പി കെ ശശിക്കെതിരെ തരംതാഴ്ത്തല്‍ മാത്രം. പുറത്താക്കിയില്ലെങ്കില്‍ പരാതിക്കാരി നിയമനടപടിക്ക് തയാറാകുമോ എന്നും ഭയം ?  

ന്യൂസ് ബ്യൂറോ, പാലക്കാട്
Thursday, October 11, 2018

പാലക്കാട്:  നിയമ വിദ്യാര്‍ഥിനിയായ ഡി വൈ എഫ് ഐ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം നേരിടുന്ന ഷൊര്‍ണൂര്‍ എം എല്‍ എ പികെ ശശിക്കെതിരെ തരംതാഴ്ത്തല്‍ നടപടി മാത്രം. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ഇല്ല. പകരം നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി കെ ശശിയെ മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മറ്റിയിലേക്കോ ഏരിയാ കമ്മറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത.

ശശിക്കെതിരെ അന്വേഷണം നടത്തിയ മന്ത്രി എ കെ ബാലന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും ശശിക്കെതിരെ കടുത്ത നടപടി വേണ്ടതില്ലെന്നാണ്. അതേസമയം, പരാതിക്കാരിക്ക് കൂടി തൃപ്തികരമായ നടപടി ശശിക്കെതിരെ ഉണ്ടായില്ലെങ്കില്‍ അവര്‍ നിയമ നടപടിക്ക് തയാറായേക്കുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. ഇക്കാര്യത്തില്‍ പരാതിക്കാരിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും തകൃതിയായി നടന്നുവരുന്നുണ്ട്.

തരംതാഴ്ത്തല്‍ ബ്രാഞ്ച് തലത്തിലേക്ക് ആയാല്‍ മാത്രമേ ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കൂ. എന്നാല്‍ എം എല്‍ എയെ ഏരിയാ കമ്മറ്റിയില്‍ നിലനിര്‍ത്താനാണ് ജില്ലയിലെ ശശി അനുകൂലികളായ നേതാക്കള്‍ക്ക് താല്പര്യം.

പക്ഷേ, ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പരാതിക്കാരിയും അവരെ അനുകൂലിക്കുന്ന പാര്‍ട്ടിയിലെ പ്രബല വിഭാഗവും തരം താഴ്ത്തല്‍ നടപടിയോട് എത്രത്തോളം അനുകൂലമായി പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.

അതെസമയം, തനിക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന നിലപാടില്‍ ശശി ഉറച്ചു നില്‍ക്കുന്നതും പ്രശ്ന പരിഹാരത്തിന് തടസമാകുന്നുണ്ട്.

×