Advertisment

കേരളത്തിലെ റബ്ബർ കർഷകർ ദുരിതത്തിലാണ്; എന്താണ് ദുരിതത്തിന് കാരണമെന്നോ അതിന് പരിഹാരമെന്തെന്നോ അന്വേഷിക്കാനോ പരിഹാരം നിർദ്ദേശിക്കാനോ ഇവിടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളോ റബ്ബർ ബോർഡോ തയ്യാറാകുന്നില്ല എന്നതാണ് ഈ ദുരിതങ്ങളെക്കാൾ ദുരിതം; ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കേരളത്തിലെ റബ്ബർ കർഷകർ ദുരിതത്തിലാണ്. എന്താണ് ദുരിതത്തിന് കാരണമെന്നോ അതിന് പരിഹാരമെന്തെന്നോ അന്വേഷിക്കാനോ പരിഹാരം നിർദ്ദേശിക്കാനോ ഇവിടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളോ റബ്ബർ ബോർഡോ തയ്യാറാകുന്നില്ല എന്നതാണ് ഈ ദുരിതങ്ങളെക്കാൾ ദുരിതം.

Advertisment

publive-image


കർഷകർ തന്നെ തങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയ - ഉദ്യോഗസ്ഥ മേലാളന്മാരുടെ ശ്രദ്ധയിൽ

പെടുത്താൻ പെരുവഴിയിലിറങ്ങണമെന്നതാണ്നമ്മുടെ ജനാധിപത്യം ആവശ്യപ്പെടുന്നത്... ഇത് ജനാധിപത്യത്തിന്റെ തകരാറോ അതോ സംവിധാനത്തിന്റെ തകരാറോ?


ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന കർഷകർ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന സമ്പത്തിൽ നിന്നും വിവിധ പേരുകളിൽ നികുതിയായും മറ്റും സമാഹരിക്കുന്നതാണ് ഖജനാവിലെ പണത്തിന്റെ മുഖ്യ പങ്കും. ഇതിൽ നിന്നും ജനസംഖ്യാനുപാതിക വിഹിതം കർഷകർക്ക് അവകാശപ്പെട്ടതാണ്. അത് കർഷകന് ലഭിക്കുന്നില്ലായെന്ന് മാത്രമല്ലാ വെറും 3 ശതമാനം വരുന്ന ഭരണക്കാരും ഉദ്യോഗസ്ഥരും പൊതുഖജനാവ് കൊള്ളയടിക്കുകയും ചെയ്യുന്നു.

കേരളത്തിൽ കർഷകർ എന്നാൽ ആധുനിക ലോകത്തിലെ അടിമകളാണ് എന്ന പ്രത്യയശാസ്ത്രം ഭംഗിയായി അവതരിപ്പിച്ച രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ട് നാടിനെ എല്ലാരീതിയിലും തകർക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ നടന്നു നീങ്ങുന്ന ബുദ്ധിജീവികളും സാംസ്‌കാരിക നേതാക്കളും നാടിന്റെ ശാപമാണ്.  (ഇവരിൽ പലരും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളും ചില പ്രതേക അവസരങ്ങളിൽ മാത്രം ശബ്ദിക്കുന്നവർക്കുമാണെന്ന് കേരളക്കര മനസ്സിലാക്കി കഴിഞ്ഞു) കർഷകന് വേണ്ടി ശബ്ദിക്കാൻ ഇവിടാരുമില്ല.


എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും കർഷക പോഷക സംഘടനകൾ ഉണ്ടെങ്കിലും അവയെല്ലാം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രം. യോജിപ്പോടെ പ്രവർത്തിക്കുന്ന ഒരു കർഷക പ്രസ്ഥാനമോ ഒരു നേതാവോ കേരളത്തിലില്ല എന്നതും കാണുക.


publive-image

ജനപ്രതിനിധികളുടയോ സർക്കാർ ഉദ്യോഗസ്ഥരുടെയോ ശമ്പള വർദ്ധനവിനോ അനുകൂല്യങ്ങളുടെ വർദ്ധനവിനോ ഒന്നും ഇപ്രകാരം അവർ വെയിൽ കൊള്ളേണ്ടതില്ല. തൊഴിലാളികളുടെ കൂലി വർദ്ധനവിന് പോലും അവർ ഇക്കാലത്തു സമരം ചെയ്യേണ്ടതില്ല. അവർക്കെല്ലാം വേണ്ടി ശബ്ദിക്കാനും പൊരുതാനും രാഷ്ട്രീയക്കാരും ട്രേഡ് യൂണിയൻ സംഘടനകളും ഉണ്ട്.

