Advertisment

ഭക്ഷണം പോഷണസമ്പന്നമാക്കല്‍; സൂക്ഷ്മപോഷകങ്ങളുടെ കുറവിന് പരിഹാരം കാണല്‍ - കര്‍ണാടക ഹെല്‍ത്ത് പ്രൊമോഷന്‍ ട്രസ്റ്റ് സംവാദം സംഘടിപ്പിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: ഭക്ഷണത്തില്‍ കുറവുള്ള സൂക്ഷ്മപോഷകങ്ങള്‍ കൂട്ടിചേര്‍ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധര്‍ മാധ്യമങ്ങളുമായി സംവദിച്ചു. കേരള ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇംപ്രൂവ്ഡ് ന്യൂട്രീഷന്റെ (ജിഎഐഎന്‍) പിന്തുണയോടെ കര്‍ണാടക ഹെല്‍ത്ത് പ്രൊമോഷന്‍ ട്രസ്റ്റ് (കെഎച്ച്പിടി) ആണ് പരിപാടി സംഘടിപ്പിച്ചത്.

കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അജയ കുമാര്‍ (ഐഎഎസ്) പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഗർഭിണികളിലും കുട്ടികളിലും പോഷക കുറവ് കൂടുതൽ ആണെന്ന് അദ്ദേഹം പറഞ്ഞു. നിർദിഷ്ട ഭക്ഷണ സമ്പുഷ്ട്ടീകരണ ബിൽ അനുസരിച്ച് 15 കിലോഗ്രാമിന് താഴെയുള്ള പാക്കറ്റുകളിലെ വെളിച്ചെണ്ണയിൽ സൂക്ഷ്മ പോഷണങ്ങൾ നിർബന്ധമായും ചേർത്തിരിക്കണം എന്ന വകുപ്പ് ഉണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം വെളിച്ചെണ്ണ ലൂസ് ആയി വിൽക്കാനും പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ ഉദാഹരണം ആക്കി അദ്ദേഹം പറഞ്ഞു. കെഎച്ച്പിടിയുടെ ഫോര്‍ട്ടിഫിക്കേഷന്‍ ടീം ലീഡ് ഗുരുരാജ് പാട്ടീല്‍ സാങ്കേതിക സെഷനുകള്‍ കൈകാര്യം ചെയ്തു.

മുഖ്യാഹാരമായ അരി, ഗോതമ്പ് മാവ്, പാല്‍, ഭക്ഷ്യ യോഗ്യമായ എണ്ണകള്‍ എന്നിവയില്‍ സൂക്ഷ്മപോഷകങ്ങള്‍ (ഫോളിക് ആസിഡ്, ജീവകം ബി12, ജീവകം ഡി തുടങ്ങിയവ) കൂട്ടിച്ചേര്‍ക്കുന്നതിനെയാണ് ഭക്ഷണം പോഷണസമ്പന്നമാക്കല്‍ (ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍) എന്നത് കൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം കുട്ടികളുടെ ബൗദ്ധിക, പഠന കഴിവുകളും ഉല്‍പാദനക്ഷമതയും കുറയുകയും അനാരോഗ്യം ഉണ്ടാകുകയും മരണനിരക്ക് കൂടുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ സൂക്ഷ്മപോഷക കുറവുള്ള വ്യക്തികള്‍ ഉള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഏകദേശം 70 ശതമാനത്തോളം പേര്‍ക്കും ദിനംപ്രതി ഒരു വ്യക്തി ഭക്ഷിക്കേണ്ട പോഷകങ്ങളുടെ പകുതിയില്‍ കുറവ് പോഷകങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഇന്ത്യാ സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ (എന്‍ഐഎന്‍) കീഴിലുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ മോണിറ്ററിങ് ബ്യൂറോ (എന്‍എന്‍എംബി) സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേകള്‍ അനുസരിച്ച് ഇന്ത്യന്‍ ജനതയില്‍ 62 ശതമാനത്തോളം പേരിലും ജീവകം എയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലേയും 50 മുതല്‍ 94 ശതമാനം വരെയുള്ള ജനങ്ങളില്‍ ജീവകം ഡിയുടെ കുറവുമുണ്ട്.

സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം രാജ്യത്ത് ഓരോ വര്‍ഷവും ജിഡിപിയില്‍ 90,200 കോടി രൂപയ്ക്ക് അടുപ്പിച്ച് നഷ്ടം ഉണ്ടാകുന്നതായി ലോക ബാങ്കിന്റെ ഒരു രേഖയില്‍ (1) പറയുന്നു. അതേസയമം, സൂക്ഷ്മപോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി വര്‍ഷം 4300 കോടി രൂപയില്‍ കുറവ് ചെലവേ വരുന്നുള്ളൂ. പോഷകാംശക്കുറവ് പരിഹരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഭക്ഷണത്തെ പോഷണ സമ്പുഷ്ടമാക്കല്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തുവന്ന ദേശീയ കുടുംബ ആരോഗ്യ സര്‍വേ-5-ല്‍ പോഷണവുമായി ബന്ധപ്പെട്ട സൂചകങ്ങളായ വിളര്‍ച്ച, ജീവകം ഡിയുടെ അളവ് എന്നിവയില്‍ മിക്ക സംസ്ഥാനങ്ങളും മോശം പ്രകടനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ സര്‍വേ നടത്തിയത്. ഗോവ, കേരളം (19.7 ശതമാനത്തില്‍ നിന്നും 23.4 ശതമാനമായി വര്‍ദ്ധിച്ചു), തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് വര്‍ദ്ധിച്ചു. കേരളത്തില്‍ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ശതമാനം 16.1-ല്‍ നിന്നും 19.7 ശതമാനമായി വര്‍ദ്ധിച്ചു. തെലങ്കാനയിലും കുട്ടികളുടെ ഭാരക്കുറവ് 26.6-ല്‍ നിന്നും 28.9 ശതമാനമായി വര്‍ദ്ധിച്ചു.

22 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 13 എണ്ണത്തില്‍ പകുതിയിലധികം കുട്ടികളും സ്ത്രീകളും വിളര്‍ച്ച ബാധിതരാണ്. നാലാമത്തെ സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകുതിയോളം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഗര്‍ഭിണികളിലെ വിളര്‍ച്ച വര്‍ദ്ധിച്ചു.തെലങ്കാന, കര്‍ണാടക, കേരള എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികളിലേയും സ്ത്രീകളിലേയും പുരുഷന്‍മാരിലേയും കണക്കുകള്‍ യഥാര്‍ത്ഥ ചിത്രം നല്‍കും.

തെലങ്കാനയില്‍ വിളര്‍ച്ച ബാധിച്ച കുട്ടികളുടെ എണ്ണം 60.7 ശതമാനത്തില്‍ നിന്നും 70 ശതമാനമായി വര്‍ദ്ധിച്ചു. കര്‍ണാടകയില്‍ 60.9 ശതമാനത്തില്‍ നിന്നും 65.5 ശതമാനമായും കേരളത്തില്‍ 35.7 ശതമാനത്തില്‍ നിന്നും 39.4 ശതമാനമായും വര്‍ദ്ധിച്ചു.

സ്ത്രീകളുടെ കാര്യത്തില്‍ കണക്കുകള്‍ ഇപ്രകാരമാണ്: തെലങ്കാന- 56.6 ശതമാനത്തില്‍ നിന്നും 57.6 ശതമാനമായി, കര്‍ണാടക- 44.8 ശതമാനത്തില്‍ നിന്നും 47.8 ശതമാനമായി, കേരളം- 34.3 ശതമാനത്തില്‍ നിന്നും 36.3 ശതമാനമായി വര്‍ദ്ധിച്ചു.

