Advertisment

രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം എ വി ഗോപിനാഥ്‌ കോണ്‍ഗ്രസ് വേദിയിലെത്തുന്നത് 'ജയ്ഹോ' പദയാത്രയിലൂടെ ! വിട്ടുനിന്നവരും വിഘടിച്ചു നിന്നവര്‍ക്കും പുറമേ 51 സിപിഎം - ബിജെപി പ്രവര്‍ത്തകര്‍കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌:  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്ന് പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഡി സി സി അധ്യക്ഷന്‍ എ വി ഗോപിനാഥ്‌ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍.  ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന 361 കി.മീ. 'ജയ്ഹോ' യാത്രയിലാണ് ഗോപിനാഥ്‌ ഇന്നലെ അണിചേര്‍ന്നത്.

Advertisment

publive-image

പദയാത്രയ്ക്കൊപ്പം 4 കി.മീറ്റര്‍ ദൂരം നടന്ന എ വി ഗോപിനാഥ്‌ എക്സ് എം എല്‍ എയാണ് പെരിങ്ങോട്ടുകുറിശിയില്‍ നടന്ന ജയ്ഹോയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തതും.

പാര്‍ട്ടിയുടെ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ശ്മശാനത്തില്‍ എരിഞ്ഞടങ്ങും വരെ താന്‍ കോണ്‍ഗ്രസായിരിക്കുമെന്ന ഗോപിനാഥിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. നൂറോളം പ്രവര്‍ത്തകരും ഗോപിനാഥിനൊപ്പം ജയ്ഹോയില്‍ പങ്കാളികളായി.

കഴിഞ്ഞ തവണ നെന്മാറ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപിനാഥിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമം നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം. അതിനുശേഷം പാര്‍ട്ടിയുമായി അകന്ന ഗോപിനാഥ്‌ ഇടക്കാലത്ത് സി പി എമ്മുമായി അടുക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു.

publive-image

ഗോപിനാഥ്‌ അധ്യക്ഷനായ പെരിങ്ങോട്ടുകുറിശി പഞ്ചായത്തിന് അടുത്തിടെ ലക്ഷങ്ങളുടെ സാമ്പത്തിക പായ്ക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന്‍ മന്ത്രി എ കെ ബാലനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗോപിനാഥ്‌ രംഗത്ത് വന്നതോടെ ഗോപിനാഥ്‌ കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു.

അതിനിടയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവേശത്തോടെ ഏറ്റെടുത്ത വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന 'ജയ്ഹോ' യാത്രയുടെ വരവ്.

ഗോപിനാഥിനെപ്പോലെ കാലങ്ങളായി കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുകയായിരുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ജയ്ഹോയില്‍ ആവേശംപൂണ്ട് പദയാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കുത്തന്നൂരില്‍ നിന്നും 51 സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ജയ്ഹോ സ്വീകരണ വേദിയില്‍ വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

https://www.facebook.com/vksreekandan/videos/433044617518651/

കോണ്‍ഗ്രസില്‍ വിട്ടുനില്‍ക്കുന്നവരും വിഘടിച്ചു നിന്നവരും ജയ്ഹോയിലൂടെ പാര്‍ട്ടിയിലേക്ക് മടക്കയാത്ര നടത്തുന്നതിനിടെ മറ്റ്‌ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുകകൂടി ചെയ്യുന്നതോടെ 'ജയ്ഹോ' ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പ്രയാണം. മാര്‍ച്ച് 14 നാണ് പദയാത്രയുടെ സമാപനം.

publive-image

സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും വിവിധ ദിവസങ്ങളായി യാത്രയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മാര്‍ച്ച് 10 ന് കല്ലടിക്കോട് ഭാഗത്ത് നിന്നും 8 കി.മീ. ദൂരം പദയാത്രയ്ക്കൊപ്പം ചേരുന്നുണ്ട്. അന്നേ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും ചെന്നിത്തലയാണ്.

vk sreekandan
Advertisment