Advertisment

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട്‌ കേസ്‌ സി ബി ഐയ്‌ക്ക്‌ വിടണമെന്ന്‌ പി.ടി. തോമസ്‌ എം.എല്‍.എ.

author-image
സാബു മാത്യു
Updated On
New Update

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളജനതയോട്‌ മാപ്പു പറയണമെന്ന്‌ പി.ടി.തോമസ്‌ എം.എല്‍.എ. തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്‌.

Advertisment

നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്‌ ഇത്‌ പിതൃസ്വത്തായി കിട്ടിയ ഭൂമിയാണ്‌, കൈയ്യേറ്റവും പിടിച്ചെടുക്കലുമല്ല എന്നാണ്‌. മുഖ്യമന്ത്രിയുടെ ഈ മറുപടിയില്‍ പോലീസ്‌ ഗൗരവമായി നടത്തി വന്നിരുന്ന കേസിന്റെ അന്വേഷണത്തെ ഗുരുതരമായി ബാധിക്കുകയും പോലീസ്‌ മുഖ്യമന്ത്രിയുടെ താല്‍പ്പര്യാനുസരണമുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയുമാണുണ്ടായത്‌.

publive-image

തൊടുപുഴ കോടതിയില്‍ നിന്നു പോലും മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക്‌ വിരുദ്ധമായ കാര്യങ്ങളാണ്‌ പുറത്തു വന്നത്‌. പശ്ചിമഘട്ടത്തിലെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള നൂറുകണക്കിന്‌ ഹെക്‌ടര്‍ സ്ഥലം തട്ടിയെടുത്ത കൈയ്യേറ്റക്കാര്‍ക്ക്‌ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്‌താവന അനുകൂല ഘടകമായി മാറി.

എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണെന്നും പ്രസ്‌താവന തെറ്റാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജനങ്ങളോട്‌ മാപ്പുപറയുകയും കെയ്യേറ്റക്കാരെ പൂര്‍ണ്ണമായും പുറത്താക്കാനുള്ള ധീരമായ നടപടി സ്വീകരിക്കണമെന്നും പി.ടി.തോമസ്‌ ആവശ്യപ്പെട്ടു.

ഇപ്പോള്‍ ഈ പ്രദേശത്ത്‌ നൂറുകണക്കിന്‌ ഏക്കര്‍ കൈവശം വച്ചിരിക്കുന്ന റോയല്‍ പ്ലാന്റേഷന്‍, സി പിഎമ്മിന്റെ ലക്ഷ്‌മണന്‍, ഇപ്പോള്‍ റദ്ദാക്കിയതിനു പുറമേ റദ്ദാക്കാനുള്ള ഇരുപതേക്കറോളം വരുന്ന സ്ഥലം ഇവയെല്ലാം എപ്പോള്‍ റദ്ദാക്കുമെന്ന്‌ ഗവണ്‍മെന്റ്‌ വ്യക്തമാക്കണമെന്നും പി.ടി. തോമസ്‌ ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ റവന്യൂവകുപ്പ്‌ മന്ത്രി ശക്തമായ നടപടി സ്വീകരിക്കണം.

ദേവികുളം സബ്‌കളക്‌ടറായിരുന്ന പ്രേംകുമാര്‍ നേരത്തെ തുടങ്ങിവച്ച നടപടിക്രമങ്ങള്‍ ജില്ലാ കളക്‌ടറുടെ അടുത്ത്‌ അപ്പീല്‍ കൊടുത്തും ലാന്‍ഡ്‌ റവന്യൂ കമ്മീഷണറുടെ അടുത്ത്‌ അപ്പീല്‍ കൊടുത്തും ഗവണ്‍മെന്റില്‍ അപ്പീല്‍ കൊടുത്തു ഹൈക്കോടതിയില്‍ സ്റ്റേ വാങ്ങിയും കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി ഈ ഭൂമി കൈയ്യേറ്റ തട്ടിപ്പു മാഫിയകളില്‍ നിന്നും രക്ഷപെടാന്‍ നടത്തിയ ചിലരുടെ ശ്രമങ്ങളെയാണ്‌ ഇപ്പോഴത്തെ സബ്‌ കളക്‌ടറുടെ നടപടി മൂലം ഇല്ലാതായിരിക്കുന്നത്‌.

അതുകൊണ്ട്‌ ശക്തമായ നടപടി ഈ കാര്യത്തിലുണ്ടാകണമെന്നും പി ടി പറഞ്ഞു. ആ മേഖലയില്‍ 1979-ലെ റീസര്‍വ്വേ രജിസ്റ്റര്‍ പ്രകാരം ആ പ്രദേശത്ത്‌ ഒരാളും താമസമില്ലെന്നും ആര്‍ക്കും ഭൂമിയില്ലെന്നും ആ പ്രദേശം മുഴുവന്‍ ഗവണ്‍മെന്റ്‌ തരിശാണെന്നും ഉള്ളതിന്റെ രേഖകള്‍ താന്‍ ഹാജരാക്കിയിട്ടുള്ളതാണെന്നും പി ടി പറഞ്ഞു.

കൊട്ടാക്കമ്പൂര്‍ ബ്ലോക്ക്‌ അടക്കമുള്ള ഈ പ്രദേശം ഗവണ്‍മെന്‍റ്‌ തരിശാണെന്നിരിക്കെ ആദിവാസികളെ കൂട്ടുപിടിച്ച്‌ നടത്തിയ തട്ടിപ്പിന്റെ നേര്‍ചിത്രമാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്‌. അതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്യണമെന്നും പി.ടി. വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രദേശത്തു നിന്നും തടി വെട്ടിക്കടത്തിയ കോടിക്കണക്കിന്‌ രൂപ ഇവരില്‍ നിന്നും തിരിച്ചു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കേസ്‌ സി ബി ഐ യ്‌ക്ക്‌ വിടാന്‍ ഗവണ്‍മെന്റ്‌ തയ്യാറാകണം. ജോണ്‍ നെടിയപാല, എന്‍.ഐ. ബെന്നി, മനോജ്‌ കോക്കാട്ട്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment