Advertisment

രാജ്യസഭ: രാഹുലിന് മുന്നില്‍ വച്ച രഹസ്യ ധാരണ പുറത്ത് ! സിറ്റിംഗ് സീറ്റായ കോട്ടയം ലോക്സഭാ സീറ്റ് കോണ്‍ഗ്രസിന്, പകരം തോറ്റുപോയ ഇടുക്കി കേരളാ കോണ്‍ഗ്രസിന് ! അപ്പോള്‍, കീഴടങ്ങിയത് കോണ്‍ഗ്രസോ കേരളാ കോണ്‍ഗ്രസോ ? രഹസ്യ പായ്ക്കേജ് ഇങ്ങനെ !

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി:  രാജ്യസഭാ സീറ്റും യു ഡി എഫ് പുനപ്രവേശനവും സംബന്ധിച്ച കോണ്‍ഗ്രസ് - കേരളാ കോണ്‍ഗ്രസ് രഹസ്യ ധാരണ പുറത്തേക്ക്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയപ്പോള്‍ പകരം ഇവരുടെ സിറ്റിംഗ് സീറ്റായ കോട്ടയം കോണ്‍ഗ്രസിന് മടക്കി നല്‍കിക്കൊണ്ടാണ് ധാരണ.

Advertisment

കേരളാ കോണ്‍ഗ്രസിന് കോട്ടയത്തിന് പകരം ഇടുക്കി സീറ്റ് നല്‍കും. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവശേഷിക്കുന്ന കാലാവധി മുഴുവന്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയുണ്ട്. ഇതോടെ രാജ്യസഭാ സീറ്റിന്റെ പേരില്‍ ഹാലിളകിയ കോണ്‍ഗ്രസാണോ കേരളാ കോണ്‍ഗ്രസാണോ കീഴടങ്ങിയതെന്ന ചോദ്യ൦ ബാക്കിയാണ്.

publive-image

ഉമ്മന്‍ചാണ്ടി നഷ്ടക്കച്ചവടം നടത്തുമോ ?

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്കാനുള്ള തീരുമാനത്തിനു ശേഷം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കേരള ഹൗസിലെ മുറിയ്ക്ക് പുറത്തിറങ്ങും മുമ്പ് ഒപ്പം നിന്ന കോണ്‍ഗ്രസ് നേതാക്കളോട് ഉമ്മന്‍ചാണ്ടി പറഞ്ഞത് നേട്ടം കോണ്‍ഗ്രസിനായിരിക്കും എന്ന്.

ആദ്യം പലരും കരുതിയത് യു ഡി എഫ് ശക്തിപ്പെടുത്തുന്നതിലൂടെ ഉണ്ടായ നേട്ടം എന്നാണ്. എന്നാല്‍ യു ഡി എഫിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസിന്റെ കയ്യിലുള്ള സിറ്റിംഗ് സീറ്റ് പിടിച്ചുവാങ്ങി കോണ്‍ഗ്രസ് പരാജയപ്പെട്ട ഇടുക്കി പകരം നല്‍കുമ്പോള്‍ നേട്ടം കോണ്‍ഗ്രസിന് തന്നെ.

പക്ഷെ ഈ ധാരണ ഇപ്പോള്‍ പുറത്ത് വിടുന്നത് കേരളാ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നതിനാലാണ് ഇത് രഹസ്യമാക്കി വച്ചത്. പകരം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഈ സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്നും വില പേശി വാങ്ങുന്നപോലെയായിരിക്കും വിഷയം കൈകാര്യം ചെയ്യുക. പകരം ഇടുക്കി നല്‍കുന്നതോടെ കേരളാ കോണ്‍ഗ്രസ് സായൂജ്യമടയും.

publive-image

കോട്ടയം സീറ്റ് ധാരണ രാഹുല്‍ അറിഞ്ഞ് ?

കോട്ടയം സീറ്റിന്റെ പേരിലുള്ള ഈ ധാരണ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും ജോസ് കെ മാണി എം പിയും അവതരിപ്പിച്ച ശേഷമാണ് രാഹുല്‍ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ അനുമതി നല്‍കിയത്.

