Advertisment

നട അടയ്ക്കുമ്പോള്‍ ആശ്വസിക്കുന്നത് സര്‍ക്കാര്‍. മാധ്യമങ്ങളെ ഒഴിവാക്കിയത് പബ്ലിസിറ്റിക്കായി മലചവിട്ടാനെത്തുന്നവരെ നിയന്ത്രിക്കാന്‍. സന്നിധാനത്ത് പോലീസ് നടപടി സാധ്യമല്ലെന്ന ഐജി ശ്രീജിത്തിന്‍റെ നിലപാടും സര്‍ക്കാരിന്‍റെ മനംമാറ്റത്തിന് കാരണമായി !

New Update

തിരുവനന്തപുരം:  ശബരിമലയില്‍ ഇന്ന് രാത്രി നട അടയ്ക്കുന്നതോടെ സര്‍ക്കാര്‍ അല്പമൊരു ആശ്വാസത്തിലായി. സന്നിധാനത്തേക്ക് പമ്പയില്‍ നിന്നും ഭക്തരെ കടത്തിവിടുന്നത് ഉച്ചയോടെ നിര്‍ത്തിവയ്ക്കുകകൂടി ചെയ്തതോടെ സര്‍ക്കാര്‍ തല്‍ക്കാലം രക്ഷപെട്ടു എന്ന് പറയാം. ഇന്ന് രാവിലെ മല കയറണമെന്ന ആവശ്യവുമായി യുവതി രംഗത്തെത്തിയെങ്കിലും ഇരുമുടിക്കെട്ടുമായല്ല വന്നതെന്ന കാരണം പറഞ്ഞ് അവരുടെ യാത്ര തടയാനായതും പോലീസിന് നേട്ടമായി.

Advertisment

publive-image

നട തുറന്ന ശേഷം ഇതുവരെ ആകെ ശബരിമലയില്‍ കയറാന്‍ എത്തിയത് പതിനൊന്ന് സ്ത്രീകള്‍ മാത്രമാണ്. അവരില്‍ ഹൈദരാബാദില്‍ നിന്നെത്തിയ മാധവിയും കഴിഞ്ഞ ദിവസം വന്ന 2 അന്യസംസ്ഥാനക്കാരായ യുവതികളും മാത്രമാണ് വിശ്വാസികള്‍.  ഇവിടുത്തെ പ്രതിഷേധങ്ങള്‍ അറിയാതെയാണ് ഇവര്‍ മറ്റ്‌ ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.

ഇത് ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസിലാക്കിയപ്പോള്‍ അവര്‍ തന്നെ മല ചവിട്ടേണ്ടതില്ലെന്ന് വ്യക്തമാക്കി. നിങ്ങള്‍ക്ക് പോകണമെന്നുണ്ടെങ്കില്‍ സുരക്ഷ ഒരുക്കാമെന്നു പോലീസ് പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയതുമില്ല.

publive-image

ബാക്കി മല ചവിട്ടാനെത്തിയവരൊന്നും അയ്യപ്പ ഭക്തികൊണ്ട് വന്നവരല്ലെന്നു വ്യക്തം. അവരെ എങ്ങനെയും സന്നിധാനത്ത് എത്തിച്ച് ആരെയോ തോല്‍പ്പിക്കാനുള്ള വാശിയാണ് പോലീസുകാരില്‍ നിന്നും, ഒപ്പം കൂടിയ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ജനം മനസിലാക്കിയത്.

എന്തായാലും രഹന ഫാത്തിമയുടെ മലകയറ്റത്തോടെ പൊള്ളിയ സര്‍ക്കാര്‍ ഇനി യുവതികളെ മലകയറ്റാന്‍ ശക്തിപ്രകടനം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. യഥാര്‍ത്ഥ ഭക്തര്‍ അതിനായി വരുന്നില്ലെന്നത് തന്നെയായിരുന്നു കാരണം.

publive-image

ഫെമനിസ്റ്റുകളെയും യുക്തിവാദികളെയും ആക്ടിവിസ്റ്റുകളെയും മലചവിട്ടിക്കാന്‍ ഇനിയും ബലപ്രയോഗം വേണ്ടെന്നായിരുന്നു സര്‍ക്കാരിലെ ധാരണ. സന്നിധാനത്തോ പരിസരങ്ങളിലോ ഒരു പോലീസ് നടപടിക്ക് ഒരുക്കമല്ലെന്ന നിലപാട് ഐ ജി ശ്രീജിത്തും സ്വീകരിച്ചതായാണ് സൂചന. തികഞ്ഞ വിശ്വാസിയും അയ്യപ്പ ഭക്തനുമാണ് ശ്രീജിത്ത്.

പക്ഷേ, ദിവസങ്ങള്‍ക്കകം മണ്ഡലകാലം ആരംഭിക്കുന്നതോടെ വീണ്ടും കാര്യങ്ങള്‍ തലകീഴ്മേല്‍ മറിയും. അതിനും മുമ്പ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും എന്ത് നടപടി ഉണ്ടാകുമെന്നതും സര്‍ക്കാര്‍ കാത്തിരിക്കുകയാണ്.

publive-image

മല കയറാനെത്തുന്നവര്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയും വാര്‍ത്താ പ്രാധാന്യവും കാരണം യുക്തിവാദികളും ആക്ടിവിസ്റ്റുകളും ഇതൊരവസരമാക്കി മാറ്റുകയായിരുന്നു. മല കയറാനെത്തുന്നവര്‍ സെലിബ്രിറ്റികളായി മാറിയതോടെയാണ് ശബരിമലയില്‍ നിന്നും പമ്പയില്‍ നിന്നും മാധ്യമങ്ങളെ പോലീസ് ഒഴിവാക്കിയത്.  ഈ വാര്‍ത്താ പ്രാധാന്യം കയ്യടക്കാന്‍ വരുന്നവരെ നിയന്ത്രിക്കാനായിരുന്നു ഈ നീക്കം.

publive-image

കഴിഞ്ഞ ദിവസം ദളിത്‌ പ്രവര്‍ത്തകയായി മഞ്ജു ഉള്‍പ്പെടെ എത്തിയത് സംഘടനയ്ക്ക് വേണ്ടി മാധ്യമ ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, പിന്നീട് ഇവരുടെ വീടുകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും പോലീസിന് തലവേദനയായി മാറിയിരുന്നു.

ഇനി മണ്ഡലകാലത്ത് സ്വീകരിക്കേണ്ട നടപടികളിലാണ് പോലീസിന്റെ ആലോചന.

Advertisment