Advertisment

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ 'അകത്താകും'

New Update

ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന് എക്‌സൈസിന്റെ സര്‍ക്കുലര്‍. അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കി. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്.

Advertisment

വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

publive-image

സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം 40 ലിറ്റര്‍ എക്‌സൈസ് പിടികൂടി. വീട്ടില്‍ താമസക്കാരനായ യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് എക്‌സൈസിന്റെ കര്‍ശന മുന്നറിയിപ്പ്. മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കി.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നു സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതു തടയാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമവുമുണ്ട്.

കാര്യക്ഷമമായ നടപടിക്ക് ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഓരോ ജില്ലയിലും ''സ്‌ട്രൈക്കിംഗ് ഫോഴ്‌സ്'' എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. പോലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്.

Advertisment