Advertisment

ലോക്ഡൗണിന്റെ ഭാഗമല്ല, കാലങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് ഈ മനുഷ്യന്റെ ഏകാന്തവാസം, അതും നിവർന്നു നിൽക്കാൻ ഇടമില്ലാത്ത പാറയിടുക്കിലെ ഗുഹയ്ക്കുള്ളിൽ..!

New Update

പുത്തൂർ : ലോക്ഡൗണിന്റെ ഭാഗമല്ല, കാലങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് ഈ മനുഷ്യന്റെ ഏകാന്തവാസം, അതും നിവർന്നു നിൽക്കാൻ ഇടമില്ലാത്ത പാറയിടുക്കിലെ ഗുഹയ്ക്കുള്ളിൽ. ഇതു കുളക്കട പഞ്ചായത്തിലെ പെരുങ്കുളം ഊന്നുംകല്ലിൽ പാറവിള വീട്ടിൽ ബേബി (65). പാറവിള കുടുംബപ്പേരാണ്.

Advertisment

publive-image

ബേബിയുടെ വാസസ്ഥലത്തിനു പ്രത്യേകം പേരില്ല, കാൽ നൂറ്റാണ്ടിലേറെയായി കുടുംബവീടിനു സമീപത്തെ പാറക്കെട്ടാണു വീട്. ഊണും ഉറക്കവും പാചകവും എല്ലാം ഇതിനകത്തു തന്നെ.

ബീഡി തെറുത്തു വിറ്റായിരുന്നു ഉപജീവനം. ഇപ്പോൾ തെറുപ്പു സാധനങ്ങൾ കിട്ടാനില്ലാത്തതിനാൽ അതു നിലച്ചു. സമീപത്ത് ബന്ധുക്കൾ ഉണ്ടെങ്കിലും ആരെയും ആശ്രയിക്കാറില്ല. പൈപ്പ് വെള്ളം ശേഖരിച്ചാണ് പാചകം. കഴിച്ചോ ഇല്ലയോ എന്നു പോലും ആരും അറിയില്ല. സമീപവാസികൾ ഭക്ഷണം നൽകാൻ തയാറാണെങ്കിലും സ്വീകരിക്കാറില്ല.

ലോക്ഡൗൺ ആയതിനാൽ പഞ്ചായത്തിൽ നിന്ന് ഭക്ഷണം നൽകുന്നതാണ് ഇപ്പോഴത്തെ ആശ്വാസം. ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും വർഷങ്ങളായി അവരുമായി അകന്നു കഴിയുകയാണ്. റേഷൻകാർഡോ ആധാറോ വോട്ടർ ഐഡി കാർഡോ ഇല്ല.

സ്വന്തമായി തുണ്ടുഭൂമിയുണ്ട്. ഇതിൽ വീടു വയ്ക്കാൻ സൗകര്യവുമുണ്ട്. പക്ഷേ അതിനായി ആരെയും സമീപിച്ചിട്ടില്ല. റേഷൻകാർഡ് എങ്കിലും സ്വന്തമായി ഉണ്ടെങ്കിൽ പഞ്ചായത്തിൽ നിന്നു വീടു നൽകാമെന്ന് പ്രസിഡന്റ് ജി.സരസ്വതിയും വാർഡംഗം എസ്.ഗീതാദേവിയും പറയുന്നു. അതിനും മൗനമാണ് ബേബിയുടെ മറുപടി.

Advertisment