അവരുടെ പ്രതിനിധികൾ ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെയായി വിലസുമ്പോൾ അവർക്കുള്ളതെല്ലാം കലാകാലങ്ങളിൽ കരഗതമാകുന്നു. കലാകാലങ്ങളിലെ ശംമ്പള വർധനവും അനുകൂല്യങ്ങളുടെ വർധനവും ആഘോഷപൂർവം ഒരു വിഭാഗം അനുഭവിക്കുമ്പോൾ ഈ ജനത്തെ മുഴുവൻ തീറ്റിപ്പോറ്റുന്ന കർഷകൻ അനുദിനം ദരിദ്രനും അവസാനം ആത്‍മഹത്യയിൽ അഭയം തേടുന്നവനുമായി മാറുന്നു.

കുത്തക മുതലാളിയും ഭൂവുടമയുമൊക്കയെന്നു രാഷ്ട്രീയക്കാർ വിളിച്ചാക്ഷേപിച്ചിരുന്ന കർഷകൻ അനുദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ ഉഴലുന്നു. ഇതൊരു സാമൂഹ്യ വിപത്താണ്. അതിനാൽ തന്നെ അപ്രകാരം കാര്യങ്ങൾ മനസ്സിലാക്കി പ്രതിവിധി കണ്ടെത്താനുള്ള ശ്രമം യുദ്ധകാലടിസ്ഥാനത്തിൽ ആരംഭിക്കണം.

കർഷകൻ പണിമുടക്കിയാൽ രാജ്യം പട്ടിണിയിലാകും എന്നറിയാവുന്നവർ ഭരണ സിരാകേന്ദ്രങ്ങളിൽ ഇല്ലെന്നോ?

ട്രേഡ് യൂണിയൻ കളിച്ചും പൊതുമുതൽ നശിപ്പിച്ചും രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ എത്തുകയും ജനപ്രതിനിധികളും മന്ത്രിമാരുമായവരുമൊക്കെയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. ചുരുക്കത്തിൽ നേതാവിന്റെ യോഗ്യത എന്നാൽ കവല പ്രസംഗങ്ങളും പൊതുമുതൽ നശിപ്പിക്കലുമാണെന്ന് ധരിച്ചുവശായി ഇവർക്ക് വോട്ട് ചെയ്തു വിജയിപ്പിച്ച കർഷകരെ. നിങ്ങളാണ് കുറ്റക്കാർ.

ഒരു കർഷകനെ പ്പോലും തെരഞ്ഞെടുത്തയക്കാൻ നിങ്ങൾ ശ്രദ്ധിച്ചില്ല. എല്ലാം അതിന്റെതായ രീതിയിൽ നാളിതുവരെ അനുഭവിച്ചു വന്നതുപോലെ തുടർന്നും ലഭിച്ചുകൊള്ളുമെന്ന ആ ധാരണ ഇനിയെങ്കിലും തിരുത്തിക്കുറിക്കണം.


കർഷകന്റെ നിലനിൽപ്പിനായി, അടുത്ത തലമുറയ്ക്കായി ഇനിയെങ്കിലും ഉണർന്ന് ചിന്തിക്കാൻ സമയമായി എന്നറിയുക.. ഇനിയും കാത്തുനിന്നാൽ ഈ മണ്ണിൽ നിന്നും നിങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടും എന്നതും അറിയുക.


publive-image

എന്താണ് കര്‍ഷകന്റെ പ്രശ്‌നം? 

