Advertisment

കോണ്‍ഗ്രസില്‍ ഇരട്ടപ്പദവി വിവാദം ഗ്രൂപ്പുകള്‍ കടന്ന് നേതാക്കള്‍ക്കിടയിലേക്കും ! ഗ്രൂപ്പുകളിലെ ഇരട്ട മോഹക്കാര്‍ക്കും തിരിച്ചടി. യുവ നേതാക്കളുടെ പിന്തുണ ഒരാള്‍ക്ക് ഒറ്റപ്പദവിക്ക് ! നടപ്പിലായാല്‍ പദവി നഷ്ടമാകാനിടയുള്ളവരില്‍ ഷാഫി പറമ്പിലും !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ഇരട്ടപ്പദവിയേച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദം.  നിര്‍ണ്ണായകമായ കെ പി സി സി പുനസംഘടനയേപ്പോലും തടസപ്പെടുത്തുംവിധം ഗ്രൂപ്പുകള്‍ക്കതീതമായി കത്തിക്കയറുകയാണ് ഇരട്ടപ്പദവികള്‍ക്കെതിരെയുള്ള പാര്‍ട്ടിയുടെ പുതിയ മുന്നേറ്റം.

Advertisment

ഒരാള്‍ക്ക് ഒരു പദവിയെന്ന ആശയത്തിന് ഗ്രൂപ്പുകള്‍ക്കതീതമായി വന്‍ പിന്തുണയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.  പാര്‍ട്ടിയിലെ യുവനേതാക്കള്‍പ്പോലും ഇരട്ടപ്പദവിക്കെതിരായി രംഗത്ത് വന്നുവെന്നത് ശ്രദ്ധേയമായി.

publive-image

യുവ എം എല്‍ എമാരായ റോജി എം ജോണും വി പി സജീന്ദ്രനും ഇരട്ടപ്പദവിക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു. കെ എസ് യു അധ്യക്ഷന്‍ കെ എം അഭിജിത്ത്, പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. മാത്യു കുഴല്‍നാടന്‍ എന്നിവരും ഇരട്ടപ്പദവിക്കെതിരെ ശക്തമായി രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എം പി ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

അടുത്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ആഗ്രഹിക്കുന്ന ഷാഫി പറമ്പിലിന് പാരയാകുന്നത് ഇക്കാര്യത്തില്‍ എ' ഗ്രൂപ്പിന്റെ കടുത്ത നിലപാടായിരിക്കും. എ ഗ്രൂപ്പും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇരട്ടപ്പദവിക്ക് എതിരാണ്.  എന്നാല്‍ ഐ' ഗ്രൂപ്പ് ഇരട്ടപ്പദവി വേണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, ഗ്രൂപ്പിനുള്ളിലും ഇരട്ടപ്പദവിക്കെതിരെ നിലപാടുള്ളവരുണ്ട്‌. കെ മുരളീധരന്‍ ഇക്കൂട്ടത്തില്‍ പ്രമുഖനാണ്.

publive-image

യുവനിരയിലെ പ്രമുഖനായ മാത്യു കുഴല്‍നാടന്‍ ഇരട്ടപ്പദവിക്കെതിരെ രംഗത്ത് വന്നത് ഇക്കാര്യത്തിലുള്ള ഗ്രൂപ്പ് താല്പര്യങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടുതന്നെയാണെന്നതും ശ്രദ്ധേയമായി. ഇരട്ടപ്പദവിക്കെതിരെ എ' ഗ്രൂപ്പും മുല്ലപ്പള്ളി രാമചന്ദ്രനും സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു പൊതുവേ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തിട്ടുള്ള കുഴല്‍നാടന്റെ പ്രതികരണം.

ഇരട്ടപ്പദവി എന്ന ന്യായത്തിന്റെ പേരില്‍ കഴിവുള്ളവരെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ഐ' ഗ്രൂപ്പിനുള്ളത്. കെ സുധാകരനെയും കെ മുരളീധരനെയും പോലുള്ള പ്രവര്‍ത്തക പിന്തുണയും സംഘാടക ശേഷിയുമുള്ള നേതാക്കളെ ഇരട്ടപ്പദവിയുടെ പേരില്‍ മാറ്റി നിര്‍ത്തുന്നത് ശരിയാണോ എന്നതാണ് ഇവരുടെ ചോദ്യം.

publive-image

അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവാദ നിലപാട് സ്വീകരിക്കുകയും എ ഐ സി സിയുടെ ശാസന ഏറ്റുവാങ്ങുകയും ചെയ്ത വി എസ് ശിവകുമാറിനെപ്പോലുള്ളവരെ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ കൂടിയാണ് ഐ' ഗ്രൂപ്പിനുള്ളില്‍ ഭിന്നത ശക്തമാകുന്നത്.

അതിനിടെ ഗ്രൂപ്പുകള്‍ കടന്നു ഗ്രൂപ്പിനതീതമായി നേതാക്കള്‍ക്കിടയിലേക്ക് ഇരട്ടപ്പദവി സംബന്ധിച്ച എതിര്‍പ്പുകള്‍ വ്യാപിച്ചതോടെ താമസിയാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും. അതിനുശേഷമേ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയുള്ളൂ.

 

shafi parampil
Advertisment