Advertisment

ബിനീഷും ബിനോയിയും എന്നും വിവാദങ്ങളുടെ ഇഷ്ടതോഴർ! തട്ടിപ്പിനും വെട്ടിപ്പിനും പിന്നാലെ ബിനീഷ് കുടുങ്ങുന്നത് മയക്കുമരുന്ന് മാഫിയാ ബന്ധത്തിൽ ! സ്വപ്നയെ രക്ഷപെടാൻ ശ്രമിച്ചെന്ന ആരോപണവും ഗൗരവം. പാർട്ടി സെക്രട്ടറിയുടെ മകൻ ഇത്തവണ കുടുങ്ങുമോ ? നിരന്തരം മക്കൾ മൂലം പാർട്ടി പ്രതിസന്ധിയിലാകുന്നതോടെ വലയുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണൻ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണ ശരങ്ങളേറ്റ സർക്കാരിനെയും സിപിഎമ്മിനേയും ഏറെ കുരുക്കിലേക്ക് നയിക്കുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിനെതിരായ പുതിയ ആരോപണം.

ബംഗളുരുവിൽ അറസ്റ്റിലായ മയക്കുമരുന്നു കേസിലെ പ്രതിയുമായി ബിനീഷിൻ്റെ ബന്ധവും അതു സ്വപ്ന സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാൻ സഹായിച്ചെന്നുമാണ് ആക്ഷേപം.

നേരത്തെ ഒളിവിലിരുന്ന് സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ടും ബിനീഷിനെതിരെ ആരോപണമുയർന്നിരുന്നു.

സ്വപ്ന അറസ്റ്റിലായ ജൂലൈ 10 ന് മയക്കുമരുന്നു കേസിലെ മുഖ്യപ്രതി അനൂപിനെ ബിനീഷ് വിളിച്ചുവെന്നാണ് അനുപിൻ്റെ മൊഴി.

അനൂപുമായി ബന്ധമുണ്ടെന്നും ഹോട്ടൽ തുടങ്ങാൻ പണം വാങ്ങിയിരുന്നുവെന്നും ബിനീഷും സമ്മതിക്കുന്നു.

എന്നാൽ ജൂലൈ പത്തിന് വിളിച്ചില്ലെന്നും ബിനീഷ് പറയുന്നു. വിവാദം കൂടുതൽ തലത്തിലേക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.

publive-image

എൽഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് എന്നും വിവാദ നായകരായിരുന്നു കോടിയേരി ബാലകൃഷ്ണൻ്റെ രണ്ടു മക്കളും.

വിവാദങ്ങൾ ഉയരുമ്പോൾ മക്കൾ പാർട്ടി അംഗങ്ങളല്ലെന്നും മക്കൾ ചെയ്യുന്ന പ്രവർത്തിക്ക് മാതാപിതാക്കളല്ലെന്ന പതിവു ന്യായീകരണവും ഉയരാറുണ്ട്.

പക്ഷേ ഇപ്പോഴുണ്ടായ ആരോപണം കൂടുതൽ ഗൗരവമേറിയതാണെന്നാണ് പാർട്ടിയേയും സമ്മർദത്തിലാക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആണ്‍മക്കളില്‍ ഇളയവനായ ബിനീഷ് കോടിയേരി മലയാളിക്ക് അപരിചിതനല്ല.

നേതൃത്വത്തിലൊന്നും ഇല്ലെങ്കിലും നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു ബിനീഷ്. ആരോപണങ്ങള്‍ കൂടാതെ ബിനീഷിനെതിരെ നിരവധി കേസുകളടക്കം ഉണ്ടായിരുന്നു.

ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള ബന്ധങ്ങളുടെ പേരിലും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകന്റെ പേരിലുളള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി ആക്ഷേപമുയർന്നിരുന്നു.

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി വിവാദ നായകന്‍ ആകുന്നത്.

ദുബായിലെ ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. കോടികള്‍ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം.

പത്ത് കോടിയിലേറെ രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. ബിനോയ് പകരം നല്‍കിയ ചെക്കുകള്‍ മടങ്ങിയിരുന്നു. മാത്രമല്ല ബിനോയ് ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു.

പണം തിരികെ കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സൂഖി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. കോടിയേരിയും സിപിഎമ്മും ഒരുപോലെ വെട്ടിലായി.

പിന്നീട് വളരെ പെട്ടെന്ന് തന്നെ ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതാണ് കേരളം കണ്ടത്. പ്രമുഖനായ പ്രവാസി വ്യവസായിയാണ് പണം നല്‍കി കോടിയേരിയുടെ മകനെ സഹായിച്ചതെന്നാണ് വിവരം.

അതിനു ശേഷം പിന്നീട് ബിനോയിയെ കുറിച്ച് അധികം വാർത്തകൾ വന്നിരുന്നില്ല. അതിനു ശേഷമാണ് ബിഹാറിലെ ഒരു യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി ഉയരുന്നതും വിവാദമാകുന്നതും. അതിൽ ഡിഎൻഎ ടെസ്റ്റ് അടക്കം കഴിഞ്ഞ് ഇരിക്കുകയാണ്.

ഈ വിവാദങ്ങളൊക്കെ കഴിഞ്ഞെന്നു പാർട്ടിയും കോടിയേരിയും ആശ്വസിച്ചിരിക്കുമ്പോഴാണ് ഈ പുതിയ വിവാദം.

മയക്കുമരുന്ന് ലോബിക്കായി ഹോട്ടൽ വിട്ടുകൊടുക്കുകയും അതിലുപരി രാജ്യദ്രോഹകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതും ചില്ലറ തലവേദനയല്ല സിപിഎമ്മിന് ഉണ്ടാക്കിയിരിക്കുന്നത്.

എല്ലാ വിവാദവും ഉയരുമ്പോൾ പാര്‍ട്ടി ഇടപെടില്ല എന്നാണ് നേതൃത്വം പറയുന്നത്. പക്ഷേ എല്ലാം ഒത്തുതീർക്കുന്നത് പാർട്ടി തന്നെയാണ്.

അതു കൊണ്ടു തന്നെ ഇക്കുറിയും പാർട്ടിയും പ്രതിക്കൂട്ടിൽ തന്നെ. നിരന്തരമായി മക്കള്‍ മൂലം പാര്‍ട്ടി പ്രതിരോധത്തിലാകുന്നത് സിപിഎമ്മിനകത്ത് കോടിയേരിക്ക് തിരിച്ചടിയാവുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

kodiyeri balakrishnan
Advertisment