മുന്‍ എംഎല്‍എ പി എം മാത്യു ഇനി പിള്ള ഗ്രൂപ്പില്‍. 7 -)൦മത് പാര്‍ട്ടിയിലെത്തിയപ്പോള്‍ കേരളത്തില്‍ ഏറ്റവും അധികം പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച മുന്‍ എംഎല്‍എയെന്ന റിക്കോര്‍ഡും സ്വന്തം !

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, July 31, 2018

കൊല്ലം:  മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ പി എം മാത്യു കേരളാ കോണ്‍ഗ്രസ് – ബിയില്‍ ചേര്‍ന്നു. രാവിലെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പക്കല്‍ നിന്നും പി എം മാത്യു അംഗത്വം ഏറ്റുവാങ്ങി. മുന്‍ എംഎല്‍എ എം വി മാണിയും മറ്റ്‌ പന്ത്രണ്ടോളം പേരും ഇരുവര്‍ക്കും ഒപ്പം പിള്ള ഗ്രൂപ്പില്‍ ലയിച്ചിട്ടുണ്ട്.  കേരളാ കോണ്‍ഗ്രസ് – സ്കറിയ വിഭാഗത്തില്‍ നിന്നാണ് നേതാക്കള്‍ പിള്ള ഗ്രൂപ്പിലെത്തിയത്.

കേരളാ കോണ്‍ഗ്രസ് – ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാനായിരുന്ന പി എം മാത്യുവിന് ഇത് 7 -)൦മത് പാര്‍ട്ടിയാണ്.  കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലൂടെയാണ് പി എം മാത്യു രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

1982 ല്‍ കൊടകരയില്‍ സി ജി ജനാര്‍ദ്ദനനെതിരെ മത്സരിച്ചു കൊണ്ടാണ് യുവ നേതാവ് എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനായത്.  പിന്നീട് 91 ല്‍ കടുത്തുരുത്തിയില്‍ നിന്നും മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി ജയിച്ച് എം എല്‍ എ ആയി. 94 ല്‍ മാണി ഗ്രൂപ്പ് പിളര്‍ന്ന് ജേക്കബ്ബ് ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയുടെ ചെയര്‍മാനായി. അതായിരുന്നു ആദ്യത്തെ പാര്‍ട്ടി മാറ്റം.

പിന്നീട് ജേക്കബ്ബുമായി തെറ്റി മാണി ഗ്രൂപ്പില്‍ മടങ്ങിയെത്തി. ഇവിടെ വീണ്ടും കാര്യമായ പരിഗണന ലഭിക്കാതായപ്പോള്‍ രണ്ടാമതും മാണിയെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെ പി സി സി എക്സിക്യുട്ടീവ്‌ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഏറെക്കാലം ഈ ബന്ധവും നീണ്ടുനിന്നില്ല. അങ്ങനെയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി സഹകരിക്കുന്നത്.

എന്നാല്‍ ഈ പാര്‍ട്ടിയില്‍ കാര്യമായി അദ്ദേഹം സജീവമായില്ല. അങ്ങനെ കേരളാ കോണ്‍ഗ്രസ് സ്കറിയാ തോമസിന്റെ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ഇപ്പോള്‍ സ്കറിയ തോമസിന്റെ ‘പാര്‍ട്ടി പിളര്‍ത്തി’യാണ് പിള്ള ഗ്രൂപ്പിലെത്തിയിരിക്കുന്നത്.

കേരളത്തില്‍ എം എല്‍ എമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരില്‍ ഇത്രയും പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാക്കള്‍ വേറെയില്ല. അതിനാല്‍ ആ റിക്കാര്‍ഡ് പി എം മാത്യുവിന് സ്വന്തമാണ്.

കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തീപ്പൊരി പ്രാസംഗികനായാണ്‌ പി എം മാത്യു അറിയപ്പെടുന്നത്. അഴിമതി ആരോപണങ്ങളില്‍ അകപ്പെടാത്ത കറകളഞ്ഞ വ്യക്തിത്വം കൂടിയാണ് പി എം മാത്യു. ജനങ്ങളുടെ വിഷയങ്ങളില്‍ ഏറ്റവും ശക്തമായി ഇടപെടുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് മാത്യു.

ജനങ്ങള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥരോട് ഏറ്റവും കര്‍ക്കശമായ ശൈലിയില്‍ സംസാരിക്കുന്ന ചുരുക്കം എം എല്‍ എമാരില്‍ ഒരാളായിരുന്നു പി എം മാത്യു. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ്.

×