കർഷകൻ ഉത്പ്പാദിപ്പിക്കുന്ന ഒരുൽപ്പന്നത്തിനും ന്യായ വില ലഭിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ന്യായവില ഉറപ്പാക്കേണ്ട സർക്കാരുകൾ കർഷകനോട് മാത്രമല്ല ഈ രാജ്യത്തോട് തന്നെ ദ്രോഹമാണ് ചെയ്യുന്നത്. ഉത്പ്പാദന ചിലവിനനുസരിച്ചു വരുമാനം ലഭിക്കാത്ത കർഷകൻ രംഗം വിടും.

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപഞാതാവയ ഡോ. സ്വാമിനാഥൻ പറയുന്നു "മുടക്കുമുതലും അതിന്റെ അൻപത് ശതമാനവും തിരികെ ലഭിച്ചെങ്കിൽ മാത്രമേ ഒരു സംരംഭകനോ വ്യവസായിയോ വ്യാപാരിയോ അവരവരുടെ മേഖലകളിൽ പിടിച്ചുനിക്കുകയുള്ളൂ".


ഈ അടിസ്ഥാന തത്വം കർഷകനും ബാധകമല്ലേ? കർഷകൻ മാത്രം നഷ്ട്ടം സഹിച്ചും ജനതയെ തീറ്റിപ്പോറ്റണം എന്നത് എവിടത്തെ നിയമമാണ്? കൃഷിക്കാരൻ ഈ രാജ്യത്തെ സേവിക്കുന്നവനല്ലേ? ഇവിടത്തെ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണോ രാജ്യ സേവകർ? കർഷകനും ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കേണ്ടതില്ലേ? എങ്കിൽ ആരാണ് അത് ഉറപ്പാക്കേണ്ടത്?


കാർഷികോപ്പന്നങ്ങൾക്ക് താങ്ങുവില

രാജ്യത്തെ കാർഷികമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് 2006ൽ ഡോ.എംസ് സ്വാമിനാഥൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്ന ഒരു റിപ്പോർട്ടിൽ കാർഷിക ഉത്പ്പന്നങ്ങളുടെ ഉത്പ്പാദന ചെലവ് കണക്കാക്കുന്നതിനുള്ള ഒരു ഫോർ മുല നൽകിയിരുന്നു. A2, FL, C2 എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി തിരിച്ച് അവ കൃത്യമായി വ്യക്തമാക്കിയിരുന്നു.

A2-വിത്തുകൾ, വളങ്ങൾ, ജലസേചനം, വൈദ്യുതി, ഇന്ധനം, ഉപകാരണങ്ങളുടെ വാടക, കൂലി എന്നിവയും…

FL-കൃഷിക്കാരന്റെയും അവന്റെ കുടുംബാംങ്ങളുടെയും അധ്വാനത്തിന്റെ കൂലി. C2- കൃഷിഭൂമിയുടെ വാടക, മുതൽമുടക്കിന്റെ പലിശ എന്നിവയുമാണ്. ഈ മൂന്ന് ഘടകങ്ങളും സംയോജിപ്പിച്ചാൽ കിട്ടുന്ന തുക എത്രയോ അതിന്റെ ഒന്നരമടങ്ങു താങ്ങുവിലയായി കർഷകർക്ക് നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

താങ്ങുവില കൃത്യമാകണമെങ്കിൽ, കുറ്റമറ്റതാകണമെങ്കിൽ വർധിച്ച കൂലിച്ചെലവും വളം തുടങ്ങിയവയുടെ വിലവർധനവും ഉത്പ്പാദന ചെലവിൽ ഉൾപ്പെടുത്തിയിരിക്കണം എന്നും അദ്ദേഹം വിവഷിച്ചിരുന്നു. ദൗർഭാഗ്യവാശാൽ ഡോ സ്വാമിനാഥൻ സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം ഒരു താങ്ങുവില പ്രഖ്യാപനം ഉണ്ടായില്ല. രാഷ്ട്രീയ -ഉദ്യോഗസ്ഥ മാഫിയ അവരുടേതായ നീക്കുപോക്കുകൾ നടത്തി പ്രഖ്യാപിച്ച താങ്ങുവില പ്രഖ്യാപനം വെറും പ്രഹസനമായി പരിണമിക്കുകയും ചെയ്തു.