മാത്രമല്ല, ജോസ് കെ മാണിക്ക് മത്സരിക്കാന്‍ എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തം പിടിച്ചത്. ഇക്കാര്യം മൂന്ന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയുകയും ചെയ്യാമായിരുന്നു.

publive-image

ഇനി കോട്ടയം വേണ്ട, ഇടുക്കി

ജോസ് കെ മാണി രാജ്യസഭാംഗമായി നില്‍ക്കുമ്പോള്‍ അതിനേക്കാള്‍ പ്രധാനമായ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മറ്റൊരു കേരളാ കോണ്‍ഗ്രസ് നേതാവ് എം പിയായി വരുന്നത് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പ്രയാസമുള്ള കാര്യവുമാണ്. മറ്റൊരു പി സി തോമസിനെ സൃഷ്ടിക്കാന്‍ കെ എം മാണി താത്പര്യപ്പെട്ടാല്‍ പോലും ജോസ് കെ മാണി തയാറാകില്ല.

മാത്രമല്ല, പാര്‍ട്ടിക്ക് വളരാന്‍ ഏറ്റവും വളക്കൂറുള്ള മണ്ണ് ഇടുക്കിയാണെന്ന് വിശ്വസിക്കുന്ന ആളാണ്‌ ജോസ് കെ മാണി. അവിടെ ജോസ് കെ മാണിക്ക് താല്പര്യമുള്ള ഒരു നേതാവ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനാണ് ധാരണ.

അതിനിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷത്തില്‍ വിജയം നേടിയ ജോസ് കെ മാണി വീണ്ടും മത്സരിക്കാന്‍ തയാറാകാതെ രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചതില്‍ കേരളാ കോണ്‍ഗ്രസിനുള്ളിലും അമര്‍ഷം പുകയുകയാണ്.

publive-image

ജോസ് കെ മാണി ഭയപ്പെട്ടത് ?

യു ഡി എഫ് വിടുകയും കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ കാലുവാരി സി പി എമ്മിനൊപ്പം ചേരുകയും ചെയ്തതിന്റെ പേരില്‍ കോട്ടയത്ത് കോണ്‍ഗ്രസ് കാലുവാരുമോ എന്ന ഭയമാണ് രാജ്യസഭയിലേക്ക് പോകാന്‍ ജോസ് കെ മാണിയെ പ്രേരിപ്പിച്ചത്.

എന്നാല്‍ കോട്ടയത്ത് ഏറെ ജനകീയനായ ജോസ് കെ മാണിക്ക് അത്തരം കാലുവാരലുകളെയും അതിജീവിക്കാനുള്ള ജനപിന്തുണ കിട്ടുമെന്നുറപ്പായിരിക്കെ ലോക്സഭ വിട്ട് രാജ്യസഭയിലേക്ക് ഒളിച്ചോട്ടം നടത്തിയത് രാഷ്ട്രീയ ഭീരുത്വമാണെന്ന വിമര്‍ശനമാണ് കേരളാ കോണ്‍ഗ്രസില്‍ ഉയരുന്നത്.

publive-image

ജോസ് കെ മാണി ലക്‌ഷ്യം വയ്ക്കുന്നതിങ്ങനെ !

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനം മുഴുവന്‍ ഓടിനടന്ന് കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് രാജ്യസഭ സ്വീകരിച്ചതെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. പാര്‍ലമെന്‍റംഗമെന്ന നിലയില്‍ കോട്ടയം മണ്ഡലത്തില്‍ തളച്ചിടപ്പെടുന്നതിനുപകരം രാജ്യസഭയിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്തുടനീളം ശ്രദ്ധ കേന്ദ്രീകരിക്കാനും പാര്‍ട്ടി വളര്‍ത്താനും കഴിയുമെന്നാണ് ജോസ് കെ മാണി കരുതുന്നത്.

എന്തായാലും ഈ തീരുമാനം കേരളാ കോണ്‍ഗ്രസില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നതാണ് ശ്രദ്ധേയം.

rajyasabha
Advertisment