Advertisment

നിയുക്ത എംഎല്‍എയ്ക്ക് സ്വീകരണം പ്രഖ്യാപിച്ച് യുഡിഎഫ്. ബിജെപി - യുഡിഎഫ് വോട്ടുകച്ചവടമെന്ന മുന്‍‌കൂര്‍ ജാമ്യവുമായി ഇടതുമുന്നണി. കുരിശുപള്ളിക്കവലയിലെ ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സജീവം. ളാലം പള്ളി കവലയിലെ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പുറത്തെ ബോര്‍ഡുകള്‍ നീക്കി. വോട്ടെണ്ണലിന് മണിക്കൂറുകള്‍ ശേഷിക്കെ പാലായില്‍ നിന്നുള്ള പ്രതികരണം ഇങ്ങനെ 

author-image
സുഭാഷ് ടി ആര്‍
Updated On
New Update

പാലാ:  ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 'നിയുക്ത എം എല്‍ എയ്ക്ക്' സ്വീകരണമൊരുക്കി യു ഡി എഫും, യു ഡി എഫ് - ബി ജെ പി വോട്ടുകച്ചവടമെന്ന 'മുന്‍‌കൂര്‍ ജാമ്യവുമായി' ഇടതുപക്ഷവും രംഗത്ത്.

Advertisment

വോട്ടെണ്ണല്‍ രാവിലെ 8 ന് ആരംഭിച്ച് 10 ന് സമാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.  10.30 ന് യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന് പാലാ നഗരത്തില്‍ ഉജ്ജ്വല സ്വീകരണം ഒരുക്കുമെന്നും പ്രമുഖ യു ഡി എഫ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

ഫലപ്രഖ്യാപനത്തിനുശേഷം യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പാലായില്‍ കെ എം മാണിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ ചിത്രത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിച്ചശേഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി പുറപ്പെടുന്ന വിധമാണ് ക്രമീകരണം. പാലാ വസതിയില്‍ ലഡു വിതരണം നടക്കും.

ജോസ് ടോമിന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച കുരിശുപള്ളിക്കവലയിലെ വേദി ഇപ്പോഴും അഴിച്ചുമാറ്റിയിട്ടില്ല. പകല്‍ ഇവിടെ നേതാക്കള്‍ ക്യാമ്പ് ചെയ്യുന്നുമുണ്ട്. ഇവിടെയായിരിക്കും ജോസ് ടോമിന്റെ സ്വീകരണ പരിപാടികള്‍ നടക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, ജോസ് കെ മാണി എം പി, തോമസ്‌ ചാഴികാടന്‍ എം പി, ടോമി കല്ലാനി, ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കന്‍ എക്സ് എം എല്‍ എ എന്നിവര്‍ പങ്കെടുക്കും.

publive-image

അതേസമയം, യു ഡി എഫ് - ബി ജെ പി വോട്ടുകച്ചവടം എന്ന ആരോപണം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ബി ജെ പി വിട്ട പാലാ നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിന്റെ ആരോപണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം കമ്മിറ്റി ആയുധമാക്കുന്നത്.  ഈ ആരോപണവുമായി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവനയും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

ഇടതുപക്ഷം പരാജയം മുന്‍കൂട്ടി കാണുന്നുവെന്ന സൂചനകളാണ് ഇടതുപക്ഷത്തിന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.  മാത്രമല്ല, മാണി സി കാപ്പന്റെ പാലാ നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ളാലം പള്ളിക്ക് സമീപത്തെ ഓഫീസ് അടച്ചിട്ട നിലയിലാണ്.  ഓഫീസ് സംബന്ധിച്ച് കെട്ടിടത്തിനു പുറത്ത് സ്ഥാപിച്ച ബോര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്.

publive-image

അതേസമയം, വോട്ടുകച്ചവടം സംബന്ധിച്ച് ബി ജെ പി മുന്‍ പ്രാദേശിക നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ യു ഡി എഫ് നേതൃത്വം തള്ളിയിട്ടുണ്ട്.  ബി ജെ പി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്ന ബി ജെ പി മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടവും ശക്തമായ കേരളാ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുള്ള ആളാണെന്നും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു.

കേരളാ കോണ്‍ഗ്രസില്‍ പാലായിലെ വിമത വിഭാഗത്തിനൊപ്പം നഗരസഭയില്‍ ഉള്‍പ്പെടെ കാലങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ്‌ ബിനുവെന്നതും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു. ഇത് മറച്ചുവയ്ക്കാനാണ് ബി ജെ പി സ്ഥാനാര്‍ഥി തന്നെ വോട്ട് മറിച്ചുവിറ്റെന്ന വിചിത്രമായ ആരോപണം ഉന്നയിച്ചതെന്നാണ് യു ഡി എഫ് ചൂണ്ടിക്കാട്ടുന്നത്.

ഈ നേതാവ് ഭാവിയില്‍ ഇടതുപക്ഷവുമായും കേരളാ കോണ്‍ഗ്രസ് വിമതരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും യു ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നു. എന്തായാലും പാലായില്‍ നാളെ ജനവിധി ഉണ്ടാകും. കെ എം മാണിക്ക് ശേഷം പാലായുടെ ജനപ്രതിനിധി ആരെന്ന് പാലാ വിധിയെഴുതും !

pala ele
Advertisment