Advertisment

വട്ടിയൂര്‍ക്കാവിനായി പത്മജാ വേണുഗോപാലും രംഗത്ത് ! സഹോദരിയെ മത്സരിപ്പിക്കുന്നതില്‍ മുരളിയ്ക്ക് താല്പര്യ കുറവ്. പീതാംബരക്കുറുപ്പും പരിഗണനയില്‍ ! രാഹുലിന്റെ പരിഭാഷക ജ്യോതി വിജയകുമാറിന്റെ പേരുമായി 'എ' ഗ്രൂപ്പും രംഗത്ത് !

New Update

തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസും ബി ജെ പിയും മുന്നൊരുക്കങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികള്‍ കെ പി സി സിയ്ക്ക് മുമ്പില്‍ അപേക്ഷകളുമായി അണിനിരന്നുകഴിഞ്ഞു. ബി ജെ പി മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഇവിടെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. സി പി എമ്മില്‍ സ്ഥാനാര്‍ഥി സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.

Advertisment

publive-image

പത്മജാ വേണുഗോപാലും രംഗത്ത് !

അന്തരിച്ച ലീഡര്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ പാര്‍ലമെന്‍റ൦ഗമായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി രംഗത്തുള്ള പേര് ലീഡറുടെ മകള്‍ പത്മജാ വേണുഗോപാലിന്റെത്.

വട്ടിയൂര്‍ക്കാവ് സീറ്റ് 'ഐ' ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഇവിടെ കെ മുരളീധരന്റെ നിലപാട് നിര്‍ണ്ണായകമാകും. പത്മജ സഹോദരന്റെ സീറ്റിനായി അവകാശവാദവുമായി രംഗത്തുണ്ട്. എന്നാല്‍ പത്മജയെ ഇവിടെ മത്സരിപ്പിക്കാന്‍ മുരളീധരന് താല്‍പര്യമില്ലെന്നും പറയുന്നു.

അങ്ങനെ വന്നാല്‍ മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിനെ ഇവിടെ പരിഗണിച്ചേക്കാം.  ശരത്ചന്ദ്ര പ്രസാദിനും ആഗ്രഹമുണ്ടെങ്കിലും സാധ്യത കുറവാണ്.

അതേസമയം, 'എ' ഗ്രൂപ്പും ഈ സീറ്റില്‍ അവകാശവാദം ഉന്നയിച്ചേക്കാം. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ മത്സരിച്ച് പരാജയപ്പെട്ട വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറിന്റെ പേരാണ് 'ഐ' ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. ജ്യോതിയുടെ സ്ഥാനാര്‍ഥിത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ ലഭിക്കുമെന്നാണ് 'എ' ഗ്രൂപ്പ് കരുതുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുമ്പോള്‍ ഏറ്റവും വിജയകരമായി പ്രസംഗം തര്‍ജ്ജമ ചെയ്യുന്നത് ജ്യോതിയാണ്.

പാലോട് രവിയ്ക്കും തമ്പാനൂര്‍ രവിയ്ക്കും വട്ടിയൂര്‍ക്കാവിനോട് താല്പര്യമുണ്ട്. പക്ഷെ, എ' ഗ്രൂപ്പിന്റെ അവകാശവാദത്തിന് വട്ടിയൂര്‍ക്കാവില്‍ പ്രസക്തി കുറവായിരിക്കും. ഐ' ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാര്‍ഥിയ്ക്ക് തന്നെയാകും ആദ്യ പരിഗണന.  അതേസമയം, ഏത് ഗ്രൂപ്പാണെങ്കിലും യുവത്വത്തിന് പ്രാധാന്യം നല്‍കണമെന്ന വികാരം കോണ്‍ഗ്രസില്‍ ശക്തമാണ്.

vattiyurkavu by ele
Advertisment