Advertisment

കെ സുരേന്ദ്രന്റെ നില പരുങ്ങലില്‍; ബിജെപി അധ്യക്ഷ സ്ഥാനം തെറിച്ചേക്കും ! സുരേന്ദ്രനെ ഒരു പദവിയിലേക്കും പരിഗണിക്കാനിടയില്ല. സുരേന്ദ്രനെ പിന്തുണയ്ക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് മറുവിഭാഗം. കൃഷ്ണദാസ് പക്ഷത്തിന്റെ മൗനം സുരേന്ദ്രനെ പ്രതിരോധത്തിലാക്കാന്‍. അടിയന്തരമായി നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് 105 മണ്ഡലം കമ്മറ്റികള്‍ ! പാര്‍ട്ടിയില്‍ ഉടന്‍ രാഷ്ട്രീയ ഓഡിറ്റിങ് വേണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. കൊടകര കുഴല്‍പ്പണ വിവാദം ന്യായീകരിക്കാന്‍ പാര്‍ട്ടിയില്‍ പുതിയ ചാനല്‍ പാനല്‍ രൂപീകരിച്ചേക്കും !

New Update

കൊച്ചി: തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും പിന്നാലെ ഉയര്‍ന്ന കുഴല്‍പ്പണ വിവാദവും സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ബിജെപി കോര്‍ കമ്മറ്റി ഇന്നു യോഗം ചേരും. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. നിലവില്‍ കൊടകര കുഴല്‍പ്പണ വിവാദത്തില്‍ ആരോപണവിധേയനായ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയരാനാണ് സാധ്യത.

Advertisment

publive-image

നേരത്തെ നിയമസഭയില്‍ ഉണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി കടുത്ത തിരിച്ചടിയാണ് നേരിട്ടത്. അതിനിടെയാണ് പാര്‍ട്ടിയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കുഴല്‍പ്പണക്കേസും ഉണ്ടായത്. വിഷയത്തില്‍ പ്രതിസ്ഥാനത്ത് വന്നതാകട്ടെ സംസ്ഥാന പ്രസിഡന്റുമാണ്.

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാല്‍ പുതിയ സ്ഥാനങ്ങളൊന്നും അദ്ദേഹത്തിന് നല്‍കാനിടയില്ല. നേരത്ത അധ്യക്ഷന്‍മാരെ മാറ്റി ഗവര്‍ണറാക്കുന്ന പതിവ് സുരേന്ദ്രന്റെ കാര്യത്തില്‍ തുടരാനിടയില്ലെന്നാണ് സൂചന.

നിലവിലെ വിവാദത്തില്‍ സുരേന്ദ്രനെ പിന്തുണച്ച് രംഗത്ത് വന്നത് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന വിഭാഗം മാത്രമാണ്. മറുഭാഗത്തുള്ള പികെ കൃഷ്ണദാസും എംടി രമേശും എഎന്‍ രാധാകൃഷ്ണനും മൗനത്തിലാണ്. ഇവര്‍ സുരേന്ദ്രന്‍ പാര്‍ട്ടിയെ നാണംകെടുത്തിയെന്ന വിലയിരുത്തലിലാണ്.

നേതൃമാറ്റം വേണമെന്ന നിലപാട് ഇവര്‍ക്കുണ്ടെന്നാണ് സൂചന. അതിനിടെ 105 മണ്ഡലങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.പികെ കൃഷ്ണദാസ് വിഭാഗമാണ് ഇതിനു പിന്നിലെന്നാണ് സൂചന.

സുരേന്ദ്രനോട് അനുഭാവമുള്ള ഒരു നിലപാടും വേണ്ടെന്നാണ് അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തിന്റെ വികാരം. സുരേന്ദ്രന്‍ പ്രസിഡന്റായ ശേഷം തങ്ങളെ അവഗണിച്ചാണ് പ്രവര്‍ത്തിതെന്നും ഇവര്‍ പറയുന്നു. സുരേന്ദ്രനെ മാറ്റുന്നതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കുഴല്‍പ്പണ വിവാദത്തില്‍ കടുത്ത അസംതൃപ്തിയിലാണ് ദേശീയ നേതൃത്വം. പണം നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള കാര്യങ്ങള്‍ ചെയ്ത രീതി പിഴച്ചതാണെന്ന വിലയിരുത്തലിലാണ് നേതൃത്വം. പോലീസ് കേസ് നല്‍കുന്നതിന് മുമ്പ് വേണ്ടത്ര കൂടിയാലോചനകള്‍ നടന്നില്ലെന്നും അവര്‍ക്ക് പരാതിയുണ്ട്.

പാര്‍ട്ടിയില്‍ ഉടന്‍ രാഷ്ട്രീയ ഓഡിറ്റിങ് നടത്തണമെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വം മുമ്പോട്ടു വച്ചിട്ടുണ്ട്. ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വം ഇന്നു നിര്‍ദേശം നല്‍കും.

black money case
Advertisment