പുരുഷന്‍മാരുടെ കാര്യത്തില്‍ തെലങ്കാനയില്‍ മാറ്റം ഉണ്ടായില്ലെങ്കിലും കര്‍ണാടകത്തിലും കേരളത്തിലും സൂചകങ്ങള്‍ വഷളായി. കര്‍ണാടകത്തില്‍ 18.2 ശതമാനത്തില്‍ നിന്നും 19.6 ശതമാനമായും കേരളത്തില്‍ 11.7 ശതമാനത്തില്‍ നിന്നും 17.8 ശതമാനമായും വര്‍ദ്ധിച്ചു.

ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായം മുഖ്യമായും ധാന്യങ്ങളെ (അരിയും ഗോതമ്പും) അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവ ആവശ്യംവേണ്ട മാംസ്യമോ ജീവകം എ, ഡി പോലുള്ള സൂക്ഷ്മപോഷകങ്ങളോ നല്‍കുന്നില്ല. ഈ പോഷകങ്ങളുടെ അഭാവം പോഷകാഹാര കുറവിനും രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുകയും ചെയ്യുന്നു.

ഭക്ഷ്യ പദ്ധതികളുടെ ഉപഭോക്താക്കളായവരില്‍ മിക്കവരും മാംസ്യ സമ്പുഷ്ടമായ ആഹാരങ്ങളും സൂക്ഷ്മപോഷകങ്ങള്‍ അടങ്ങിയ ഇലവര്‍ഗങ്ങളും പഴങ്ങളും വാങ്ങാന്‍ കഴിയാത്തവിധം ദരിദ്രരും ആണ്. ഭക്ഷണത്തെ പോഷണസമ്പന്നമാക്കല്‍ ചെലവ് കുറഞ്ഞ ശാസ്ത്രീയ മാര്‍ഗമായി തെളിയിക്കപ്പെട്ടതും വ്യാപകമാക്കാവുന്നതുമാണ്.

ദേശീയ വികസന അജണ്ടയില്‍ പോഷണം ഒരു പ്രധാന മേഖലയാണ് (ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഇത്). ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, പാല്‍ എന്നിവയില്‍ യോജിച്ച സൂക്ഷ്മപോഷകങ്ങള്‍ ചേര്‍ക്കുന്ന ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിലേയും ഭക്ഷണ വ്യാപാരത്തിലേയും നയങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആണ്. അതിനാല്‍ പോഷണസമ്പുഷ്ടമാക്കിയ ഭക്ഷണം പൊതുവിപണിയിലും പൊതുവിതരണ സംവിധാനത്തിലൂടേയും സംയോജിത ശിശു വികസന സേവനങ്ങളിലൂടെയും (ഐസിഡിഎസ്), ഉച്ചഭക്ഷണ പദ്ധതിയിലൂടേയും വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ പക്കലും ലഭ്യമാണ്.

പൊതുവിതരണ സംവിധാനം, സര്‍ക്കാരിന്റെ പദ്ധതികള്‍ കൂടാതെ പൊതുവിപണി എന്നിവയിലൂടെ സൂക്ഷ്മപോഷണങ്ങള്‍ അടങ്ങിയ ഭക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഭക്ഷണം പോഷണസമ്പുഷ്ടമാക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എഫ്എസ്എസ്എഐ നിശ്ചയിച്ച നിലവാരത്തില്‍ ഭക്ഷണ പോഷണസമ്പുഷ്ടമാക്കല്‍ നടക്കുന്നുവെന്നും ഉറപ്പു വരുത്തണം.

