ലയനം നടന്നാല്‍ സ്കറിയാ തോമസ്‌ പാര്‍ട്ടിയില്‍ മൂന്നാമനാകും. ചെയര്‍മാന്‍ സ്ഥാനം ഇല്ലാതെ ലയനം ഇല്ലെന്ന് പിള്ള. നഷ്ടം സഹിച്ച് ജയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന്‍ സ്കറിയാ തോമസും. ചര്‍ച്ചകള്‍ വഴിമുട്ടി. ലയനം അടഞ്ഞ അദ്ധ്യായം

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, July 24, 2018

കൊല്ലം:  ആര്‍ ബാലകൃഷ്ണപിള്ള – സ്കറിയാ തോമസ്‌ വിഭാഗങ്ങളുടെ ലയനം നടന്നേക്കില്ലെന്ന് സൂചന. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ ആവശ്യം സ്കറിയാ തോമസ്‌ എക്സ് എം പി തള്ളിയ സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന ഉറച്ച നിലപാടിലാണ് പിള്ള ഗ്രൂപ്പ്.

നിലവില്‍ ഇടത് മുന്നണി ഘടകകക്ഷിയായ സ്കറിയാ തോമസ്‌ വിഭാഗം ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കിക്കൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയാറല്ല. ചെയര്‍മാന്‍ പദവി നഷ്ടമായാല്‍ തനിക്ക് പിന്നെ പാര്‍ട്ടിയില്‍ പ്രസക്തിയില്ലെന്നതാണ് സ്കറിയാ തോമസിന്റെ വാദം.

പിള്ള ചെയര്‍മാനും മകന്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും മുന്‍ മന്ത്രിയുമായ സാഹചര്യത്തില്‍ ലയനത്തിലൂടെ സ്കറിയാ തോമസ്‌ പാര്‍ട്ടിയില്‍ മൂന്നാമനായി മാറും. ബാലകൃഷ്ണപിള്ളയും ക്യാബിനറ്റ് റാങ്കോടെ മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്.

ഈ സാഹചര്യത്തില്‍ ലയനത്തിലൂടെ തനിക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ എന്നാണ് സ്കറിയാ തോമസിന്റെ നിലപാട്. പിന്നീട് പിള്ള പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ പോലും അതിശയിക്കേണ്ടതില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

അതേസമയം, യു ഡി എഫ് വിട്ടശേഷം ഒരു മുന്നണിയിലുമില്ലാത്തതാണ് പിള്ള ഗ്രൂപ്പിന്റെ അവസ്ഥ. സ്കറിയാ തോമസിന്റെ പാര്‍ട്ടിയില്‍ ലയിച്ചാല്‍ പിള്ള ഗ്രൂപ്പിന് ഇടത് മുന്നണിയുടെ ഭാഗമാകാനും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം അവകാശപ്പെടാനും കഴിയും. ഇങ്ങനെ ലയനത്തിന്റെ പേരില്‍ ലാഭം പിള്ള ഗ്രൂപ്പിനാണെന്നിരിക്കെ മുന്നണി അംഗത്വമുള്ള പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി നഷ്ടപ്പെടുത്തി ലയനം സാധ്യമല്ലെന്നാണ് സ്കറിയാ തോമസിന്റെ വാദം.

തനിക്ക് അങ്ങനെ ത്യാഗം സഹിക്കേണ്ട ആവശ്യമില്ലെന്നതും സ്കറിയാ തോമസ്‌ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ലയന ചര്‍ച്ച വഴിമുട്ടി !

മുമ്പും പല കേരളാ കോണ്‍ഗ്രസുകളും പിള്ളയുമായി ലയിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്നും പിള്ളയുമായി ജാതകപ്പൊരുത്തത്തിലെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

×