Advertisment

ഉന്നത നേതാക്കൾ മാത്രം ഒത്തുകൂടുന്ന രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വാർത്തകൾ ചോരുന്ന സാഹചര്യം നാണക്കേടായിരിക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞ് മിനിറ്റുകൾക്കകം കോൺഗ്രസ് യോഗത്തിലെ വാർത്തകൾ ചാനലുകളിൽ തലക്കെട്ട് ! തുടക്കത്തിൽ മുല്ലപ്പള്ളിക്കെതിരെ തിരിഞ്ഞ കെ സുധാകരനും മുല്ലപ്പള്ളിയും തമ്മിൽ കാലങ്ങൾക്ക് ശേഷം കെട്ടിപ്പിടിച്ച് ഒന്നായി ! കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ കാര്യങ്ങളും കൗതുകങ്ങളും ഇങ്ങനെ !

New Update

തിരുവനന്തപുരം: കോൺഗ്രസിന്റെ ഉന്നത നേതാക്കൾ മാത്രം പങ്കെടുക്കുന്ന 22 അംഗ രാഷ്ട്രീയ കാര്യ സമിതിയിലെ ചർച്ചകളെങ്കിലും പുറത്തുപോകരുതെന്ന് നേതാക്കൾ ഓർമ്മിപ്പിച്ച് മിനിട്ടുകൾക്കകം വാർത്ത ചോർന്ന സംഭവം കോൺഗ്രസിൽ വിവാദമാകുന്നു.

Advertisment

കോൺഗ്രസിലെ ആസ്ഥാന വാർത്താ ചോർത്തൽ വിദഗ്ധനെ ഉൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് പ്രതിയെ കണ്ടെത്താൻ നേതാക്കളുടെ നെട്ടോട്ടം.

publive-image

18 ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നേതാക്കൾ വളഞ്ഞിട്ട് ആരോപണങ്ങൾ നിരത്തി, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളിൽ നേതാക്കൾക്കിടയിൽ പോലും ഏകോപനമില്ലാത്തതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു തുടങ്ങിയ കാര്യങ്ങളാണ് രാഷ്ട്രീയ കാര്യ സമിതി കഴിയും മുമ്പേ ചാനലുകളിൽ ഫ്‌ളാഷായത്.

ചർച്ചയിൽ പങ്കെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വാർത്ത ചോർത്തലിനെതിരെ യോഗത്തിൽ മുന്നറിയിപ്പ് നൽകിയത്.

"നമ്മളൊക്കെ പാർട്ടിയുടെ അണികളായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, അതിൽ നിന്ന് മാറി നമ്മൾ ഇപ്പോൾ മുതിർന്ന നേതാക്കളായി രാഷ്ട്രീയ കാര്യസമിതിയിൽ വരെയെത്തി, ഇവിടെ ഇരിക്കുന്നവരൊക്കെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ മാത്രമാണ്.

അതിനാൽ തന്നെ ഇവിടെ നടക്കുന്ന ചർച്ചകൾ ഒരു കാരണവശാലും പുറത്തേക്ക് പോകരുത്. ഈ 22 പേർക്കിടയിൽ നിന്നും വാർത്ത ചോരുന്നത് അപമാനകരമാണ്" - എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകൾ.

മറ്റ് നേതാക്കൾ അത് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ തിരുവഞ്ചൂർ ഇത് പറഞ്ഞ് മിനിറ്റുകൾക്കകം "രാഷ്ട്രീയകാര്യ സമിതിയിൽ മുല്ലപ്പള്ളിക്കും നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം, വി ഡി സതീശൻ ആഞ്ഞടിച്ചു" എന്ന രീതിയിൽ ചാനലുകളിൽ ഫ്‌ളാഷ് വന്നു.

publive-image

സതീശൻ ചില കടുത്ത നിലപാടുകൾ യോഗത്തിൽ സ്വീകരിച്ചു എന്നായിരുന്നു 'പതിവുപോലെ' വാർത്ത എങ്കിലും അത്തരം പ്രയോഗങ്ങളൊന്നും സതീശൻ യോഗത്തിൽ നൽകിയതുമില്ല.

സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പൗരത്വ൦, ഉണ്ട മോഷണം പോലുള്ള വിവാദങ്ങളിൽ നേതാക്കൾക്കിടയിൽപോലും ഏകോപനം ഇല്ലാതെ പോകുന്നത് ഒരേ പാർട്ടിയിൽ നിന്നും ഭിന്ന നിലപാടുകൾ പുറത്തുവരുന്നതിന് കാരണമാകുന്നു എന്നാണു സതീശൻ യോഗത്തിൽ പറഞ്ഞത്.

മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ ഉള്ളവരും പരസ്പരം കാണുന്നവരുമാണ്. നിങ്ങൾ ഓരോരുത്തരും വിദേശത്ത് ഓരോ രാജ്യങ്ങളിലാണെങ്കിൽ സമ്മതിക്കാം. ഇതങ്ങനെയല്ലല്ലോ. കൂട്ടായി ആലോചിച്ച് നിലപാടുകൾ സ്വീകരിക്കണം - എന്നായിരുന്നു സതീശൻ പറഞ്ഞത്.

അതിൽ ചില വസ്തുതകൾ ഉണ്ടെന്ന കാര്യം മുല്ലപ്പള്ളി അപ്പോൾ തന്നെ അംഗീകരിക്കുകയും അത് തിരുത്തുമെന്ന് അറിയിക്കുകയും ചെയ്തു.

കെ സുധാകരൻ മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ചു എന്നായിരുന്നു മറ്റൊരു പ്രധാന തലക്കെട്ട്. എന്നാൽ വര്ഷങ്ങളായി ഭിന്നതയിലായിരുന്ന കെ സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലത്തെ രാഷ്ട്രീയകാര്യ സമിതിയോടെ ഭിന്നതകൾ പറഞ്ഞുതീർത്ത് കെട്ടിപ്പിടിച്ച് വീണ്ടും സൗഹൃദത്തിലായെന്നതാണ് അവസാനം സംഭവിച്ചത്.

"ഞാൻ തന്റെ വൈസ് പ്രെസിഡന്റല്ലേ. എന്നിട്ടും മുല്ലപ്പള്ളി, താനിതുവരെ ഒരു തവണയെങ്കിലും എന്നെയൊന്നു ഫോണിലെങ്കിലും വിളിച്ചിട്ടുണ്ടോ" - എന്നായിരുന്നു വളരെ വൈകാരികമായി സുധാകരൻ ചോദിച്ചത്.

publive-image

"താൻ വൈസ് പ്രെസിഡന്റല്ലേ, തനിക്കിവിടെ നടക്കുന്നതെന്തെന്ന് നേരിട്ട് വന്നു അന്വേഷിക്കാൻ മേലായിരുന്നോ, തന്നെ ഇവിടേയ്ക്ക് കാണുന്നില്ലല്ലോ" - എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുചോദ്യം.

എന്തായാലും യോഗം തീർന്ന ഉടൻ മുല്ലപ്പള്ളിയും സുധാകരനും ഒറ്റയ്ക്ക് മാറിനിന്ന് സംസാരിക്കുകയും പ്രശ്‌നം തീർക്കുകയും കെട്ടിപ്പിടിച്ച് സുഹൃത്തുക്കളായി മടങ്ങുകയുമായിരുന്നു.

എന്തായാലും ശബരിമല വിഷയത്തിനുശേഷം ആദ്യമായാണ് കോൺഗ്രസ് യോഗത്തിൽ ഇത്രയും ഗൗരവപൂർവ്വവും ആധികാരികവുമായ ഒരു വിപുലമായ ചർച്ച നടന്നതെന്നാണ് റിപ്പോർട്ട്.

സർക്കാരിന്റെ വീഴ്ചകൾ സംബന്ധിച്ച വിഷയങ്ങളിൽ സുദീർഘമായ ചർച്ചകളാണ് നടന്നത്.

kpcc
Advertisment