ശബരിമലക്കാര്യത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് ബിജെപിക്കാര്‍ പറഞ്ഞുകഴിഞ്ഞതാണ്. ഇനി കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ അവിടെ ചെന്നിട്ട് എന്തുണ്ടാക്കാനാണ് ? അയ്യപ്പന് വേണ്ടി വോട്ട് ചോദിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ അയ്യപ്പനെ വഞ്ചിച്ചത് – ബിജെപിക്കെതിരെ ഉശിരന്‍ ഡയലോഗുമായി ബിജെപി അനുഭാവിയുടെ ഫെയ്സ്ബുക്ക് ലൈവ് വൈറല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 20, 2019

തിരുവനന്തപുരം:  ബി ജെ പിക്കെതിരെ കുറിക്കുകൊള്ളുന്ന ചോദ്യവുമായി തിരുവനന്തപുരത്തെ ബി ജെ പി അനുഭാവിയായ യുവാവിന്റെ ഫെയ്സ്ബുക്ക് ലൈവ് വൈറലായി. ശബരിമല വിഷയത്തില്‍ അയ്യപ്പനെയും കേരളത്തിലെ ഹിന്ദു വിശ്വാസികളെയും വഞ്ചിച്ചത് ബി ജെ പിയാണെന്ന് താന്‍ നൂറ്റൊന്നു ശതമാനം വിശ്വസിക്കുന്നു എന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ ഓ രാജഗോപാലിന് വോട്ട് ചെയ്ത യുവാവിന്റെ ലൈവ്.

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായപ്പോള്‍ അത് തടയാന്‍ ഒരു നിയമനിര്‍മ്മാണമോ ഓര്‍ഡിനന്‍സോ ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായ സാധുത ഇല്ലെന്നു പറഞ്ഞവരാണ് ബി ജെ പിക്കാര്‍. ആ സാഹചര്യത്തില്‍ ഇപ്പോള്‍ അയ്യപ്പന് വേണ്ടി വോട്ട് ചോദിക്കുന്ന കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ കേന്ദ്രത്തില്‍ ചെന്ന് നാളെ എന്തുണ്ടാക്കാനാണ് പോകുന്നത് എന്നാണു യുവാവിന്റെ ചോദ്യം.

കേന്ദ്രസര്‍ക്കാരിന് ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ പറഞ്ഞുകഴിഞ്ഞു. പിന്നെന്തിനാണ് അയ്യപ്പന് വേണ്ടി ഞങ്ങള്‍ കുമ്മനത്തിനെ അല്ലെങ്കില്‍ സുരേന്ദ്രനെ വിജയിപ്പിക്കുന്നത്. നിങ്ങള്‍ക്ക് പറ്റില്ലെന്ന് എന്തായാലും നിങ്ങള്‍ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് നിങ്ങള്‍ അവിടെ നില്‍ക്ക്.

പാര്‍ലമെന്റില്‍ ഇത് പറ്റുമെന്ന് പറഞ്ഞവരുണ്ട്‌, ശശി തരൂര്‍ ഉള്‍പ്പെടെ. അവര്‍ പോയി ചെയ്യുമോ എന്ന് നമുക്ക് നോക്കാം. അതിനായിരിക്കണം തിരുവനന്തപുരത്തെ വോട്ടെന്നും യുവാവ് പറയുന്നു. ശബരിമല വിധി വന്നപ്പോള്‍ ഇത് സുവര്‍ണ്ണാവസരമാണെന്ന് പറഞ്ഞവരാണ് നിങ്ങള്‍. ബി ജെ പിയുടെ ഒരു എം പിയോ എം എല്‍ എയോ മന്ത്രിയോ ഇക്കാര്യത്തില്‍ ഒരു നിയമനിര്‍മ്മാണം വേണമെന്ന് പറഞ്ഞിട്ടില്ല. പകരം നാട് കുളംതോണ്ടി നാറാണക്കല്ല് പിടിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്.

അതേസമയം, ശബരിമല വിഷയം ഹിന്ദു വിശ്വാസികളെ സംബന്ധിച്ച് വൈകാരികമായ പ്രശ്നമാണെന്നും വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും ശശി തരൂര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്തിന്റെ വീഡിയോ നിങ്ങള്‍ കണ്ടതാണ്. അങ്ങനെയെങ്കില്‍ കുമ്മനം അവിടെ നില്‍ക്കട്ടെ, തരൂര്‍ പോയി അത് ചെയ്യട്ടെ എന്നാണു യുവാവ് വീഡിയോയില്‍ പറയുന്നത്.

സമാനമായ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹിന്ദു സമൂഹത്തില്‍ ശബരിമല വിഷയത്തിലെ ബി ജെ പിയുടെ ഇരട്ടത്താപ്പ് തുറന്നടിച്ചുകൊണ്ട് നിരവധി ഹൈന്ദവ യുവാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.

×