ്രചരണത്തിന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളില്‍ പ്രസംഗിച്ചപ്പോഴും ദേശീയ വിഷയങ്ങളും രാഷ്ട്രീയവും പറയുന്നതിനുമപ്പുറം ആ നാട്ടിലെ വികസന പോരായ്മകള്‍ ചൂണ്ടിക്കാട്ടി സംസാരിക്കാനും അത് താന്‍ നടപ്പിലാക്കുമെന്ന് ആ പ്രദേശത്തുള്ളവര്‍ക്ക് ഉറപ്പ് നല്‍കാനും ശ്രീകണ്ഠന് കഴിഞ്ഞെന്നതാണ് പ്രധാന നേട്ടം.

കഴിഞ്ഞ 10 വര്‍ഷം എം പിയായിരുന്നിട്ടും എം ബി രാജേഷ് പ്രാവര്‍ത്തികമാക്കാതിരുന്ന ചില പാലങ്ങള്‍, റോഡുകള്‍, കുടിവെള്ള പദ്ധതികള്‍ ഒക്കെ താന്‍ വിജയിച്ചാല്‍ പ്രഥമ പരിഗണന നല്‍കി ഉടന്‍ നടപ്പിലാക്കുമെന്ന് ആ നാട്ടില്‍ ചെന്ന് ശ്രീകണ്ഠന്‍ ഉറപ്പ് നല്‍കിയപ്പോള്‍ അത് വലിയ തോതില്‍ വോട്ടുകള്‍ തിരിയാന്‍ ഇടയാക്കിയെന്നു പറയുന്നു.

ശ്രീകണ്ഠന്റെ പ്രധാന തന്ത്രങ്ങളില്‍ ഒന്ന് അതായിരുന്നു. മാത്രമല്ല, പ്രചരണത്തിന്റെ ഭാഗമായ കൂടുതല്‍ ഉള്‍പ്രദേശങ്ങളില്‍ ഓടിയെത്താന്‍ ശ്രീകണ്ഠന് കഴിഞ്ഞു. ഇതൊക്കെ അനുകൂല ഘടകങ്ങളായി മാറി.

കൃഷ്ണകുമാറിന്റെ മുന്നേറ്റം ആരുടെ പെട്ടി ചോര്‍ത്തും

മറ്റൊരു ഘടകം ബി ജെ പി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ മുന്നേറ്റമാണ്. ശബരിമല വിഷയം ഏറ്റവും അലയടി ഉയര്‍ത്തിയ ജില്ലകളില്‍ ഒന്ന്‍ പാലക്കാടായിരുന്നു. അതിന്റെ മുന്നേറ്റം കൃഷ്ണകുമാറിന് ഗുണം ചെയ്യും. പക്ഷെ, കൃഷ്ണകുമാര്‍ ആരുടെ വോട്ടുകളാണ് ചോര്‍ത്തുക എന്നതാണ് ശ്രദ്ധേയം.

നിലവിലെ സൂചനകളനുസരിച്ച് കൃഷ്ണകുമാര്‍ പിടിച്ച വോട്ടുകളില്‍ ഒരു ഭാഗം ഇടതുപക്ഷത്തിന്റെ വിഹിതത്തില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ അത് എം ബി രാജേഷിനായിരിക്കും തിരിച്ചടിയാകുക. രാജേഷിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയും ശബരിമല തന്നെയായിരിക്കും. അങ്ങനെ രാജേഷിന്റെ വോട്ടുബാങ്കുകളിലുണ്ടാകുന്ന ചോര്‍ച്ചയും ബി ജെ പി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ മുന്നേറ്റവും ആത്യന്തികമായി ഗുണം ചെയ്യുക വി കെ ശ്രീകണ്ഠനു തന്നെയായിരിക്കും.

×