Advertisment

സാലറി ചലഞ്ചിനിടെ എഫ്ഐആര്‍ ചലഞ്ച് : ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല കേസുകള്‍ - ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. അടിസ്ഥാനമില്ലാത്ത കേസുകള്‍ നവകേരള സൃഷ്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് ഉദ്യോഗസ്ഥ പ്രമുഖര്‍ 

New Update

തിരുവനന്തപുരം:  ഒരു വശത്ത് നവകേരള സൃഷ്ടിക്കായി പിരിവും സാലറി ചലഞ്ചുമായി മുന്നേറുമ്പോള്‍ മറുവശത്ത് കേരള സാമൂഹ്യ രംഗത്തെ മലിമസമാക്കുന്ന ആരോപണങ്ങളും അടിസ്ഥാന രഹിതമായ കേസുകളുമായി സര്‍ക്കാര്‍ ഖജനാവ് കാലിയാക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു.

Advertisment

വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയ കേരളം കണ്ട ഏറ്റവും വലിയ വനിതാ ക്രിമിനലിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിസഭ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയുടെ പേരില്‍ പ്രതിപക്ഷ നേതാവിനെതിരെയും കേസെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നവകേരളമെന്ന ആശയത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുകയാണെന്നാണ് ഉദ്യോഗസ്ഥ വിലയിരുത്തല്‍.

publive-image

സാലറി ചലഞ്ച്: ജനം രണ്ടാമതൊന്ന് ആലോചിക്കും 

അനാവശ്യമായ കേസുകളുടെ പേരില്‍ സര്‍ക്കാര്‍ പല രൂപത്തില്‍ ഒഴുക്കി കളഞ്ഞുകൊണ്ടിരിക്കുന്നത് പ്രളയത്തില്‍ തകര്‍ന്ന ഒരു ജില്ലയെ മൊത്തമായി പുനസൃഷ്ടിക്കാന്‍ പറ്റുന്നതിലും അധികം തുകയാണ്.

സര്‍ക്കാരിനെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന സുമനസുകളെ രണ്ടാമതൊന്നാലോചിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇത്തരം നടപടികളെന്നാണ് ഉദ്യോഗസ്ഥ പ്രമുഖരുടെ വിലയിരുത്തല്‍.  സര്‍ക്കാരിന്റെ മുഖ്യ അജണ്ട തന്നെ വികസനത്തില്‍ നിന്നും വൈര നിര്യാതനത്തിലേക്ക് വഴുതുകയാണെന്ന വിമര്‍ശനം ശക്തമാണ്.

publive-image

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ പ്രതിസ്ഥാനത്ത്; ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍

നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഒരു നാടിന് ഒട്ടും അനുയോജ്യമല്ലാത്ത നടപടികളാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉയരുന്ന കേസുകളെന്ന ആരോപണം മുതിര്‍ന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.

പ്രതിപക്ഷത്തെ ഉന്നത നേതാക്കള്‍ക്കെതിരെ തന്നെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളില്‍ കേസും നടപടികളുമായി നീങ്ങേണ്ടി വരുന്നത് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.  ശബരിമല വിഷയത്തോടെ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചാ സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതായെന്ന വിലയിരുത്തലാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്.

ഈ സാഹചര്യത്തില്‍ അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ സാധ്യതയുള്ള രണ്ട് നേതാക്കള്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ ഇവര്‍ക്കുണ്ട്.

publive-image

ഹൈക്കോടതി പറഞ്ഞതെന്ത് ? സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ത് ?

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്കെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും ഉള്ളത് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്ന കേസുകളല്ലെന്ന വാദം ശക്തമാണ്.  ആഭ്യന്തര മന്ത്രിയായിരിക്കെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറാന്‍ തീരുമാനിച്ചു എന്നതാണ് രമേശ്‌ ചെന്നിത്തലക്കെതിരായ കേസ്.

എന്നാല്‍ ഈ തീരുമാനം മന്ത്രിസഭയുടെതാണ്. മന്ത്രിസഭ ഏറ്റെടുക്കുന്ന തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതിനെതിരെ ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടതാണ്; അതും കഴിഞ്ഞ വര്‍ഷം.

