Advertisment

വയനാട്ടിലും ഇടുക്കിയിലും സീറ്റിനായി കോണ്‍ഗ്രസ് നേതാക്കളുടെ നെട്ടോട്ടം ! മത്സരിക്കാനില്ലെന്ന് സുധീരന്‍ ! സുധീരനെ വേണ്ടെന്ന് പ്രവര്‍ത്തകരും ! സിറ്റിംഗ് എംപിമാരുടെ കാര്യം തങ്ങള്‍ തീരുമാനിക്കുമെന്ന് എഐസിസി ! എന്നാലും കെ സി മത്സരിക്കുമോ? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകളിലേയ്ക്ക് കടക്കുമ്പോള്‍ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം:  യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കി സീറ്റ് നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കാനൊരുങ്ങി കെ പി സി സി. സിറ്റിംഗ് എം പിമാര്‍ക്കെല്ലാം സീറ്റ് നല്‍കണമെന്നാണ് എ ഐ സി സിയുടെ നിലപാടെന്നതിനാല്‍ ഇതൊഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാകും ചര്‍ച്ച നടക്കുക.

ഇന്നലെ കെ പി സി സി സ്ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നെങ്കിലും സ്ഥാനാര്‍ഥിയുടെ പേര് വച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ല. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ പക്കലുള്ള പേരുകള്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കാനാണ് ഇന്നലത്തെ യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായത്. നിലവില്‍ പാലക്കാട് വി കെ ശ്രീകണ്ഠന്റെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. ജില്ലയില്‍ 361 കിലോമീറ്റര്‍ കാല്‍നടയായി പദയാത്ര സംഘടിപ്പിച്ച് വന്‍ ജനപിന്തുണ നേടിയ ശ്രീകണ്ഠനെ ഒഴിവാക്കാന്‍ കഴിയില്ല .

publive-image

സീറ്റിനായി മത്സരം വയനാട്ടില്‍

കോണ്‍ഗ്രസില്‍ ഏറ്റവും അധികം സ്ഥാനാര്‍ഥി മോഹികള്‍ രംഗത്തുള്ളത് വയനാട് സീറ്റിലാണ്. കെ സി വേണുഗോപാല്‍ മുതല്‍ ഷാനിമോള്‍ ഉസ്മാന്‍, എം എം ഹസ്സന്‍, ടി സിദ്ദിഖ്, വി വി പ്രകാശ്‌ എന്നീ പേരുകളൊക്കെ വയനാട്ടില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.  എന്നാല്‍ ടി സിദ്ദിഖിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും പേരുകള്‍ക്കാണ് ഇവിടെ മുന്‍തൂക്കം.

മലബാറിന് പുറത്തു നിന്നുള്ള ആര് മത്സരിച്ചാലും വയനാട് ഇത്തവണ നിലനിര്‍ത്താനാകില്ലെന്ന സൂചനകളാണ് മണ്ഡലത്തില്‍ നിന്നും പുറത്തുവരുന്നത്. ജാതി / മത / വര്‍ഗ / വനിതാ / യുവത്വ പരിഗണനകള്‍ വച്ചാണ് കോണ്‍ഗ്രസിലെ സീറ്റ് വിഭജനമെന്നതിനാല്‍ ഇത്തവണ എന്തും സംഭവിക്കാം.

publive-image

കെ സി മത്സരിക്കുമോ ?

എ ഐ സി സി സംഘടനാ ചുമതലയും മുഴുവന്‍ സംസ്ഥാനങ്ങളിളെയും സ്ക്രീനിംഗ് കമ്മിറ്റി അംഗത്വവുമുള്ള കെ സി വേണുഗോപാല്‍ ഇത്തവണ മത്സര രംഗത്തുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെ സിയ്ക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരായി രംഗത്തിറങ്ങിയിട്ടുമുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാണ്. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ തന്നെ മത്സരിക്കും.

publive-image

മത്സരിക്കാനില്ലെന്ന് സുധീരന്‍ ! വേണ്ടെന്ന് പ്രവര്‍ത്തകരും

ഇത്തവണയും മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എല്ലാ തവണയും അദ്ദേഹം അങ്ങനെ അറിയിക്കുന്നതാണ്. മത്സരത്തിനായി ഇറങ്ങി നടന്നു മിനക്കെടാതെ രാജ്യസഭ വഴി എം പിയാകണമെന്നതാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. തൃശൂരിലും ചാലക്കുടിയിലുമായിരുന്നു സുധീരന്റെ പേരുകള്‍ പരിഗണനയ്ക്ക് വന്നത്.

എന്നാല്‍ സുധീരനെ വരവേല്‍ക്കുന്നതിനു പകരം ആരും ഇല്ലെങ്കിലും സുധീരനെ വേണ്ടെന്നു ചില പ്രവര്‍ത്തകര്‍ കെ പി സി സിയെ അറിയിച്ചതായാണ് വിവരം. മദ്യ നിരോധനം പറഞ്ഞ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ പരാജയത്തിന് വളം വച്ചതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സുധീരനോടുള്ള വാശി.

publive-image

അടിപിടി ഇടുക്കിയില്‍ ?

വയനാട് കഴിഞ്ഞാല്‍ സീറ്റ് മോഹികളുടെ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് ഇടുക്കി. ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍, ടോമി കല്ലാനി എന്നിവരൊക്കെയാണ് ഇടുക്കിയിലെ സാധ്യതാ ലിസ്റ്റില്‍. പിന്നെ ഗ്രാമപഞ്ചായത്തില്‍ നിന്നാല്‍ കെട്ടിവച്ച കാശ് കിട്ടില്ലാത്ത ചിലരും ഗ്രൂപ്പ് പേര് പറഞ്ഞു രംഗത്തുണ്ട്. പത്രങ്ങളിലും ചാനലുകളിലുമൊക്കെ പേരും വരുത്തുന്നുണ്ട്.

അവരുടെ സീറ്റ് മോഹം അതിലൊതുങ്ങാനാണ് സാധ്യത. തങ്ങള്‍ക്ക് കളമൊരുക്കാനായി മുമ്പ് മറ്റ്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയൊക്കെ കാലുവാരി തോല്‍പ്പിച്ച ഇവര്‍ മത്സരിച്ചാല്‍ ഫലമറിയാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടി വരില്ല.

loksabha ele 2019 cong vayanad loksabha ele 19 idukki loksabha ele 19
Advertisment