Advertisment

കെ പി സി സി പുനഃസംഘടന നീളും ! നേതാക്കൾ തമ്മിൽ സ്വരച്ചേർച്ചയുമില്ല. മുതിർന്ന നേതാക്കളെ തളർത്തി കളംപിടിക്കാൻ മുല്ലപ്പള്ളിയുടെ ഗൂഢനീക്കവും അതിന് ആന്റണിയുടെ പിന്തുണയും ! തദ്ദേശ തെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയെ അടിമുടി പരിഷ്കരിക്കണമെന്ന നിലവിളിയുമായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ! മൗനം തുടർന്ന് എ ഐ സി സിയും !

New Update

തിരുവനന്തപുരം: കെ പി സി സി പുനസംഘടന വീണ്ടും നീളും. ഡിസംബർ 31 നകം കേരളത്തിലെ നേതാക്കൾ തമ്മിൽ ധാരണയിലെത്തി അറിയിച്ചാൽ പട്ടിക പുറത്തിറക്കാമെന്ന് എ ഐ സി സി അറിയിച്ചിരുന്നെങ്കിലും ഇന്നലെ വരെ പട്ടിക വെളിച്ചം കണ്ടില്ല.

Advertisment

ഇനി രാഹുൽ ഗാന്ധി എ ഐ സി സി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം മാത്രമേ പുനഃസംഘടനാ ലിസ്റ്റിന് അനുമതി ലഭിക്കാനിടയുള്ളൂ. ഈ മാസമോ അടുത്ത മാസം ആദ്യം തന്നെയോ എ ഐ സി സി സമ്മേളനം വിളിച്ച് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാനാണ് സാധ്യത.

publive-image

കേരളത്തിലെ നേതാക്കളും ഗ്രൂപ്പുകളും പുനഃസംഘടന സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേരുകളും എ ഐ സി സിക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ നേതാക്കൾ കൂട്ടായി തീരുമാനിച്ച ഒറ്റപ്പട്ടിക സമർപ്പിച്ചിട്ടുമില്ല.

പൊതു പട്ടികയ്ക്ക് പിന്നാലെ നേതാക്കൾ വെവ്വേറെ നിർദ്ദേശങ്ങൾ എ ഐ സി സിക്ക് സമർപ്പിച്ചിട്ടുണ്ട്. പൊതു പട്ടിക തന്നെ ജംബോ ആണെന്നിരിക്കെ നേതാക്കളുടെ പ്രത്യേക നോമിനികളെ കൂടി ഉൾപ്പെടുത്തിയാൽ പട്ടിക വീണ്ടും നീളും.

അതൊഴിവാക്കാനാണ് എല്ലാവരും ചേർന്ന് ഒറ്റപ്പട്ടിക എന്ന നിർദ്ദേശം എ ഐ സി സി മുന്നോട്ടുവച്ചത്. അത് ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നതാണ് സ്ഥിതി.

ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തെറ്റിക്കാൻ മുല്ലപ്പള്ളി !

ഇതിനിടെ പ്രമുഖ നേതാക്കൾ ഓരോരുത്തരും അവരവരുടെ അജണ്ടകളുമായി മുന്നോട്ട് പോകുന്നത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതിൽ പ്രധാനം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഹിഡൻ അജണ്ടകൾ തന്നെയാണെന്നാണ് ആരോപണം.

ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഭിന്നിപ്പിച്ചും ദുർബലരാക്കിയും പാർട്ടിയിൽ പിടിമുറുക്കാനും കസ്ര ഉറപ്പിക്കാനുമുള്ള നീക്കങ്ങളാണ് പ്രധാനം. അടുത്ത തെരഞ്ഞെടുപ്പിൽ ഒത്തുതീർപ്പ് സ്ഥാനാർഥിയായി മുഖ്യമന്ത്രിയാകാനുള്ള മുല്ലപ്പള്ളിയുടെ രഹസ്യ നീക്കങ്ങളും സജീവമാണ്.

പൗരത്വ വിഷയത്തിൽ ഭരണപക്ഷത്തോടൊപ്പം ചേർന്ന് പ്രതിപക്ഷവും സംയുക്ത സമരം നയിക്കണമെന്ന തീരുമാനം ഉമ്മൻ ചാണ്ടി - രമേശ് ചെന്നിത്തല - മുല്ലപ്പള്ളി എന്നിവരുടെ കൂട്ടായ ആലോചനയുടെ ഭാഗമായിട്ടായിരുന്നു.

അങ്ങനെ ഭരണപക്ഷവുമായി ചേരുമ്പോൾ പാർട്ടിയിൽ ചിലർക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അതിനാൽ മുല്ലപ്പള്ളിയോ മറ്റ് കെ പി സി സി ഭാരവാഹികളോ സമരത്തിൽ പങ്കെടുക്കാതിരിക്കുന്നതാകും നല്ലതെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് ചെന്നിത്തലയായിരുന്നു. അതാണ് നല്ലതെന്നു പറഞ്ഞ മുല്ലപ്പള്ളിയും നിർദ്ദേശം അംഗീകരിച്ചു.

ഒറ്റരാത്രികൊണ്ട് വാക്ക് മാറി മുല്ലപ്പള്ളി

പക്ഷെ, പിറ്റേദിവസം സംയുക്ത പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ചും ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ചും മുല്ലപ്പള്ളി രംഗത്ത് വന്നത് ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും ഞെട്ടിച്ചുകൊണ്ടായിരുന്നു.

