കേരളത്തില്‍ 16 സീറ്റുറപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി ചലഞ്ച് ! സ്വകാര്യ ഏജന്‍സിയുടെ സര്‍വ്വേയില്‍ ഇടംപിടിച്ചില്ലെങ്കില്‍ 2 സിറ്റിംഗ് എംപിമാര്‍ക്കുകൂടി സീറ്റ് പോകും ! കൈവിട്ടുപോയ 4 യുഡിഎഫ് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനും നിര്‍ദ്ദേശം !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 11, 2018

ന്യൂഡല്‍ഹി:  സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ജയസാധ്യത അറിയാന്‍ എ ഐ സി സി വീണ്ടും സര്‍വേ നടത്തും. ഇതിനായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തി സര്‍വ്വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സിറ്റിംഗ് എം പിമാരുടെ പ്രവര്‍ത്തനങ്ങളും അവരുടെ ജയസാധ്യതയും വീണ്ടും വിലയിരുത്തും.

മുമ്പ് എ ഐ സി സി നടത്തിയ സര്‍വേയില്‍ പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ സിറ്റിംഗ് സീറ്റുകളില്‍ നിലവിലുള്ള എംപിമാരുടെ ജയസാധ്യത സംബന്ധിച്ച് പ്രതികൂല റിപ്പോര്‍ട്ടായിരുന്നു എ ഐ സി സിയ്ക്ക് ലഭിച്ചത്. പുതിയ സര്‍വേയുടെ കൂടി പശ്ചാത്തലത്തിലായിരിക്കും ഇവര്‍ക്ക് വീണ്ടും സീറ്റ് അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

അതില്‍ വയനാട് എം പി എംഐ ഷാനവാസ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ അനുമതി ഉണ്ടാവില്ല. പത്തനംതിട്ട എം പി ആന്‍റോ ആന്റണിയുടെയും എറണാകുളം എം പി കെവി തോമസിന്റെയും കാര്യത്തില്‍ സര്‍വ്വേ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി കൈക്കൊള്ളുക.

നിലവിലെ 12 സീറ്റുകള്‍ 16 ആക്കി ഉയര്‍ത്തണമെന്നാണ് എ ഐ സി സിയുടെ നിര്‍ദ്ദേശം. അതിനുള്ള ജാഗ്രത സീറ്റ് നിര്‍ണ്ണയത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ജയസാധ്യതയില്ലെങ്കില്‍ സിറ്റിംഗ് സീറ്റുകള്‍ എം പിമാര്‍ക്ക് അനുവദിക്കുന്ന കാര്യം സംശയമാണ്.

കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായ കഴിഞ്ഞ തവണ നഷ്ടമായ ഇടുക്കി, ചാലക്കുടി, തൃശൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങള്‍ നിര്‍ബന്ധമായും തിരിച്ചു പിടിക്കണമെന്നാണ് രാഹുലിന്‍റെ നിര്‍ദ്ദേശം. ഒപ്പം നിലവിലെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ അതിന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സമാധാനം പറയേണ്ടി വരും. ഇത് രണ്ടും ഉറപ്പിക്കാനായാല്‍ ഹൈക്കമാന്റിന്റെ ടാര്‍ജറ്റായ 16 തികയും.

അതുറപ്പിക്കാനായാണ് പാര്‍ട്ടി ഘടകങ്ങളെ ഒഴിവാക്കി സ്വകാര്യ ഏജന്‍സി വഴി രാഹുല്‍ ഗാന്ധി ലോക്സഭാ മണ്ഡലങ്ങളില്‍ വിവര ശേഖരണം നടത്തുന്നത്. ഓരോ മണ്ഡലങ്ങളിലും ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയും പരിഗണിക്കുന്നുണ്ട്. അന്തിമ സീറ്റ് ചര്‍ച്ചയില്‍ സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് ലഭിച്ച വിവരങ്ങള്‍ കൂടി പരിഗണിച്ചാകും രാഹുല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക.

നിലവിലെ സിറ്റിംഗ് എം പിമാരില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിംഗ് പ്രസിഡന്റ്‌ കൊടിക്കുന്നില്‍ സുരേഷിനും പാര്‍ട്ടി ചുമതലയുള്ളതിനാല്‍ സീറ്റ് ലഭിച്ചേക്കില്ല. ഇവരുടെ മണ്ഡലങ്ങളിലും പുതുമുഖങ്ങള്‍ക്കായിരിക്കും പരിഗണന.

×