മുല്ലപ്പള്ളിയും കെ സുധാകരനും തമ്മില്‍ ഭിന്നത ! സുധാകരന്‍ പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുന്നു ! കൊടിക്കുന്നിലിനും പരാതി, ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായും സൗഹൃദമില്ല. മുല്ലപ്പള്ളിയുടെ ശൈലി മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്നു 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 10, 2019

തിരുവനന്തപുരം:  ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ സജീവമാക്കാന്‍ സമ്പൂര്‍ണ്ണ പുനസംഘടനയ്ക്കൊരുങ്ങുമ്പോള്‍ ഹൈക്കമാന്റ് താല്പര്യമെടുത്ത് നിയമിച്ച കെ പി സി സി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡന്റുമാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

ഒന്നിച്ചു പാര്‍ട്ടിയെ നയിക്കാന്‍ ചുമതലപ്പെട്ട നേതാക്കള്‍ ഇപ്പോള്‍ ഭിന്ന ധ്രുവങ്ങളിലായെന്നത് കെ പി സി സി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.  വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിലുള്ള ഭിന്നതയാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്.

മുല്ലപ്പള്ളിയുമായി സഹകരിക്കാന്‍ വിമുഖത അറിയിച്ച കെ സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ലാത്ത നിലയിലായി.  മറ്റൊരു വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് സജീവമായി രംഗത്തുണ്ടെങ്കിലും അദ്ദേഹവും മുല്ലപ്പള്ളിയുമായി നല്ല ബന്ധത്തിലല്ല. ഇതിന് പുറമെയാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമായുള്ള മുല്ലപ്പള്ളിയുടെ ബന്ധവും വഷളായിരിക്കുന്നത്.

അധ്യക്ഷ പദവിയിലെത്തിയ മുല്ലപ്പള്ളിയുടെ ശൈലി തന്നെയാണ് എല്ലാവര്‍ക്കും പ്രശ്നമായി മാറിയിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.  ആളും തരവും നോക്കാതെയുള്ള മുല്ലപ്പള്ളിയുടെ കര്‍ക്കശ നിലപാടുകള്‍ നേതാക്കള്‍ക്ക് സ്വീകാര്യമാകുന്നില്ല. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന ശൈലിയും സംസാരവും പ്രസിഡന്റില്‍ നിന്നും ഉണ്ടാകുന്നില്ലെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം.

ഫലത്തില്‍ വി എം സുധീരന്റെ അവസ്ഥയിലേക്കാണ് മുല്ലപ്പള്ളിയുടെയും പോക്കെന്ന വിമര്‍ശനവും ശക്തമാണ്.  എന്നാല്‍ സുധീരനോടുള്ളത്രയും എതിര്‍പ്പ് നേതാക്കള്‍ക്ക് മുല്ലപ്പള്ളിയോടില്ലെന്നതാണ് ശ്രദ്ധേയം.

സുധീരനെ അടിമുടി എതിര്‍ത്തിരുന്ന നേതാക്കള്‍ പക്ഷേ മുല്ലപ്പള്ളി രാമചന്ദ്രന്റെ സീനിയോറിറ്റി അംഗീകരിക്കാന്‍ തയാറാണ്.  പ്രശ്നം മുല്ലപ്പള്ളിയുടെ ശൈലിയില്‍ മാത്രമാണ്.  സുധീരനെ നേതാവായി മറ്റുള്ളവര്‍ അംഗീകരിച്ചിരുന്നില്ലെന്നതായിരുന്നു പ്രശ്നം.

അതേസമയം, മുല്ലപ്പള്ളിയെ മുതിര്‍ന്ന നേതാവെന്ന ബഹുമാനത്തോടെ തന്നെ നേതാക്കള്‍ കാണുന്നു.  ആ ബഹുമാനം മുതലെടുക്കുന്നതിന് പകരം അമിതാധികാരം പ്രയോഗിച്ച് ദുര്‍വിനിയോഗം ചെയ്യുകയാണ് മുല്ലപ്പള്ളി എന്നതാണ് നേതാക്കളുടെ പരാതി.

ഈ സാഹചര്യത്തില്‍ ശൈലി മാറ്റി സംയമനത്തോടെ അനുനയത്തിന്റെ രീതി സ്വീകരിച്ചില്ലെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിജയിക്കാന്‍ സാധ്യത കുറവാണ്.  നിലവില്‍ ഹൈക്കമാന്റിന്റെ പിന്തുണയാണ് മുല്ലപ്പള്ളിയുടെ ശക്തി.

എന്നാല്‍ നല്‍കുന്ന അവസരങ്ങള്‍ വിജയകരമായി വിനിയോഗിക്കുകയും ഫലം കൊയ്യുകയും ചെയ്യാത്തവര്‍ എത്ര ഇഷ്ടക്കാരായാലും പിന്നെ ഗുഡ്ബുക്കിലുണ്ടാകില്ലെന്നതാണ് രാഹുല്‍ ഗാന്ധിയുടെ ശൈലി.  വി എം സുധീരന്‍ തന്നെ ഉദാഹരണം.

×