 റബ്ബറിന്റെ താങ്ങുവില

2016ൽ ഒരു കിലോ റബ്ബറിന്റെ ഉത്പ്പാദാന ചെലവ് ഇപ്രകാരം കണക്കാക്കിയത് 172 രൂപ എന്നായിരുന്നു. റബ്ബർ ബോർഡ്‌ ആണ് ഇപ്രകാരം കണക്ക് തയ്യാറാക്കിയതെന്നാണ് അടുത്ത നാൾ വരെ മനസ്സിലാക്കിയിരുന്നത്. ഇപ്പോൾ അത് മാറ്റിപ്പറയുന്നുണ്ടെങ്കിലും ഈ ഫോർമുല അനുസരിച്ചു ഒരു പഠനം നടത്താൻ എന്തുകൊണ്ടോ റബ്ബർ ബോർഡും തയ്യാറാകുന്നില്ല.

172രൂപ ഒരു കിലോ റബ്ബർ ഉത്പ്പാദിപ്പിക്കുവാൻ ചെലവാകുമെങ്കിൽ 258രൂപ താങ്ങുവിലയായി പ്രഖ്യാപിക്കണം. അതും 2016 ൽ. എങ്കിൽ 2022ൽ എത്ര രൂപ താങ്ങുവിലയായി പ്രഖ്യാപിക്കപ്പെടണം? കൂലി വർദ്ധനവ് ഉണ്ടായോ?ഉത്പ്പാദാനചെലവ് വർദ്ധിച്ചോ? എങ്കിൽ എന്തുകൊണ്ട് പുതിയ താങ്ങുവില പ്രഖ്യാപനം ഉണ്ടാകുന്നില്ല? ചോദ്യം പ്രസക്തമാണ്... പക്ഷേ ആര് മറുപടി നൽകും?

publive-image

കേന്ദ്ര സർക്കാർ എന്ന് സംസ്ഥാനവും സംസ്ഥാനം എന്ന് കേന്ദ്രവും തട്ടിക്കളിച്ചാൽ കോട്ടം കർഷകന് മാത്രമല്ല രാഷ്ട്രത്തിനാണെന്ന് ആര് പറഞ്ഞുകൊടുക്കും?

അനിയന്ത്രിത ഇറക്കുമതി

അനിയന്ത്രിത റബ്ബർ ഇറക്കുമതി (അതിൽ ലറ്റെക്സും കൊമ്പൗണ്ട് റബ്ബർ എല്ലാം പെടും) നിയന്ത്രിക്കണം. വ്യവസായികളുടെ താത്പ്പര്യം മാത്രമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പരിഗണിക്കുന്നത്. ഇവിടത്തെ കർഷകർ ഉത്പ്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബർ വാങ്ങുന്നതിനും പിന്നെയും ആവശ്യമെങ്കിൽ ആവശ്യമുള്ളിടത്തോളം മാത്രം ഇറക്കുമതി നടത്തുന്നതിനുമുള്ള അനുമതി നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടും.

ടയർ നിർമ്മാതാക്കളുടെ ആവശ്യം പരിഗണിച്ചു ഇറക്കുമതി നടത്തുന്ന ടയറിന് സേഫ് ഗാർഡ് ഡ്യൂട്ടി ചുമത്തിയ കേന്ദ്രസർക്കാർ ഇറക്കുമതി ചെയ്യുന്ന റബ്ബറിനും സേഫ് ഗാർഡ് ഡ്യൂട്ടി(സംരക്ഷണ ചുങ്കം ) ചുമത്ത ണമെന്ന് പല നിവേദനങ്ങൾ നൽകിയെങ്കിലും ചെവിക്കൊണ്ടില്ല. കൂടാതെ അധികമായി ഇറക്കു മതി നടത്തുന്ന റബ്ബറിനും ഡംപിംഗ് ഡ്യൂട്ടി ചുമത്താനും നടപടിയുണ്ടായാൽ റബ്ബറിന്റെഅനിയന്ത്രിത ഇറക്കുമതി നിയന്ത്രിക്കാൻ സാധിക്കും.

