Advertisment

സഭയ്ക്കുള്ളിൽ ഇടതുപക്ഷ ശൈലി കടമെടുത്ത പ്രതിപക്ഷ നീക്കം സർക്കാരിനെയും ഞെട്ടിച്ചു ! ഗവർണറെ തടഞ്ഞ് പ്രതിപക്ഷവും അനുസരിപ്പിച്ച് ഭരണപക്ഷവും ബലാബലം പയറ്റിയപ്പോൾ ലാഭം ആർക്ക് ? സഭയ്ക്കുള്ളിലെ രാഷ്ട്രീയത്തിന്റെ ക്ഷീണം ആർക്ക് ?

New Update

തിരുവനന്തപുരം: അപ്രതീക്ഷിത നീക്കത്തിലൂടെ ഭരണകക്ഷിയെ ഞെട്ടിച്ച് നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷ നീക്കം.

Advertisment

നയ പ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ സഭയ്ക്കുള്ളിൽ പ്രതിഷേധ വാചകങ്ങൾ എഴുതിയ ബാനറുകളും പ്ലാക്കാർഡുകളുമായി പ്രതിപക്ഷം 10 മിനിറ്റോളം തടഞ്ഞു നിർത്തിയത് ഭരണകക്ഷി പോലും പ്രതീക്ഷിക്കാത്ത നീക്കമായിപ്പോയി.

അതിനിടെ ഗവർണറെക്കൊണ്ട് പൗരത്വ നിയമത്തിനെതിരായ നയപ്രഖ്യാപന ഭാഗങ്ങൾ വായ്‌പിച്ചതിന്റെ ക്രെഡിറ്റുമായാണ് സർക്കാർ തിരിച്ചടിച്ചത്.

publive-image

നയപ്രഖ്യാപനം പൂർണ്ണമായി വായിക്കുകയെന്നത് ഭരണഘടനാ ദൗത്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് രാവിലെ മുഖ്യമന്ത്രി ഗവർണർക്കെഴുതിയ കത്ത് പുറത്തുവിട്ടുകൊണ്ട് ഇന്ന് തലക്കെട്ട് സൃഷ്ടിക്കാൻ സർക്കാരിനും കഴിഞ്ഞു.

അതോടെ നിയമസഭയുടെ ആദ്യ ദിവസം വിജയം ഭരണകക്ഷിക്കാണോ പ്രതിപക്ഷത്തിനാണോ എന്നായി മാറുകയാണ് ചർച്ചകൾ.

നിയമസഭയ്ക്കകത്തും പുറത്തും ബി ജെ പിയും സർക്കാരും തമ്മിൽ ധാരണയായെന്നും ഗവർണർ ഇതിന് ഇടനിലക്കാരനായെന്നും തുറന്നടിച്ചത് പ്രതിപക്ഷത്തിന്റെ തന്ത്രപരമായ നീക്കം തന്നെയായിരുന്നു.

ലാവ്ലിൻ കേസ് അട്ടിമറിയ്ക്കാൻ ധാരണയിലെത്തിയതോടെ പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്താൻ ധാരണയായെന്ന് പ്രതിപക്ഷ നേതാക്കൾ തുറന്നടിച്ചു.

ആരോപണവും ആരോപണത്തിന് അടിസ്ഥാനമായ കാരണവും പ്രതിപക്ഷം ആവർത്തിച്ചതോടെ പൗരത്വ വിഷയത്തിൽ തുടക്കത്തിൽ നേടിയ മേൽക്കൈ നിലനിർത്താൻ ഇടതുപക്ഷത്തിന് കഴിയാതെ പോകുന്നുവെന്ന സംശയവും ഉയർന്നു കഴിഞ്ഞു.

സാധാരണ ശൈലി വിട്ട് കടുത്ത പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം മാറിയത് യു ഡി എഫിലും പുത്തനുണർവ്വ് നൽകിയിട്ടുണ്ട്. പ്രതിഷേധ ശൈലികളിൽ മൃദുവായ സമീപനമാണ് യു ഡി എഫിന്റെ രീതി.

എന്നാൽ നിലവിലെ പ്രതിപക്ഷ സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുകയാണെന്ന് രമേശ് ചെന്നിത്തലയ്ക്കെതിരെ മനഃപൂർവ്വമായ ഒരു പ്രചരണം സൃഷ്ടിക്കാൻ കോൺഗ്രസിലെ ഗ്രൂപ്പ് കളികൾക്ക് കഴിഞ്ഞിട്ടുണ്ട്.

അത്തരം ഒരാക്ഷേപം വേണ്ടപ്പെട്ടവർ തന്നെ കൊണ്ടുനടന്നു പ്രചരിപ്പിക്കുന്നതിന് ക്ഷീണം തീർക്കാനാണ് പ്രതിപക്ഷ നീക്കം പതിവിന് വിപരീതമായി കടുത്ത നിലപാടിലേക്ക് മാറ്റാൻ രമേശ് ചെന്നിത്തല തീരുമാനിച്ചത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം വീറോടെയാണ് സർക്കാരിനെതിരെ പൊരുതിയത്. ഇത്തവണ പതിവ് വിട്ട ശൈലിയുമായി നിയമസഭയെ പ്രഷുബ്ധമാക്കി.

സാധാരണ ഇടതുപക്ഷം പ്രതിപക്ഷമായിരിക്കുമ്പോൾ സ്വീകരിക്കാറുള്ള ശൈലിയാണ് നിയമസഭയ്ക്കുള്ളിൽ മന്ത്രിമാരെയും ഗവർണറെയുമൊക്കെ തടയുകയെന്നത്.

യു ഡി എഫ് അംഗങ്ങൾ ഇത്തവണ ഗവർണറെ തന്നെ തടഞ്ഞു നിർത്തുകയും നടുത്തളത്തിൽ കുത്തിയിരിക്കുകയും ചെയ്തതോടെ വാച്ച് ആൻഡ് വാർഡ് അവരെ എടുത്ത് നീക്കിയാണ് ഗവർണർക്ക് വഴിയൊരുക്കിയത്.

എന്തായാലും ഗവർണർ സർക്കാർ ഒത്തുകളിയെന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ സംശയമായി പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെന്നതിൽ സംശയമില്ല. ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം മുഴുവനായി വായിപ്പിച്ചെന്ന സർക്കാരിന്റെ ക്രെഡിറ്റ് നിർവീര്യമാക്കാൻ പ്രതിപക്ഷത്തിന്റെ ഇന്നത്തെ നീക്കത്തിന് കഴിഞ്ഞു.

നേരെതിരിച്ച് പ്രതിപക്ഷം അസാധാരണ നീക്കത്തിലൂടെ പൗരത്വ വിഷയത്തിൽ സ്‌കോർ ചെയ്യുന്നത് തടയാൻ ഗവർണറെ അനുസരിപ്പിച്ച സർക്കാർ നീക്കത്തിന് കഴിഞ്ഞെന്നും വ്യാഖ്യാനിക്കാം.

Advertisment