അപകടത്തില്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ മൂന്നു മാസത്തിനകം നഷ്ടപരിഹാരത്തുക കെട്ടിവെയ്ക്കണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, December 1, 2018

തിരുവനന്തപുരം:  അപകടത്തില്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെയ്‌ക്കണമെന്നത് സംബന്ധിച്ച് കേരള മോട്ടോര്‍വാഹനചട്ടത്തില്‍ ഭേദഗതിവരുത്തി വിജ്ഞാപനമിറങ്ങി.

മൂന്നു മാസത്തിനകം കോടതി നിശ്ചയിക്കുന്ന തുക കെട്ടിവെയ്ക്കാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ വാഹനം കോടതി ലേലം ചെയ്യും. ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന് കൈമാറുന്ന ഈ തുക പിന്നീട് നഷ്ടപരിഹാരത്തിന് അര്‍ഹനായ വ്യക്തിക്ക് നല്‍കും.

നിലവില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പരിശോധിച്ചശേഷം ഉടമയ്ക്ക് വിട്ടുകൊടുക്കുമായിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കിലും വാഹനം ഇതുവരെ വിട്ടുകിട്ടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ രീതി മാറും.

നഷ്ടപരിഹാരം വാഹന ഉടമയാണ് നല്‍കേണ്ടിയിരുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനം വിട്ടു നല്‍കിയാല്‍ ഇതിനേറെ കാലതാമസമുണ്ടാകുന്നു. വാഹനം വില്‍ക്കുകയോ കണ്ടെത്താന്‍പോലും കഴിയാത്ത അവസ്ഥയുമുണ്ടാകുമായിരുന്നു.

റവന്യൂറിക്കവറി ഉള്‍പ്പെടെയുള്ള നടപടികളിലേക്കാണ് ഇതു നയിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

×