കാർബൺ ക്രഡിറ്റ് ഫണ്ട്‌

അന്തരീക്ഷത്തിൽ ക്രമതീതമായി കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിച്ചു വരുന്നത് തടയുന്നതിനു UNO കാർബൺ ഫണ്ട്‌ രൂപീകരിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഈ ഫണ്ട്‌ ഇപ്പോൾ വാങ്ങിച്ചെടുക്കുന്നത് ATREE (Ashoka Trust for Reserch in Ecology and the Environment )യാണ്. 61 റിസേർച് പാർടണർമാരിൽ റബ്ബർ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം ഉണ്ട്.

കർഷകർക്ക് ഒരു ചില്ലിപ്പൈസ പോലും നൽകാതെ റിസേർച്ചിനായി മാത്രം ഈ തുക നീക്കിവച്ചിരിക്കുന്നു. കേരളത്തിൽ 45 ശതമാനവും വൃക്ഷങ്ങൾ കൊണ്ട് നിബിഡമായ ഭൂപ്രദേശമാണ്. ഇതിൽ അധികവും റബ്ബർ തോട്ടങ്ങളാണ്. സർക്കാർ വനം എന്നത് 27ശതമാനം മാത്രം.

ബാക്കിയുള്ള ഭൂപ്രദേശം വനസമാനമാക്കുന്നത് റബ്ബർ തോട്ടങ്ങളാണ്. പരിഥസ്ഥിതി സാരക്ഷണത്തിൽ റബ്ബർ മരങ്ങൾ നിർവഹിക്കുന്ന പങ്ക് കാണാതെ പോകരുത്.ഈ ഫണ്ടിന്റെ ഒരു വിഹിതം റബ്ബർ കൃഷിയിലൂടെ പരിഥസ്ഥിതി പരിപാലിക്കുന്ന റബ്ബർ കർഷകന് അവകാശപ്പെട്ടതാണ്. ഈ ഫണ്ട്‌ റബ്ബർ കർഷകന് ലഭ്യമാക്കിയാൽ കർഷകന് ആശ്വാസമാകും.

വരുമാന നിർണ്ണയ കമ്മിഷൻ

സർക്കാർ ജീവനക്കാർക്ക് കലാകാലങ്ങളിൽ ശബള പരിഷ്ക്കരണ കമ്മിഷൻ എന്ന പോലെ ഒരു കർഷക വരുമാന നിർണ്ണയ കമ്മിഷൻ രൂപീകരിച്ചാൽ കർഷകന്റെ ഉന്നമനത്തിനു അതുതകും.(കർഷകപ്രതിനിധികൾ നിർബന്ധമായും ഈ സമിതിയിൽ ഉണ്ടായിരിക്കണം).


ജനാധിപത്യസംവിധാനത്തിൽ സർക്കാർ എന്നത് ജനങ്ങളുടേതാണ്. ജനങ്ങളുടെ നികുതിപ്പണം ശബളത്തിനായി നീക്കിവയ്ക്കുമ്പോൾ ഏതാണ്ട് 60 ശതമാനം വരുന്ന കർഷകരുടെ വരുമാനത്തേക്കുറിച്ചും ജീവിതനിലവാരത്തേക്കുറിച്ചും ഒരു പഠനം ആവശ്യമല്ലേ?


publive-image

1970ൽ കൃഷിക്കാരുടെ വരുമാനം പ്രതിമാസം 1450രൂപയായിരുന്നു. അന്ന് കലക്ടറുടെ ശംബളം 860രൂപയും MLA യുടെത് 300രൂപയും മന്ത്രിയുടെത് 700രൂപയും ആയിരുന്നു. 50വർഷങ്ങൾക്ക് ശേഷം കർഷക വരുമാനം 20 ഇരട്ടി യായെന്നു കണക്കാക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്ക് 120മുതൽ 180 ഇരട്ടിയും കോളേജ് അധ്യാപകർക്ക് 180ഇരട്ടിയും സ്വകാര്യ കമ്പനികളുടെ എക്സിക്യൂട്ടീവുകൾക്ക് 1000 ഇരട്ടിയും വരുമാന വർദ്ധനവ് ഉണ്ടായി.

