തൃശൂര്‍ തിരിച്ചുപിടിക്കാന്‍ കെപിസിസിയുടെ പായ്ക്കേജ് ! ടി എന്‍ പ്രതാപന്‍ തൃശൂരില്‍ ലോക്സഭാ സ്ഥാനാര്‍ഥിയാകും ! നിയമസഭയിലേക്ക് പുതിയ ടീം വരും. തേറമ്പില്‍, വിശ്വനാഥന്‍, ബാലകൃഷ്ണന്‍ എന്നീ പഴയ താരങ്ങള്‍ക്ക് സീറ്റുണ്ടാവില്ല !

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, July 3, 2018

തൃശൂര്‍:  കോണ്‍ഗ്രസിന്റെ പ്രസ്റ്റീജ് ജില്ലയായ തൃശൂരില്‍ തിരിച്ചു പിടിക്കാന്‍ കെ പി സി സിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പായ്ക്കേജ ഒരുങ്ങുന്നു. അടുത്ത കാലത്ത് വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ജില്ലയില്‍ നിയമസഭ/പാര്‍ലമെന്റ് പ്രാതിനിധ്യം ആകെ വടക്കാഞ്ചേരി നിയമസഭാംഗത്വത്തില്‍ മാത്രം ഒതുങ്ങിയ സാഹചര്യത്തിലാണ് തൃശൂര്‍ ജില്ലയെ പ്രത്യേകമായി കണ്ട് പ്രത്യേക രാഷ്ട്രീയ പായ്ക്കേജിന് കെ പി സി സി രൂപം നല്‍കുന്നത്.

ആദ്യ പടിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ തിരിച്ചുപിടിക്കാനാണ് നീക്കം. ഇതിനായി ഇടതുപക്ഷത്തിന്റെ സി എന്‍ ജയദേവനില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ ഡി സി സി അധ്യക്ഷന്‍ ടി എന്‍ പ്രതാപനെ തന്നെ രംഗത്തിറക്കാനാണ് ആലോചന.

പ്രതാപനോട് ആവശ്യം വന്നാല്‍ മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി നേതൃത്വം സൂചന നല്‍കി കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പ്രതാപനെപ്പോലുള്ള ജനപ്രിയ നേതാക്കളെ രംഗത്തിറക്കാതെ വിജയം അനായാസമാക്കില്ലെന്നതാണ് വിലയിരുത്തല്‍. പി സി ചാക്കോയെപ്പോലുള്ള സ്ഥിരം മത്സരാര്‍ത്ഥികള്‍ രംഗത്തിറങ്ങാതിരിക്കാനും പ്രതാപനെ മുന്‍കൂറായി അവതരിപ്പിക്കാനാണ് ആലോചന.

ഉമ്മന്‍ചാണ്ടിയുടെ ആശിര്‍വാദത്തോടെയാണ് പ്രതാപനെ തൃശൂരില്‍ മത്സരത്തിനിറക്കാന്‍ ആലോചന നടക്കുന്നത്. സുധീരന്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയോട് അന്നും കൂറുപുലര്‍ത്തിയിരുന്ന നേതാവായിരുന്നു പ്രതാപന്‍.

തൃശൂരില്‍ തത്ക്കാലം പ്രതാപനല്ലാതെ മറ്റൊരാള്‍ സ്ഥാനാര്‍ഥിയായാലുള്ള സാധ്യതകളും വിരളമാണ്. അതേസമയം, വി എം സുധീരന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തെ തൃശൂരില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് മടിക്കില്ല. എന്നാല്‍ സുധീരനെ ആറ്റിങ്ങലില്‍ പരിഗണിക്കാനാണ് നേതൃത്വത്തിന് താല്പര്യം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള പുതുമുഖങ്ങളെ തൃശൂരിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് പരിഗണിക്കും. മണ്ഡലം തിരിച്ച് ഇത്തരക്കാരുടെ ലിസ്റ്റ് തയാറാക്കാന്‍ ഡി സി സിയ്ക്ക് കെ പി സി സി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലിനെപ്പോലുള്ള ഊര്‍ജ്ജസ്വലരായ പുതുമുഖങ്ങള്‍ക്ക് ഇക്കുറി നറുക്ക് വീണേക്കും. ജോണ്‍ ഡാനിയേലിനെയാണ് തൃശൂരില്‍ പരിഗണിക്കാന്‍ സാധ്യത. 13 മണ്ഡലങ്ങളില്‍ 10 ഉം അടുത്ത തവണ പിടിച്ചെടുക്കണമെന്നാണ് നിര്‍ദ്ദേശം.

തേറമ്പില്‍ രാമകൃഷ്ണന്‍, കെ പി വിശ്വനാഥന്‍, സി എന്‍ ബാലകൃഷ്ണന്‍, പി എ മാധവന്‍ തുടങ്ങിയവരെയൊന്നും പുതിയ ലോക്സഭാ/നിയമസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിക്കാനിടയില്ലെന്നാണ് സൂചന.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമായിരുന്ന തൃശൂരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തമ്മിലടിക്ക് ശമനം ഉണ്ടായത് പ്രതാപന്‍ ഡി സി സി അധ്യക്ഷനായ ശേഷമാണ്. ഈ സാഹചര്യം തുടരണമെന്നാണ് നിര്‍ദ്ദേശം. ജില്ലയില്‍ ഉള്‍പ്പെടുന്ന ചാലക്കുടി, ആലത്തൂര്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ക്കും കോണ്‍ഗ്രസ് രൂപം നല്‍കുന്നുണ്ട്.

ആലത്തൂരില്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍ മത്സരിച്ചേക്കും. ചാലക്കുടിയിലും അപ്രതീക്ഷിത സ്ഥാനാര്‍ഥി ഉണ്ടാകും.

×