Advertisment

കേരളം മാഫിയകളുടെ പിടിയില്‍: പത്ത് ദിവസത്തിനുളളില്‍ മൂന്ന് കൊലപാതകം നടന്നിട്ടും പൊലീസ് നീഷ്‌ക്രിയം - രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കേരളത്തില്‍ ഗുണ്ടകളുടെയും, സാമൂഹ്യ വിരുദ്ധരുടെയും , മാഫിയ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ഇന്നലെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ നടന്ന മൂന്നാമത്തെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, ഡി ജി പിയുടെയും മൂക്കിന് താഴെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് കൊലപാതകമാണ് നടന്നത്. ഇന്നലെ അനില്‍ എന്ന യുവാവിനെ കൊന്ന കേസിലെ പ്രതിയായ ജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതാണ്.

publive-image

പൊലീസ് സ്റ്റേഷനില്‍ നിന്നറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മാഫിയ സംഘങ്ങള്‍ വളര്‍ന്ന് കഴിഞ്ഞിട്ടും, ആഭ്യന്തര വകുപ്പും, ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കണ്ണടച്ച് ഇരിക്കുകയാണ്.

പത്ത് ദിവസം മുമ്പ് കരമനയില്‍ അനന്തു എന്ന ചെറുപ്പക്കാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയി റോഡ് സൈഡില്‍ ആളുകള്‍ കാണ്‍കെയാണ് ഗുണ്ടാ സംഘം മര്‍ദ്ദിച്ച് കൊന്നത്. അക്രമം നടക്കുന്നുവെന്ന് സമീപ വാസികള്‍ അറിയിച്ചിട്ടും മണിക്കുറുകളോളം പൊലീസ് തിരിഞ്ഞ് നോക്കിയില്ല. പിറ്റേന്ന് തന്നെ ശ്രീവരാഹത്ത് മണിക്കുട്ടന്‍ എന്ന യുവാവും ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

നഗരമധ്യത്തില്‍ കഞ്ചാവും ലഹരിമരുന്നുകളുമായി മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പൊലീസ് ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യുന്നില്ല. ഓച്ചിറയില്‍ തട്ടിക്കൊണ്ട് പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

പിണറായി വിജയന്‍ അധികാരത്തില്‍ വന്ന ശേഷം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേത് പോലെ മാഫിയ സംഘങ്ങള്‍ തെരുവില്‍ പരസ്യമായി ഏറ്റുമുട്ടുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം ഗുണ്ടാ മാഫിയ സംഘങ്ങളെ നിയന്തിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഓപ്പറേഷന്‍ സുരക്ഷ പിണറായി സര്‍ക്കാര്‍ വന്നയുടെനെ തന്നെ അട്ടിമറിച്ചിരുന്നു. അതോടൊപ്പം ക്രിമനലുകള്‍ക്ക് സി പി എം ലോക്കല്‍ ജില്ലാ നേതൃത്വങ്ങളുടെ സംരക്ഷണവും ലഭിക്കുന്നു.

പൊലീസിനെ സി പി എം നേതാക്കള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനം പൂര്‍ണ്ണമായ അരാജകത്വത്തിലേക്ക് നിങ്ങുകയാണുണ്ടായത്. പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ചതിന്റെ പ്രതിഫലനമാണ് ദിവസേനെയുള്ള കൊലപാതകങ്ങളും അക്രമങ്ങളുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisment