പിണറായി മന്ത്രിസഭയില്‍ നിന്നും പുറത്താകാനൊരുങ്ങി 2 മന്ത്രിമാര്‍ ! ഇരുവരുടെയും രാജിക്ക് കളമൊരുങ്ങുന്നു !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 8, 2018

തിരുവനന്തപുരം:  പിണറായി വിജയന്‍ സര്‍ക്കാരില്‍ വീണ്ടും 2 മന്ത്രിമാരുടെ കസേര എപ്പോള്‍ വേണമെങ്കിലും തെറിക്കാവുന്ന സ്ഥിതിയിലേക്ക്. ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ ടി ജലീലിന്റെയും സ്വന്തം പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന്‍ മന്ത്രി മാത്യു ടി തോമസിന്റെയും പദവികളാണ് എപ്പോള്‍ വേണമെങ്കിലും തെറിക്കാവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്.

അതില്‍ മന്ത്രി ജലീലിന്റെ രാജി ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ബന്ധു നിയമന വിവാദത്തില്‍ ഇതിനോടകം മന്ത്രി പുറത്തുവിട്ട വിശദീകരണങ്ങളൊക്കെ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മന്ത്രിയുടെ സ്ഥിതി ഓരോ ദിവസവും ദുര്‍ബലമാകുകയാണ്.

അഭിമുഖത്തിനെത്തിയവരെ വേണ്ടത്ര യോഗ്യതകളില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന വാദം പൊളിഞ്ഞു. മാത്രമല്ല, അതില്‍ രണ്ടു പേരൊഴികെയുള്ളവര്‍ക്ക് നിയമിതനായ മന്ത്രി ബന്ധുവിനേക്കാള്‍ യോഗ്യതയുള്ളവരാണെന്ന് തെളിഞ്ഞിട്ടുമുണ്ട്.

അതുപോലെ ഡപ്യൂട്ടേഷന്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരന്‍ മാത്രമായ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്വജനപക്ഷപാതം തെളിഞ്ഞിരിക്കുകയാണ്. മന്ത്രിക്ക് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു.

മന്ത്രി മാത്യു ടി തോമസിനെതിരെ പടയൊരുക്കം സ്വന്തം പാര്‍ട്ടിയില്‍ നിന്നാണ്. മാത്യു ടി രാജിവച്ച് കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം.  പാര്‍ട്ടിയുടെ മൂന്നാമത്തെ എം എല്‍ എ ആയ സി കെ നാണുവിന്റെ പിന്തുണയും കൃഷ്ണന്‍കുട്ടിക്കാണ്. ഇതോടെ രാജിയല്ലാതെ മാത്യു ടി തോമസിന് മുമ്പിലും പോംവഴികളില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം നഷ്ടമായ സ്ഥിതിക്ക് മന്ത്രിക്ക് പുറത്ത് പോകേണ്ടി വരും !

×