ഇന്നത്തെ ഒരു ക്ലാസ്സ്‌ 4 ജീവനക്കാരന്റെ ശംബളത്തേക്കാൾ കുറവാണ് ഒരു കർഷകന്റെ വരുമാനം എന്നത് പഠനങ്ങൾ വ്യക്തമാക്കുന്നു. കർഷകന്റെ കടം പെരുകി പതിന്മടങ്ങു വർധിച്ചു എന്നതും നാം കാണണം. ഭരണ കേന്ദ്രങ്ങൾ ഈ അവസ്ഥക്ക് പരിധിവരെ കാരണമാണ്... ഈ അവസ്ഥ മാറ്റിയെടുക്കാൻ ആത്മാർത്ഥമായ ശ്രമം ഭരണകൂടങ്ങൾ നടത്തണം.


കേന്ദ്ര സർക്കാർ ചെയ്യേണ്ടത്

(1) അനിയന്ത്രിതമായ റബ്ബർ ഇറക്കുമതി നിയന്ത്രിക്കുക. യാതൊരു ഗുണനിലവാരമില്ലാത്ത ക്രബ് റബ്ബർ ഇറക്കുമതി നടത്തുന്നത് പൂർണ്ണമായും തടയണം. ഇറക്കുമതി നടത്തുന്ന തുറമുഖങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം. ഈ പോർട്ടുകളിൽ ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് സംവിധാനം ഉണ്ടാകണം.


(2) ഇറക്കുമതി തീരുവ വർധിപ്പിക്കുക (ഇതിന് വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച കരാറുകളിൽ വ്യവസ്ഥയുണ്ട്.

(3) ഇറക്കുമതി ചെയ്യുന്ന ടയറിനും അസംസ്കൃത റബ്ബറിനും ഏർപ്പെടുത്തിയ സേഫ് ഗാർഡ് ഡ്യൂട്ടി (സംരക്ഷണ ചുങ്കം) റബ്ബറിനും ചുമത്തുക.

(4) കർഷകൻ ഉത്പ്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബർ മുഴുവനും സംഭരിച്ചതിന് ശേഷം മാത്രം ടയർ കമ്പനികളും വ്യവസായികളും റബ്ബർ ഇറക്കുമതി ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുക.

(5) റബ്ബർ ബോർഡിലും മറ്റ് കമ്മറ്റികളിലും രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുന്നതോടൊപ്പം കർഷക പ്രതിനിത്യവും ഉറപ്പാക്കുക.

(6) റബ്ബർ ബോർഡും RPS കൾ വഴി കർഷകരും ചേർന്ന് തുടങ്ങിയ പ്രൊഡ്യൂസർ കമ്പനികൾ എല്ലാം തന്നെ നഷ്ടത്തിലാണ്. റബ്ബർ ബോർഡ്‌ ഉദ്യോഗസ്ഥരാണ് ഇവയിലെല്ലാം മാനേജിങ് ഡയറക്ടർമാർ. നഷ്ടത്തിന്റെ കാരണങ്ങൾ പഠിച്ചു ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുക.

(7) റബ്ബർ ഒരു കാർഷിക വിളയായി പ്രഖാപിക്കുക.


കേരള സർക്കാർ ചെയ്യേണ്ടത്

(1)കേരളത്തിന്റെ നാണ്യ വിളയാണ് റബ്ബർ എന്നത് അംഗീകരിച്ചു ബുദ്ധിപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുക. വിലയുടെ ഏറ്റക്കുറച്ചിലുകൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പരിപോഷിപ്പിക്കാനും തകർക്കാനും ഉതകും എന്നതറിയുക. റബ്ബർ കർഷകർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുക.


(2) ഇടതുമുന്നണി ഇലക്ഷൻ മാനിഫെസ്‌റ്റൊയിൽ വാഗ്ദാനം ചെയ്തിരുന്ന താങ്ങുവില ഒരു കിലോ റബ്ബറിന് 250/രൂപ നൽകും എന്നത് ഉടനടി നടപ്പാക്കുക.

ദേശീയ പ്രസിഡന്റ്, ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഷ് സൊസൈറ്റീസ്‌ (NFRPS).

Advertisment