Advertisment

മുല്ലപ്പള്ളി ബലറാമിനയച്ച 'ഷോക്കോസ്' കോണ്‍ഗ്രസിലെ ഒറ്റയാന്മാര്‍ക്കുള്ള മുന്നറിയിപ്പ് ! പാര്‍ട്ടിക്കപ്പുറം വളരാനാഗ്രഹിക്കുന്നവര്‍ക്ക് അപ്പുറത്ത് തന്നെ നില്‍ക്കേണ്ടി വരും. ബലറാം മുതല്‍ സുധീരന്‍ വരെയുള്ളവര്‍ക്ക് ബാധകം

New Update

തിരുവനന്തപുരം:  കോണ്‍ഗ്രസില്‍ ഇനി ഒറ്റയാന്മാരുടെ കാലം അവസാനിച്ചുവെന്നുള്ള മുന്നറിയിപ്പാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വി ടി ബലറാമിന് നല്‍കിയ നോട്ടീസ്.

Advertisment

പാര്‍ട്ടിക്കപ്പുറം വളരാനുള്ള നീക്കം കോണ്‍ഗ്രസില്‍ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും അച്ചടക്കമില്ലാത്തവരുടെ ആള്‍കൂട്ടമായി പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നുമുള്ള മുന്നറിയിപ്പ് മുല്ലപ്പള്ളി നേരത്തെ നല്‍കിയതായിരുന്നു. അത് ആദ്യം ഒരു മയത്തിലാണെങ്കിലും ലംഘിച്ചത് യുവ എംഎല്‍എ വി ടി ബല്‍റാമാണ്.  അതിനാല്‍ ആദ്യ കാരണം കാണിക്കല്‍ നോട്ടീസും ബലറാമിനായി.

publive-image

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ പതനത്തിന് ആദ്യ ആണി അടിച്ചത് കോണ്‍ഗ്രസിലെ ഈ ഒറ്റയാന്മാരായിരുന്നു.  അന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ മുതല്‍ വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, വി ടി ബലറാം എന്നിവരായിരുന്നു ഈ ശൈലി പിന്തുടര്‍ന്നിരുന്നത്. ഇവര്‍ അന്നത്തെ സ്വന്തം സര്‍ക്കാരിനെ അന്ന് വിമര്‍ശിച്ചിട്ടുള്ളിടത്തോളം വിമര്‍ശനം ഇന്നത്തെ ഇടത് സര്‍ക്കാരിനെതിരെ ഇതുവരെ നടത്തിയിട്ടുമില്ല.

publive-image

സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് പാളയത്തില്‍ പട നയിക്കുമ്പോള്‍ ലഭിക്കുന്ന മാധ്യമ ശ്രദ്ധയായിരുന്നു ഇവരുടെയൊക്കെ ഉന്നം. ഇപ്പോള്‍ പ്രതിപക്ഷത്തിരുന്ന് ഭരണപക്ഷത്തിനെതിരെ സ്വാഭാവിക വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആ മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല. അതുകൊണ്ട് അവര്‍ക്ക് ഇപ്പോള്‍ അത്തരം നിലപാടുകളുമില്ല.

publive-image

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ പരാജയം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ച സ്വകാര്യ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന പരാജയ കാരണങ്ങളിലൊന്ന്‍ സര്‍ക്കാരിനെതിരെ അന്ന് സ്വന്തം പാളയത്തില്‍ നിന്നുയര്‍ന്ന ഇത്തരം വിമര്‍ശനങ്ങളാണെന്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ മേലില്‍ ഇനി ഇത്തരം പ്രവണതകള്‍ പാര്‍ട്ടിയില്‍ അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയിട്ടുണ്ട്.  അതിനായി സ്വീകരിക്കുന്ന ഏത് നടപടികള്‍ക്കും ഹൈക്കമാന്റിന്റെ പൂര്‍ണ്ണ പിന്തുണയും രാഹുല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

publive-image

കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു പരാമര്‍ശം നടത്തുകയാണ് വി ടി ബലറാം ചെയ്തത്.  അതില്‍ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കെതിരെ ഇല്ല. എന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നിലവാരത്തിലുള്ള ഒരാളുമായി രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്തത് ശരിയായില്ലെന്നതാണ് കെ പി സി സി നിലപാട്.

publive-image

അതിന് ബലറാം വിശദീകരണം നല്‍കുകയും ചെയ്യണം. മാത്രമല്ല ഇങ്ങനെ ചെറിയ ടെസ്റ്റ്‌ ഡോസുകള്‍ ഇട്ട് പഴയ പണി പുനരാരംഭിക്കാമെന്നാണ് ബലറാമിന്റെ വിചാരമെങ്കില്‍ അത് നടക്കില്ലെന്ന മുന്നറിയിപ്പും കൂടിയാണ് മുല്ലപ്പള്ളി നല്‍കിയിരിക്കുന്നത്.

ഇതോടെ വ്യക്തിപരമായ വേറിട്ട നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിക്കപ്പുറം ആളാകാനുള്ള പുതിയ ശൈലി ഇനി കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരിക്കുകയാണ്.  അത് ബലറാമിനല്ല, വി എം സുധീരനും ബാധകമായിരിക്കും !

Advertisment