Advertisment

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്ക് മലകയറാന്‍ അനുമതി. തീരുമാനം കുത്തിയിരുന്നു പ്രതിഷേധത്തിനൊടുവില്‍. നിരോധനാജ്ഞ ലംഘിക്കുമെന്ന് വീണ്ടും ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: സന്നിധാനത്തേക്ക് പുറപ്പെട്ട യുഡിഎഫ് സംഘത്തെ പോലീസ് നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു. ആദ്യം ഇവര്‍ നിലയ്ക്കല്‍ ക്യാംപിലേക്കാണ് പോകുന്നത്. തുടര്‍ന്ന്‍ ഇവര്‍ സന്നിധാനത്തേക്ക് പോകാനാണ് ആലോചിക്കുന്നത്.

Advertisment

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ്‌ പോലീസിന്റെ തീരുമാനം. ഇതോടെ പ്രതിപക്ഷ നേതാവും എം എല്‍ എമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മലകയറാന്‍ ഒരുങ്ങുകയാണ്.

publive-image

നേതാക്കന്മാരെ വാഹനത്തിലും മറ്റുള്ളവരെ ബസിലും പോകാനാണ് അനുവദിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. അതേസമയം, സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ എം എല്‍ എമാര്‍ക്ക് പുറമേ മറ്റ്‌ നേതാക്കള്‍ക്കും അനുമതി നല്‍കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

സന്നിധാനത്തും പമ്പയിലും വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച്ചാണ് ചെന്നിത്തല വീണ്ടും യാത്ര തുടര്‍ന്നത്. നിരോധനാജ്ഞ പിന്‍വലിക്കും വരെ സമരം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സാധാരണക്കാര്‍ക്ക് ശബരിമലയില്‍ പോകാന്‍ യാതൊരു തടസവുമില്ലെന്ന് എസ് പി യതീഷ് ചന്ദ്രയും വ്യക്തമാക്കിയിട്ടുണ്ട്.

എംഎല്‍എമാരെ മാത്രമേ കയറ്റിവിടാനാവൂ എന്നും അണികള്‍ പിരിഞ്ഞുപോകണമെന്നും പോലീസ് നിര്‍ദേശം നല്കിയതോടെ നേതാക്കള്‍ റോഡ് ഉപരോധിച്ചിരിക്കുകയായിരുന്നു.

ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ നടപടികളോട് വ്യക്തമായ വിയോജിപ്പാണുള്ളത്. എംഎല്‍എമാരെ മാത്രം കയറ്റിവിടാമെന്ന് പോലീസ് നിലപാടിനോട് യോജിപ്പില്ല. നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കലാപങ്ങളോ കുഴപ്പങ്ങളോ ഉണ്ടാക്കുന്നവരെയല്ല സമാധാനപരമായി തീര്‍ഥാടനത്തിനെത്തുന്നവരെയാണ് പോലീസ് തടയുന്നത്.

പമ്പയിലും സന്നിധാനത്തും തീര്‍ഥാടകര്‍ക്ക് പര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് വിലയിരുത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ സൗകര്യങ്ങളൊരുക്കി കൊടുത്തിട്ടില്ല. അയ്യപ്പഭക്തരെ എന്തിനാണ് പോലീസ് തടയുന്നത്. സര്‍ക്കാര്‍ ഭക്തന്മാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, സിപി ജോണ്‍, ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി, എംകെ മുനീര്‍, എൻ.കെ പ്രേമചന്ദ്രൻ, ജി.ദേവരാജൻ, ബെന്നി ബെഹ്നാൻ,ലതികാ സുഭാഷ് തുടങ്ങിയവർ യു.ഡി.എഫ് സംഘത്തിലുണ്ട്.

Advertisment