Advertisment

10232 കള്ളവോട്ടര്‍മാരുടെ ലിസ്റ്റ് ബൂത്ത് ഏജന്റുമാര്‍ക്ക് കൈമാറി യുഡിഎഫ് നീക്കം. വ്യാജന്മാരെത്തിയാല്‍ തടയാനും കേസാക്കാനും മുന്‍കരുതല്‍ ! കോന്നിയില്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ ഇടത് ക്യാമ്പ് ! പ്രതീക്ഷയോടെ ബിജെപിയും !  

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട:  കള്ളവോട്ടുകളുടെ ലിസ്റ്റ് പുറത്തുവന്നതോടെ കോന്നിയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറുന്നു. തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് തീരെ ശ്രദ്ധിക്കാത്ത മേഖലയാണ് വോട്ടേഴ്സ് ലിസ്റ്റിലെ പേര് ചേര്‍ക്കലും വ്യാജനെ കണ്ടെത്തലും.

Advertisment

ഇത്തവണ കോന്നി വോട്ടര്‍പട്ടികയിലെ വ്യാജന്മാരുടെ എണ്ണം 10232 എന്ന് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടികയുമായി അടൂര്‍ പ്രകാശ് തന്നെ രംഗത്തെത്തിയതോടെ ഇരുമുന്നണികളിലും അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിച്ചുതുടങ്ങി. യു ഡി എഫ് ക്യാമ്പുകള്‍ ആവേശവും ഇടത് ക്യാമ്പുകളില്‍ ആശങ്കയും വ്യക്തമായി.

publive-image

കള്ളവോട്ടുകളുടെ കണക്കുകൂട്ടലുകളില്‍ ലാഭം എക്കാലവും ഇടത് മുന്നണിക്കാകും. കാരണം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതും മറ്റുള്ളവര്‍ പേര് ചേര്‍ക്കുന്നത് എതിര്‍ ചേരിക്കുള്ള വോട്ടാണെങ്കില്‍ തടയുന്നതും ഇടത് മുന്നണിയുടെ പതിവാണ്. അതിന്റെ ലാഭവും അവര്‍ കൊയ്യും.

തെരഞ്ഞെടുപ്പിന് മുമ്പേ വോട്ടര്‍ പട്ടികയില്‍ ആ ഗണത്തില്‍ ഫിക്സഡ് ഡിപ്പോസിറ്റ് തന്നെ ഇടത് ചേരിക്കുണ്ടാകും. എന്നാല്‍ ഇക്കുറി യു ഡി എഫ് അത് പൊളിച്ചടുക്കിയതോടെ ഇടത് ക്യാമ്പുകള്‍ പ്രതിരോധത്തിലായി.

വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം ഐ ഡി കാര്‍ഡുകള്‍ തരപ്പെടുത്തി ഒരേ ബൂത്തിലും വ്യത്യസ്ത ബൂത്തുകളിലുമായി ഇരട്ട വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നതാണ് യു ഡി എഫ് കയ്യോടെ പൊക്കിയത്. ഇത്തരം 10232 വോട്ടുകള്‍ ഇരട്ട വോട്ടുകളായി ചേര്‍ക്കപ്പെട്ടത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു.

publive-image

മാത്രമല്ല, ഇരട്ട വോട്ടുകളുടെ ലിസ്റ്റ് തയാറാക്കി യു ഡി എഫ് അതാത് ബൂത്തുകളിലേക്ക് കൈമാറി കഴിഞ്ഞു. യു ഡി എഫിന്റെ ബൂത്ത് ഏജന്റുമാര്‍ക്ക് ഈ ലിസ്റ്റ് കൈമാറും. 'ഇരട്ട വോട്ടര്‍മാര്‍' വോട്ട് ചെയ്യാന്‍ വന്നാല്‍ ചലഞ്ച് ചെയ്യാനും ഇവര്‍ക്കെതിരെ അപ്പോള്‍ തന്നെ കേസ് ഫയല്‍ ചെയ്യാനുമാണ് യുഡി എഫിന്റെ തീരുമാനം.

ഇത്തവണ കള്ളവോട്ട് ചെയ്യാന്‍ വരുന്നവരുടെ ലിസ്റ്റ് മുന്‍കൂട്ടി കൈവശം ഉള്ളതിനാല്‍ തടയുകയെന്നത് എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇരട്ട ഐഡന്റിറ്റി കാര്‍ഡും വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം ക്രമനമ്പരും ഉള്ളവരുടെ പേരില്‍ കേസ് ഫയല്‍ ചെയ്യുന്നതും ആലോചനയിലാണ്. ഒന്നിലധികം ഐഡന്റിറ്റി കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണ്.

ഓര്‍ത്തഡോക്സ് ക്യാമ്പില്‍ നിന്നുണ്ടായേക്കാവുന്ന വോട്ടുചോര്‍ച്ച ഒരു പരിധിവരെ തടയാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം കള്ളവോട്ടുകൂടി തടയാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലേക്ക് കോന്നിയിലെ യു ഡി എഫ് നേതൃത്വം എത്തിയിട്ടുണ്ട്.

publive-image

അതിനൊപ്പം തന്നെ ഓരോ ബൂത്തുകളില്‍ നിന്നും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ചെയ്യാന്‍ പോകാത്തവരുടെയും ലിസ്റ്റും ഐ ഡി കാര്‍ഡുകളും ഇടത് പ്രവര്‍ത്തകര്‍ ശേഖരിക്കുന്നതായും യു ഡി എഫ് ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ബൂത്ത് തലത്തില്‍ ജാഗ്രതയുണ്ടാകും.

മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ എത്തിച്ച് ഇലക്ഷനില്‍ ഇടപെടാനുള്ള നീക്കം തകര്‍ക്കാനാണ് പദ്ധതി.

അതേസമയം, ഈഴവ വോട്ടുകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഇടത് അനുഭാവികളുടെ വോട്ട് ഇടത് നേതൃത്വം ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം ഒന്നര വര്‍ഷക്കാലയളവില്‍ ഭരണമുന്നണിയുടെ പ്രതിനിധി ജയിച്ചുവരുന്നത് നാടിനു ഗുണം ചെയ്യുമെന്ന തരത്തിലുള്ള വികാരം മണ്ഡലത്തില്‍ സൃഷ്ടിക്കാനായിട്ടുണ്ടെന്നാണ് ഇടതിന്റെ പ്രതീക്ഷ.

ഒരു കാലത്തും തങ്ങള്‍ക്ക് വോട്ടു ലഭിക്കാത്ത മേഖലകളില്‍ നിന്നും ഇത്തവണ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

byelection 2019
Advertisment