Advertisment

സ്പ്രിംഗ്ലറിൽ പാർട്ടിയിൽ ഒറ്റപ്പെട്ട് കെ സുരേന്ദ്രൻ ! പാർട്ടിയിലെ ശത്രുക്കൾക്ക് കൈയ്യിൽ വച്ചുകൊടുത്ത വടിയായി 'വിജിലൻസ്' അന്വേഷണ ആവശ്യം മാറിയെന്ന് വിലയിരുത്തൽ ! പാർട്ടിയുടെ 'പോരാളി' പിണറായിക്ക് നൽകുന്ന 'കരുതലിൽ' ആശങ്കയോടെ നേതാക്കളും ?

New Update

തിരുവനന്തപുരം:  സ്പ്രിംഗ്ലർ വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടിയിൽ ഒറ്റപ്പെടുന്നു. സ്പ്രിംഗ്ലർ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കെ സുരേന്ദ്രന്റെ ഹർജി സി പി എമ്മിന്റെ ക്വട്ടേഷൻ ആണെന്ന ആരോപണമാണ് പാർട്ടിയിലെ പ്രബല വിഭാഗം ദേശീയ നേതൃത്വത്തിന് മുമ്പിൽ ഉന്നയിച്ചിരിക്കുന്നത്.

Advertisment

publive-image

കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പിൽ ബി ജെ പിയെ അപഹാസ്യരാക്കുന്ന നടപടിയാണ് സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന ആരോപണവും ഇവർ ഉന്നയിച്ചിട്ടുണ്ട്. ഇതോടെ നേതൃത്വത്തിൽ കെ സുരേന്ദ്രൻ കൂടുതൽ സമ്മർദ്ദത്തിലാകുകയാണ്.

സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് ബലാബലങ്ങൾ തള്ളി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയ ദേശീയ നേതൃത്വത്തിനും ഇത് തിരിച്ചടിയായി.

സ്പ്രിംഗ്ലർ വിവാദത്തിൽ വിജിലൻസ് അന്വേഷണമാണ് വേണ്ടതെന്ന സുരേന്ദ്രന്റെ നിലപാട് മുഖ്യമന്ത്രിയെ സഹായിക്കാനുള്ളതാണെന്നാണ് ആരോപണം. മുഖ്യമന്ത്രി തന്നെ ചുമതല വഹിക്കുന്ന വിജിലൻസ് വകുപ്പ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതാണ് സുരേന്ദ്രന് തിരിച്ചടിയായത്.

മുമ്പ് സോളാർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ അന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ചാനലുകളിലിരുന്ന് മണിക്കൂറുകളോളം വാദിച്ച സുരേന്ദ്രന് പിണറായി ചുമതല വഹിക്കുന്ന വിജിലൻസ് വകുപ്പിന്റെ അന്വേഷണത്തിന്റെ പ്രത്യാഘാതങ്ങൾ അറിയാത്തതാണോ എന്ന ചോദ്യത്തിന് സുരേന്ദ്രന് ഉത്തരമില്ല.

publive-image

അതിനേക്കാൾ പ്രധാനമായി സർക്കാരിനെ രൂക്ഷമായി വിമർശിക്കാൻ സുരേന്ദ്രൻ തയാറാകുന്നില്ലെന്നതാണ്. പിണറായിയുടെ കാര്യത്തിൽ സുരേന്ദ്രനും തിരിച്ച് സുരേന്ദ്രന്റെ കാര്യത്തിൽ പിണറായിക്കും നല്ല കരുതലാണെന്ന വിമർശനവും ബി ജെ പി നേതാക്കൾക്കിടയിലുണ്ട്.

പത്രസമ്മേളനങ്ങളിൽ പിണറായിയും സുരേന്ദ്രനെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിക്കുന്നത് സംശയങ്ങളുയർത്തിയിരുന്നു.

വിജിലൻസ് അന്വേഷണമെന്ന സുരേന്ദ്രന്റെ ആവശ്യം തള്ളി മുതിർന്ന ബി ജെ പി നേതാക്കളായ എം ടി രമേശും എ എൻ രാധാകൃഷ്ണനും പരസ്യമായി രംഗത്ത് വന്നത് നേതൃത്വത്തിന് തിരിച്ചടിയായി. ഇന്നലെയാണ് രമേശും രാധാകൃഷ്ണനും വിയോജിപ്പ് പരസ്യമാക്കിയത്.

ഗ്രൂപ്പ് ബലാബലങ്ങൾ അവഗണിച്ച് ദേശീയ നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയ ശേഷം രൂക്ഷമായിരുന്ന സംസ്ഥാന ഘടകത്തിലെ പോര് മറ്റ് തലങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് സ്പ്രിംഗ്ലർ വിവാദത്തിലൂടെ സംഭവിക്കുന്നത്.

publive-image

ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിൽ സുരേന്ദ്രനെതിരെ മൗനം പാലിച്ചവർക്കുള്ള ശക്തമായ വടിയായി മാറിയിരിക്കുകയാണ് സ്പ്രിംഗ്ലർ വിവാദത്തിലെ സുരേന്ദ്രന്റെ വിവാദ നിലപാട്.

മറ്റ് നേതാക്കളും സ്പ്രിംഗ്ലർ വിവാദത്തിൽ സി ബി ഐ അന്വേഷണമെന്ന നിലപാടിലേക്ക് മാറിയതോടെ സുരേന്ദ്രനും നിലപാട് തിരുത്തേണ്ട സാഹചര്യം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മറുവിഭാഗം.

എന്തായാലും സംസ്ഥാന അധ്യക്ഷനായി വന്ന ശേഷമുള്ള ഇമേജ് പോരാളിയെന്ന പ്രവർത്തകരുടെ വൈകാരിക പിന്തുണയും കെ സുരേന്ദ്രന് കൈമോശം വന്നെന്നു വിലയിരുത്തുന്നവർ ഏറെയാണ്.

k surendran
Advertisment