പത്തനംതിട്ടയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ മുന്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ നീക്കം. പകരം കുട്ടനാട് സിപിഎമ്മിന് വിട്ടുകൊടുക്കാനും തയാര്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Tuesday, August 7, 2018

ആലപ്പുഴ:  മുന്‍ മന്ത്രിയും കുട്ടനാട് എം എല്‍ എയുമായ തോമസ്‌ ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി പത്തനംതിട്ട സീറ്റ് എന്‍ സി പിക്ക് അനുവദിക്കണമെന്ന ആവശ്യം തോമസ്‌ ചാണ്ടി സി പി എമ്മിന് മുന്‍പില്‍ ഉന്നയിച്ചതായാണ് സൂചന.

പത്തനംതിട്ട ലോക്സഭാ സീറ്റിന് പകരം കുട്ടനാട്ടിലെ തന്റെ സിറ്റിംഗ് സീറ്റ് സി പി എമ്മിന് വിട്ടുനല്കാമെന്നതാണ് തോമസ്‌ ചാണ്ടിയുടെ നിര്‍ദ്ദേശം. എന്നാല്‍ സി പി എം നേതൃത്വം നിലവില്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇനി മന്ത്രിസ്ഥാനത്തിന് സാധ്യതയില്ലെന്ന് കണ്ടതോടെ വെറും എം എല്‍ എ ആയി തുടരാന്‍ താല്പര്യമില്ലെന്നാണ് ചാണ്ടിയുടെ നിലപാട്. പത്തനംതിട്ടയിലാണെങ്കില്‍ തനിക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യു ഡി എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കുകള്‍ ഭിന്നിപ്പിക്കാന്‍ കഴിയും, പെന്തക്കോസ്ത് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കും, നിലവില്‍ മണ്ഡലത്തില്‍ അനദിമതനായി മാറിക്കൊണ്ടിരിക്കുന്ന സിറ്റിംഗ് എം പി ആന്‍റോ ആന്റണിയുടെ വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ സമാഹരിക്കാനാകും എന്നീ വാദങ്ങളാണ് തോമസ്‌ ചാണ്ടി മുന്നോട്ട് വയ്ക്കുന്നത്.

എന്നാല്‍ ആന്‍റോ ആന്റണി തന്നെയാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥിയെങ്കില്‍ ഇവിടെ സി പി എം സ്വതന്ത്രനെ പരിഗണിക്കാനാണ് സി പി എം ആലോചന. ആന്‍റോ ആന്റണിയ്ക്കുള്ള നെഗറ്റീവ് വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തിന്റെ വിജയത്തിന് സഹായകമായി മാറുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച ഫിലിപ്പോസ് തോമസ്‌ ഇവിടെ വീണ്ടും സ്ഥാനാര്‍ഥി ആയേക്കാം. ആന്‍റോ വീണ്ടും മത്സരിച്ചാല്‍ ഇവിടെ ജയസാധ്യതയില്ലെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്.

×