ഇന്ത്യയില്‍ ഭക്ഷണ പോഷണസമ്പുഷ്ടീകരണം ഒരു ചട്ടമാക്കാന്‍ സര്‍ക്കാര്‍ അനവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കെ എച്ച് പി ടിയുടെ ഫോര്‍ട്ടിഫിക്കേഷന്‍ ടീം ലീഡ് മിസ്റ്റര്‍ ഗുരുരാജ് പാട്ടീല്‍ പറഞ്ഞു. രാജ്യത്ത് ഭക്ഷ്യ എണ്ണയിലും പാലിലും ഭക്ഷണ പോഷണ സമ്പുഷ്ടീകരണം നിര്‍ബന്ധമാക്കുന്നതിനുള്ള നിര്‍ദ്ദേശം എഫ്എസ്എസ്എഐ മുന്നോട്ടു വച്ചിട്ടുണ്ട്. പോഷണ സമ്പുഷ്ടീകരണം നടത്തിയ ഗുണനിലവാരമുള്ള ഭക്ഷണം സാമൂഹിക സുരക്ഷാ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. ഈ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ജനതയില്‍ കാണപ്പെടുന്ന സൂക്ഷ്മ പോഷണ കുറവിന് പരിഹാരം കാണാന്‍ സാധിക്കും. ജനങ്ങള്‍ക്കിടയില്‍ പോഷണ സമ്പുഷ്ടീകരണം നടത്തിയ ഭക്ഷണത്തിന്റെ ഫലങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിലൂടെ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കും, ഗുരുരാജ് പാട്ടീല്‍ പറഞ്ഞു.

പോഷണസമ്പുഷ്ടമാക്കിയ ഭക്ഷണ പായ്ക്കറ്റുകളുടെ മുകളില്‍ നീല നിറത്തില്‍ +എഫ് എന്ന് എഴുതിയ ലോഗോ ഉണ്ടാകും. ഇത്തരത്തിലെ പാക്കറ്റുകളില്‍ കൂടുതലായി ചേര്‍ത്തിട്ടുള്ള സൂക്ഷ്മപോഷണങ്ങള്‍ ഏതെന്നും അവയുടെ അളവും എഫ്എസ്എസ്എഐ നിര്‍ദ്ദേശിച്ചിട്ടുള്ളത് പോലെ രേഖപ്പെടുത്തണം. പോഷണസമ്പുഷ്ടമാക്കിയിട്ടില്ലാത്ത ഉല്‍പന്നങ്ങള്‍ ഈ ലോഗോ ഉപയോഗിക്കാന്‍ പാടില്ല.

(1) ഉറവിടം: http://documents1.worldbank.org/curated/en/967781468259766011/pdf/699830BRI00PUB00023B0IndiaNutrition.pdf

കെഎച്ച്പിടിയെ കുറിച്ച്:

ഇന്ത്യയിലെ സമൂഹങ്ങള്‍ക്കിടയില്‍ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങള്‍ (കെഎച്ച്പിടി). കര്‍ണാടകയിലെ എച്ച്ഐവിയുടെ സാന്നിദ്ധ്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2003-ല്‍ ആണ് കെഎച്ച്പിടി സ്ഥാപിതമായത്. ഈ പദ്ധതിയുടെ വിജയം ദേശീയ, ആഗോള തലങ്ങളില്‍ വളര്‍ത്താവുന്ന മാതൃകയായി കെഎച്ച്പിടിയെ മാറ്റി. നൂനതമായ സമീപനങ്ങള്‍ക്കുള്ള പഠന സ്ഥലമാണ് കെഎച്ച്പിടി.

ഭക്ഷണ പോഷണസമ്പുഷ്ടമാക്കുന്നതിലൂടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സൂക്ഷ്മപോഷണ ദൗര്‍ലഭ്യ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനായി ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇംപ്രൂവ്ഡ് ന്യൂട്രീഷ്യന്‍ (ജിഎഐഎന്‍) ഞങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു. സര്‍ക്കാരുകളുമായുള്ള ഇടപെടലിലൂടെയും ഭക്ഷ്യ വ്യവസായങ്ങള്‍, അക്കാദമിക വിദഗ്ദ്ധര്‍, പരീക്ഷണശാലകള്‍ എന്നിവയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെയും കെഎച്ച്പിടി സൂക്ഷ്മപോഷണ ദൗര്‍ലഭ്യം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. പോഷകാഹാര പദ്ധതികള്‍ അടക്കമുള്ള അനവധി പൊതു ജനാരോഗ്യ ഇടപെടലുകള്‍ വിജയകരമായി നടപ്പിലാക്കിയ കെഎച്ച്പിടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നയരൂപകര്‍ത്താക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുണ്ട്.

 

trivandrum news
Advertisment