ഒറ്റരാത്രികൊണ്ടുള്ള മുല്ലപ്പള്ളിയുടെ നിലപാട് മാറ്റത്തിന് പിന്നിൽ കൊടിക്കുന്നിൽ സുരേഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഉപദേശവും ഉണ്ടായിരുന്നെന്ന സംശയം പ്രധാന ഗ്രൂപ്പുകാർക്കുണ്ട്. അടുത്തിടെ എ ഗ്രൂപ്പിൽ നിന്നും പുറത്താകുകയും ഐ ഗ്രൂപ്പിൽ ഇടം കിട്ടാതെ വരികയും ചെയ്ത ബെന്നി ബെഹന്നാനും ഇതൊരവസരമായി കരുതി ചെന്നിത്തലക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചു.

ബെന്നി ബെഹനാനെ യു ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റണമെന്നു മുസ്‌ലിം ലീഗും കേരളാ കോൺഗ്രസും ഉൾപ്പടെയുള്ള പ്രധാന ഘടകകക്ഷികളെല്ലാം ആവശ്യപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് കൺവീനർ ആകാനുള്ള നേതൃത്വ ഗുണവും രാഷ്ട്രീയ പക്വതയും ബെന്നിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെയും വിമർശനം.

ഉമ്മൻചാണ്ടി കയ്യൊഴിഞ്ഞപ്പോൾ മുല്ലപ്പള്ളിയിൽ അഭയം തേടി ബെന്നി ബഹന്നാൻ

ഈ സാഹചര്യത്തിൽ പദവി തെറിക്കാതിരിക്കാൻ മുല്ലപ്പള്ളിയുടെ സഹായം തേടിയിരിക്കുകയാണ് ബെന്നി ബെഹനാൻ. എ കെ ആന്റണിയയുടെ സഹായം മുല്ലപ്പള്ളിക്കുണ്ടെന്നാണ് പൊതു ധാരണ. ഏതാനും കാലങ്ങളായി കേരളത്തിലെ പാർട്ടി ഘടകത്തിന് പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ തലവേദന സൃഷ്ടിക്കുന്ന നേതാക്കളുടെയെല്ലാം പിന്നിലെ ശക്തി ആന്റണി ആണെന്നത് പരസ്യമായ രഹസ്യമാണ്.

വി എം സുധീരനെ കെ പി സി സി അധ്യക്ഷനായി കൊണ്ടുവന്നു കഴിഞ്ഞ യു ഡി എഫ് സർക്കാരിനെ കുഴപ്പത്തിലാക്കിയതിന് പിന്നിൽ ആന്റണിയുടെ 'സഹായം' പ്രധാന ഘടകമായിരുന്നു. അതേ തന്ത്രമാണ് ഇപ്പോൾ മുല്ലപ്പള്ളിയെ മുന്നിൽ നിർത്തിയും ആന്റണി നടത്തുന്നതെന്ന പരാതി നേതാക്കൾക്കുണ്ട്. പക്ഷേ, അത് തുറന്നുപറയാനുള്ള ധൈര്യം ആർക്കുമില്ല.

കതകടച്ചിരിക്കുന്ന പ്രസിഡന്റ്

എന്തായാലും മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷ സ്ഥാനത്ത് പ്രവർത്തകർക്ക് അനദിമതനായി മാറിക്കഴിഞ്ഞു. കൊടിക്കുന്നിലും രാജ്‌മോഹൻ ഉണ്ണിത്താനും പോലെ കൈവിരലിലെണ്ണാവുന്ന നേതാക്കൾ മാത്രമാണ് മുല്ലപ്പള്ളിക്കൊപ്പമുള്ളത്‌.

പാർട്ടിയുടെ നേതാക്കൾക്കോ പ്രവർത്തകർക്കോ മുല്ലപ്പള്ളിയുടെ പകൽ സന്ദർശന / പ്രവേശന അനുമതിയില്ലെന്നതാണ് പ്രധാന പ്രശ്നം. വീട്ടിൽ സന്ദർശകരെ സ്വീകരിക്കുന്ന പതിവ് മുല്ലപ്പള്ളിക്കില്ല. ഓഫീസിലും സന്ദർശനം കർശന നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രമാണ്.

അപ്‌ഡേറ്റ് ചെയ്യാനാകാത്ത സോഫ്റ്റ് വെയർ

പ്രവർത്തകരുടെ നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കുന്ന പതിവ് മുല്ലപ്പള്ളിക്കില്ലെന്നതാണ് പ്രധാന പരാതി. അങ്ങോട്ട് പറയാൻ ആരെയും അനുവദിക്കാറുമില്ല. പുത്തൻശൈലിയുള്ള പ്രവർത്തന രീതി അറിയില്ലെന്നതും അറിയുന്നവർ പറഞ്ഞാലും അംഗീകരിക്കില്ലെന്നും നേതാക്കൾ പോലും പറയുന്നു.

അപ്‌ഡേറ്റ് ചെയ്യാൻ പറ്റാത്ത സോഫ്റ്റ് വെയറാണ് മുല്ലപ്പള്ളിക്കെന്നാണ് നേതാക്കൾക്കിടയിലെ അടക്കംപറച്ചിൽ. കതകടച്ചിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവിനെയുമായി സംഘടന കൊണ്ടു നടക്കാനാകില്ലെന്ന് പ്രമുഖ നേതാവ് തന്നെ സോണിയാ ഗാന്ധിയെ അറിയിച്ചതാണ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നേതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മയും പുനഃസംഘടന വൈകുന്നതും പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. യൂത്ത് കോൺഗ്രസ് പുനഃസംഘടന പോലും അനന്തമായി നീളുകയാണ്.

kpcc
Advertisment