Advertisment

വയനാട് മത്സരിക്കാനുള്ള കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി പര്യടനം തുടങ്ങി. പത്തനാപുരത്ത് രാഹുലിനെ എതിരേറ്റത് വന്‍ ജനാവലി. ജനങ്ങള്‍ക്ക് 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതി നടപ്പിലാക്കാന്‍ നികുതിപ്പണം എടുക്കില്ല. പകരം അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്നും പണമെടുക്കും. മോഡിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

New Update

കൊല്ലം:  തന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം രാജ്യത്തിനുള്ള സന്ദേശമാണെന്ന് രാഹുല്‍ ഗാന്ധി.  രാജ്യം ആര്‍ എസ് എസില്‍ നിന്നും വലിയ ആക്രമണം നേരിടുന്ന കാലഘട്ടമാണ്.  ആ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഏറ്റവും സന്തോഷത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുന്ന നാടാണ് കേരളം. കേരളത്തിന്റെ ചരിത്രവും സഹിഷ്ണുതയോടെയുള്ള സാമൂഹ്യ ജീവിതവും രാജ്യത്തിന് മാതൃകയാണ്.

Advertisment

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കേരളത്തിന്റെ അന്തസും പാരമ്പര്യവുമാണ് എന്നെ ആകര്‍ഷിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായവും മികച്ച സാക്ഷരതയും പുറംലോകത്തെ ആത്മവിശ്വാസത്തോടെ നോക്കിക്കാണുന്ന മലയാളിയുടെ സംസ്കാരവും ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ്. അക്കാരണത്താലാണ് കേരളത്തെ തെരഞ്ഞെടുത്തത്.

publive-image

പത്തനാപുരത്ത് കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യത്ത് നീരവ് മോഡി, വിജയ്‌ മല്ല്യ, ലളിത് മോഡി തുടങ്ങി പതിനഞ്ചോളം അതിസമ്പന്നര്‍ക്ക് മൂന്നര ലക്ഷം കോടി രൂപയാണ് നരേന്ദ്ര മോഡി നല്‍കിയത്. സാധാരണക്കാര്‍ക്ക് 15 ലക്ഷം രൂപ അക്കൌണ്ടില്‍ നല്‍കുമെന്ന് പറഞ്ഞിടത്ത് മുപ്പതിനായിരം കോടി രൂപ അനില്‍ അംബാനിയുടെ അക്കൌണ്ടില്‍ ആണ് നല്‍കിയത്.

ഒരു വിമാനം പോലും ഉണ്ടാക്കി പരിചയമില്ലാത്ത വ്യക്തിക്ക് രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ കരാര്‍ നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് വര്‍ഷം 72000 രൂപ വീതം നല്‍കുകയാണ്. ആ പണം ഈ രാജ്യത്തെ നികുതി വരുമാനത്തില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ ആയിരിക്കില്ല ഞങ്ങള്‍ വിനിയോഗിക്കുക. മറിച്ച്, അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്നെടുത്ത് ജനങ്ങള്‍ക്ക് നല്‍കും.

രാജ്യത്തെ ദേശീയ ഗ്രാമീണ വികസനത്തിന് വേണ്ടി ബജറ്റില്‍ ചിലവഴിക്കുന്ന തുകയാണ് മുപ്പതിനായിരം കോടി. അതാണ്‌ മോഡി അനില്‍ അംബാനിക്ക് നല്‍കിയത്.  ആ സ്ഥാനത്ത് 300 കോടി ഉണ്ടായിരുന്നെങ്കില്‍ കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

വന്‍ ജനാവലിയാണ് രാഹുലിന്‍റെ പ്രസംഗം കേള്‍ക്കാന്‍ എത്തിച്ചേര്‍ന്നത്. രാഹുല്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ മൈക്ക് ശരിയായിരുന്നില്ലെന്നത് രാഹുല്‍ തന്നെ സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ പി സി വിഷ്ണുനാഥ്‌ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. അതിനിടെ പകരം മൈക്കും എത്തിച്ചെങ്കിലും പ്രസംഗപീഠത്തിലെ മൈക്ക് ശരിയായതോടെ രാഹുല്‍ അത് മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉദ്ദേശം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാന്‍ എത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സ്ഥാനാര്‍ഥികളായ കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു ഡി എഫ് നേതാക്കള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രസംഗത്തിന് ശേഷം വീണ്ടും വന്നു സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി.

Advertisment