Advertisment

കൊവിഡില്ലെന്ന് വ്യാജ പരിശോധനാഫലം നല്‍കി; ബാങ്ക് മാനേജര്‍ മരിച്ചു; മൂന്നു പേര്‍ പിടിയില്‍; വ്യാജപരിശോധനാഫലം നല്‍കുന്ന വന്‍സംഘമുണ്ടെന്ന് പൊലീസ്‌

New Update

publive-image

Advertisment

കൊല്‍ക്കത്ത: രാജ്യം കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനിടെ കൊവിഡ് പരിശോധനാഫലത്തിന്റെ പേരിലും വന്‍ തട്ടിപ്പ് നടക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കൊവിഡ് ബാധിതനായിരുന്ന ബാങ്ക് മാനേജര്‍ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന വ്യാജപരിശോധനാഫലം നല്‍കിയ ലാബ് ഉടമയും രണ്ട് ജീവനക്കാരും പിടിയിലായി. ബാങ്ക് മാനേജര്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയിലാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്.

വ്യാഴാഴ്ച വൈകിട്ടാണ് 57കാരനായ ബാങ്ക് മാനേജര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന ബാങ്ക് മാനേജരെ കുടുംബഡോക്ടറാണ് ഒരു ലാബിലേക്ക് അയച്ചത്. എന്നാല്‍ അവശനായിരുന്നതിനാല്‍ ബാങ്ക് മാനേജര്‍ക്ക് ലാബിലേക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഒരാളെ ലാബ് ഉടമ മാനേജരുടെ സ്രവം എടുക്കാനായി പറഞ്ഞയച്ചു. പിറ്റേന്ന് തന്നെ (ജൂലൈ 26) ബാങ്ക് മാനേജര്‍ കൊവിഡ് നെഗറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു. പരിശോധനാഫലത്തിന്റെ ഒരു ഫോമും അയച്ചുകൊടുത്തു.

എന്നാല്‍ അധികം വൈകാതെ ബാങ്ക് മാനേജരുടെ നില വഷളാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം കൊവിഡ് ബാധിതനായിരുന്നുവെന്ന് കുടുംബം തിരിച്ചറിയുന്നത്.

പിന്നീട് കുടുംബം നല്‍കിയ പരാതിയിലാണ് ലാബ് ജീവനക്കാര്‍ പരിശോധനാഫലം വ്യാജമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായത്. ഫോം നിര്‍മ്മിച്ചതും വ്യാജമായിട്ടായിരുന്നു. സ്രവം ശേഖരിക്കുമ്പോള്‍ പൂരിപ്പിക്കേണ്ട ഐസിഎംആറിന്റെ ഫോമും ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നു. മാത്രമല്ല, സാമ്പിള്‍ ശേഖരിക്കുന്നതിനായി രണ്ടായിരം രൂപ വാങ്ങുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലാബ് ജീവനക്കാരെയും ഉടമയെയും അറസ്റ്റു ചെയ്യുകയായിരുന്നു. ലാബ് ഉടമയായ അനിത് പൈറ, ജീവനക്കാരായ ഇന്ദ്രജിത്ത് സിക്ദര്‍, ബിശ്വജിത് സിക്ദര്‍ എന്നിവരാണ് പിടിയിലായത്. ജീവനക്കാര്‍ സഹോദരങ്ങളാണ്. ഈ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

Advertisment