ഇതറിയുന്ന വിജിലന്‍സ് മറ്റൊരു മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ ഒരു മുന്‍മന്ത്രിക്കെതിരെ കേസ് എടുക്കുന്നത് എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.

publive-image

ഹൈക്കോടതിക്ക് ക്രെഡിബിലിറ്റിയില്ല, സര്‍ക്കാരിന് പൂര്‍ണ്ണവിശ്വാസം 

സോളാര്‍ തട്ടിപ്പുകാരിയായ സ്ത്രീ യാതൊരു ക്രെഡിബിലിറ്റിയുമുള്ള വ്യക്തിയല്ലെന്ന്‍ കേരള ഹൈക്കോടതി വിലയിരുത്തിയതാണ്. രണ്ടു വര്‍ഷം മുമ്പുവരെ കേരളത്തിലെ സകല ചാനലുകളേയും വിളിച്ച് വരുത്തി ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമെന്ന് പല ദിവസങ്ങളില്‍ അവര്‍ ആവര്‍ത്തിച്ച ഒരു ആരോപണമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഇപ്പോള്‍ പരാതിയായി അവര്‍ നല്കിയതും പോലീസ് എഫ് ഐ ആര്‍ സമര്‍പ്പിച്ചതും.

ഈ കേസുമായി മുന്നോട്ട് പോകുന്നതില്‍ പോലീസ് തലപ്പത്തെ ഉന്നതര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

publive-image

മുന്‍ഗണന, നവ കേരളത്തിനോ വിവാദങ്ങള്‍ക്കോ ?

ഈ തരത്തില്‍ പ്രതിപക്ഷ നിരയിലെ ഉന്നതര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോയാല്‍ സംസ്ഥാനത്തിന്റെ മുന്‍ഗണന വിഷയങ്ങള്‍ തന്നെ മാറിമറിയും എന്ന വിമര്‍ശനം ശക്തമാണ്.

മാത്രമല്ല, സാധാരണ ഇത്തരം വിവാദങ്ങളെ വാരിപ്പുണരാറുള്ള മാധ്യമങ്ങള്‍ പോലും ഈ വിവാദങ്ങളോട് തണുപ്പന്‍ പ്രതികരണമാണ് നടത്തിയത്. അതിനാല്‍ ഈ കേസുകളില്‍ കോടതികളില്‍ നിന്നുണ്ടാകുന്ന ഓരോ തിരിച്ചടികളും സര്‍ക്കാരിന് ഗുരുതരമായ പ്രത്യാഘാദങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്.

publive-image

ജോര്‍ജ്ജ് എം തോമസിനും മന്ത്രി ടി പി രാമകൃഷ്ണനുമെതിരെ കേസെടുക്കാന്‍ പറഞ്ഞപ്പോള്‍ ചെന്നിത്തലയ്ക്കെതിരെയും ഒരു കേസ് ?

സര്‍ക്കാരിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടിക്കായി പോലീസിനെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സര്‍ക്കാരിനെതിരെ ശക്തമാണ്. ബ്രൂവറി ചലഞ്ചില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ച പ്രതിപക്ഷ നേതാവിനെതിരെ പെട്ടെന്ന് പൊട്ടിമുളച്ച വിജിലന്‍സ് കേസ് തന്നെ അതിന്റെ അവസാനത്തെ ഉദാഹരണമാണ്.

റവന്യൂ ഭൂമി കൈവശം വയ്ക്കുന്നുവെന്നും ഉപയോഗിക്കുന്നുവെന്നും തെളിഞ്ഞിട്ടും സിപിഎം എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ കേസെടുക്കാന്‍ തയാറാകാതിരുന്ന സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിസഭ തീരുമാനിച്ച വിഷയത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷ൦ കഴിഞ്ഞപ്പോഴാണ് ഒരു കേസ് പൊടിതട്ടിയെടുത്തിരിക്കുന്നത്.

പലതും പരിഗണിച്ചിട്ടും ഒന്നും പച്ചതൊടില്ലെന്ന് കണ്ടപ്പോള്‍ തപ്പിയെടുത്തത് പോലുള്ള ഒരു ആരോപണമാണ് ചെന്നിത്തലയ്ക്കെതിരെയുള്ള കേസ്. ഒരു മന്ത്രിസഭയുടെയും തീരുമാനമില്ലാതെ ബ്രൂവറി / ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ പകരം അദ്ദേഹത്തിനെതിരെ കേസെടുത്ത് സര്‍ക്കാര്‍ പകരം വീട്ടിയിരിക്കുന്നു.

Advertisment