Advertisment

മൊറൊട്ടോറിയം നടപ്പാകാത്തത് സര്‍ക്കാരിന്റെ അലംഭാവം കൊണ്ട്. സര്‍ക്കാര്‍ വീണ്ടും കര്‍ഷകരെ പറ്റിച്ചു: രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ഉത്തരവ് ഇറക്കാന്‍ വൈകിയത് മൂലം കാര്‍ഷിക കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കുടുങ്ങി നടപ്പാകാതെ സര്‍ക്കാരിന്റെ അലംഭാവം കൊണ്ടു മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

സര്‍ക്കാരിന്റെ കര്‍ഷക പ്രേമം വെറും തട്ടിപ്പാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കടംകയറി ഇടുക്കിയില്‍ മാത്രം എട്ടു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ഒട്ടാകെ 14 കര്‍ഷകര്‍ ജീവനൊടുക്കി. ഇത്രയൊക്കെയായയിട്ടും കര്‍ഷകരോട് അല്പം കരുണ കാണിക്കാന്‍ തയ്യാറാവാതെ അവരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

publive-image

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിച്ചത്. പക്ഷെ ആ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല. മന്ത്രി സഭാ തിരുമാനങ്ങള്‍ 48 മണിക്കൂറിനുളളില്‍ ഉത്തരവായി ഇറങ്ങണമെന്നാണ് ചട്ടം.

മൊറൊട്ടോറിയ ഉത്തരവായി ഇറങ്ങിയില്ലെങ്കിലും ഭൂമി ഖനനത്തിന് അനുമതി നല്‍കുന്ന ഉത്തരവ് ശരവേഗത്തില്‍ ഇറങ്ങുകയും ചെയ്തു. സര്‍ക്കാരിന്റെ കൂറ് ആരോടാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ വന്‍ കൃഷിനാശം മൂലം കാര്‍ഷിക വായ്പകള്‍ യഥാ സമയം തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചതും നിവൃത്തിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടിയതും. കാര്‍ഷക വായ്പകള്‍ എഴുത്തിത്തള്ളി കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണമെന്ന് പ്രതിപക്ഷമടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല.

പിന്നീട് കര്‍ഷകരും, പ്രതിപക്ഷവും പ്രക്ഷോഭത്തിന്റെ പാതയിലേക്ക് വന്നപ്പോഴാണ് മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായത്. തീരുമാനം എടുത്തെന്നല്ലാതെ ഉത്തരവ് സമയത്തിന് ഇറക്കാതെ സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് സാങ്കേതികമായ പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞ് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാങ്കേതികതയല്ല, സര്‍ക്കാരിന്റെ അലംഭാവവും, താല്‍പര്യക്കുറവുമാണ് ഈ ഉത്തരവ് ഇറങ്ങാതെ പോയതിന് പിന്നിലുള്ളതെന്ന് വ്യക്തമാകുന്നു. ഇത്തരം ഉത്തരവുകള്‍ അടിയന്തിര പ്രധാന്യത്തോടെ ഇറങ്ങേണ്ടതാണ്.

ഇത്രയും ഗുരുതരമായ സ്ഥിതി വിശേഷം സംസ്ഥാനത്ത് നിലനിന്നിട്ടും അതിന് അര്‍ഹിക്കുന്ന ഗൗരവം കൊടുക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത പാവപ്പെട്ട കര്‍ഷകരെ അപമാനിക്കുന്ന വിധത്തിലായി പോയി സര്‍ക്കാരിന്റെ നിലപാടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisment